E20 പെട്രോൾ കാരണം മൈലേജ് ഇത്രയും കുറഞ്ഞേക്കാം; എന്നാൽ നേട്ടങ്ങൾ വലുതെന്ന് കേന്ദ്ര സർക്കാർ

Published : Jul 12, 2026, 03:17 PM IST
ethanol blended petrol e20 petrol, E20, E20 Petrol, E20 Petrol Mileage, E20 Petrol Price, E20 Petrol Central Government

Synopsis

E20 പെട്രോൾ വാഹനങ്ങളുടെ മൈലേജിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറവുണ്ടായേക്കാമെന്ന് കേന്ദ്ര സർക്കാർ സമ്മതിക്കുന്നു. എന്നാൽ കുറഞ്ഞ കാർബൺ പുറന്തള്ളൽ ഉൾപ്പെടെ പാരിസ്ഥിതിക നേട്ടങ്ങൾ ഇതിനുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു. കർഷകർക്ക് ന്യായവില നൽകുന്നതിനാലാണ് നിലവിൽ വില കുറയാത്തതെന്നും ആഗോള എണ്ണവില ഉയർന്നാൽ E20 ലാഭകരമാകുമെന്നും മന്ത്രാലയം

രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. 20 ശതമാനം എത്തനോൾ കലർത്തിയ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില വാഹനങ്ങളുടെ മൈലേജിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറവ് ഉണ്ടായേക്കാമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, അതുകൊണ്ട് മാത്രം E20 ഇന്ധനത്തെ വിലയിരുത്തരുതെന്നും പരിസ്ഥിതിക്കും വാഹനത്തിന്റെ പ്രകടനത്തിനും ഇത് നൽകുന്ന നേട്ടങ്ങൾ ഏറെ വലുതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

വില കുറയാത്തതിന് കാരണം

എന്തുകൊണ്ട് E20 പെട്രോൾ വില കുറഞ്ഞില്ലെന്ന ചോദ്യത്തിനും സർക്കാർ വിശദീകരണം നൽകി. രാജ്യത്തെ കർഷകരിൽ നിന്ന് എത്തനോൾ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഉദാഹരണമായി, ചോളത്തിൽ നിന്ന് നിർമ്മിക്കുന്ന എത്തനോൾ ലിറ്ററിന് 71.86 രൂപ നിരക്കിലാണ് സർക്കാർ വാങ്ങുന്നത്. ഇതിന് പുറമെ ഗതാഗതം, സംഭരണം, നികുതി തുടങ്ങിയ ചെലവുകളും ഉൾപ്പെടുന്നതിനാൽ E20 ഇന്ധനം നിലവിൽ സാധാരണ പെട്രോളിനേക്കാൾ വിലകുറഞ്ഞതാകുന്നില്ല.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ അസംസ്‍കൃത എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ E20യുടെ യഥാർഥ സാമ്പത്തിക നേട്ടം കൂടുതൽ വ്യക്തമായി അനുഭവിക്കാനാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 മുതൽ 130 ഡോളർ വരെ ഉയർന്നാൽ E20 ഇന്ധനം കൂടുതൽ ലാഭകരമാകുമെന്നും ഇന്ത്യയുടെ ഇന്ധനവിലയെ ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനും ഇതിന് കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മൈലേജിൽ ചെറിയ കുറവുണ്ടാകുമെങ്കിലും E20 പെട്രോളിന് ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉള്ളതിനാൽ എഞ്ചിൻ നോക്കിങ് കുറയുകയും എഞ്ചിൻ കൂടുതൽ വൃത്തിയായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് സർക്കാർ പറയുന്നു. ഇതിലൂടെ വാഹനത്തിന്റെ പിക്കപ്പും ഡ്രൈവിംഗ് അനുഭവവും മെച്ചപ്പെടുമെന്നും കാർബൺ പുറന്തള്ളൽ ഏകദേശം 40 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നുമാണ് വിശദീകരണം.

E20 നടപ്പാക്കൽ തിടുക്കത്തിൽ എടുത്ത തീരുമാനം അല്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു. 2001-ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് ഘട്ടംഘട്ടമായി വികസിപ്പിച്ചാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. വാഹന നിർമാതാക്കൾ, എണ്ണക്കമ്പനികൾ, പരിശോധനാ ഏജൻസികൾ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുമായി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് E20 ഇന്ധനം രാജ്യത്ത് വ്യാപകമായി അവതരിപ്പിച്ചതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇതാ ഈ മാസം വില കുറച്ച കാറുകൾ; 3.5 ലക്ഷം രൂപ വരെ ലാഭിക്കാം