
വോൾവോ ഗ്രൂപ്പിന്റെയും ഐഷർ മോട്ടോഴ്‌സിന്റെയും സംയുക്ത സംരംഭമായ വിഇ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (VECV), അടുത്തിടെ കേന്ദ്രസർക്കാർ പരിഷ്‍കരിച്ച ചരക്ക് സേവന നികുതി (GST) നിരക്കുകളുടെ ആനുകൂല്യങ്ങൾ പൂർണ്ണമായും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. വാണിജ്യ വാഹനങ്ങളുടെ ജിഎസ്‍ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതിനാൽ, ഐഷറിന്റെ ആധുനിക ശ്രേണിയിലുള്ള ട്രക്കുകളുടെയും ബസുകളുടെയും വില ഇപ്പോൾ കാര്യമായി കുറയും. മോഡലിനെ ആശ്രയിച്ച്, പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ആറ് ലക്ഷം രൂപ വരെ ലാഭിക്കാം. 2025 സെപ്റ്റംബർ 22 മുതൽ നടത്തുന്ന എല്ലാ വാങ്ങലുകൾക്കും പുതുക്കിയ വിലകൾ ബാധകമാണ്.
വിഇ കൊമേഴ്‌സ്യൽ വെഹിക്കിൾസ് ശ്രേണിയിലെ ലൈറ്റ്, മീഡിയം ഡ്യൂട്ടി (LMD) ട്രക്കുകൾക്ക് ഒരുലക്ഷം മുതൽ രമ്ട് ലക്ഷം വരെയും, ഹെവി ഡ്യൂട്ടി (HD) ട്രക്കുകൾക്ക് ഒന്നരലക്ഷം മുതൽ ആറ് ലക്ഷം വരെയും, ബസുകൾക്ക് 1.1 മുതൽ 3.4 ലക്ഷം വരെയും വില കുറയും. ഇലക്ട്രിക് ട്രക്കുകൾക്കും ബസുകൾക്കും വെറും അഞ്ച് ശതമാനം എന്ന കുറഞ്ഞ ജിഎസ്ടി നിരക്കാണ് ഇപ്പോഴും. വാണിജ്യ വാഹന മേഖലയ്ക്ക് നിർണായകമായ സമയത്ത് വരുന്ന ഒരു നാഴികക്കല്ല് പരിഷ്കരണം എന്നാണ് സർക്കാരിന്റെ തീരുമാനത്തെ വിശേഷിപ്പിച്ചുകൊണ്ട് വിഇസിവിയുടെ എംഡിയും സിഇഒയുമായ വിനോദ് അഗർവാൾ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ഈ ജിഎസ്ടി കുറവ് ചെലവ് കുറയ്ക്കുമെന്നും പിഎം ഗതി ശക്തി പരിപാടിക്ക് അനുസൃതമായി ലോജിസ്റ്റിക്സ് കാര്യക്ഷമതയെ പിന്തുണയ്ക്കുമെന്നും ശക്തമായ ഉപഭോക്തൃ വികാരത്തിലൂടെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരക്ക് ഓപ്പറേറ്റർമാരുടെ ചെലവ് സമ്മർദ്ദം ലഘൂകരിക്കാനും, ലോജിസ്റ്റിക്സിലെ ആവശ്യകത വർദ്ധിപ്പിക്കാനും, സംസ്ഥാന, സ്വകാര്യ ഓപ്പറേറ്റർമാരുടെ ബസ് ഫ്ലീറ്റ് നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും നികുതി കുറയ്ക്കൽ സഹായിക്കുമെന്ന് വ്യവസായ നിരീക്ഷകർ കരുതുന്നു . സുരക്ഷിതവും ഇന്ധനക്ഷമതയുള്ളതുമായ വാഹനങ്ങൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റാനും, പുതുതലമുറ വാണിജ്യ വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്താനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിഎസ്ടി കൗൺസിലിന്റെ പരിഷ്കരണം അഥവാ 'ജിഎസ്ടി 2.0' വാണിജ്യ വാഹനങ്ങൾക്കും അനുബന്ധ വ്യവസായങ്ങൾക്കുമുള്ള നികുതി ഘടന ലളിതമാക്കി. ട്രക്കുകൾ, ബസുകൾ, സെമി ട്രെയിലറുകൾ, റോഡ് ട്രാക്ടറുകൾ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. 1800 സിസിയിൽ താഴെയുള്ള ട്രാക്ടറുകൾക്ക് ഇപ്പോൾ വെറും 5 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കുന്നുള്ളൂ, അതേസമയം ട്രാക്ടർ പാർട്‌സുകൾക്കും 5 ശതമാനം നികുതി ചുമത്തുന്നു. കാറുകളുടെയും ബൈക്കുകളുടെയും പാർട്‍സുകളുടെ നികുതിയും 18 ശതമാനമായി കുറഞ്ഞു.