എലൈറ്റ് i20 യുടെ ബിഎസ്6 എത്തി

Web Desk   | Asianet News
Published : Feb 23, 2020, 08:41 PM IST
എലൈറ്റ് i20 യുടെ ബിഎസ്6 എത്തി

Synopsis

ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 യുടെ ബിഎസ്6 പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി. 

ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 യുടെ ബിഎസ്6 പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി. എഞ്ചിൻ പരിഷ്ക്കരണത്തിനു പുറമെ എലൈറ്റ് i20 യിൽ കാര്യമായ ഒരു മാറ്റവും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല. മൂന്നാംതലമുറ i20 ഉടൻ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെങ്കിലും ഇന്ത്യയിലെത്താൻ താമസിക്കും. അതിനാലാണ് നിലവിലെ മോഡലിനെ പുതിയ മലിനീകരണ മാനദണ്ഡത്തിലേക്ക് പരിഷ്ക്കരികരിച്ച് ഹ്യൂണ്ടായ് വിപണിയിലെത്തിച്ചിരിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിംഗ് ഈ മാസം തുടക്കത്തിൽ തന്നെ ഹ്യൂണ്ടായ് ആരംഭിച്ചിരുന്നു. 

ഗ്രാൻഡ് i10 നിയോസിൽ 83 bhp, 114 Nm torque എന്നിവ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ ബിഎസ്-VI എഞ്ചിൻ യൂണിറ്റാണ് i20യുടെയും ഹൃദയം. എലൈറ്റിൽ വ്യത്യസ്ത ട്യൂണിലായിരിക്കും എഞ്ചിൻ വാഗ്ദാനം ചെയ്യുക. കാറിന്റെ പവർ കണക്കുകളെക്കുറിച്ചും ഇന്ധനക്ഷമതയെക്കുറിച്ചുമുള്ള കാര്യങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല പെട്രോൾ എഞ്ചിനിൽ മാത്രമാകും ഇനി മുതൽ എലൈറ്റ് i20 ലഭ്യമാവുക. 

വാഹനത്തിന്റെ മോഡലുകളിൽ അടിസ്ഥാന എറ, പെട്രോൾ-സിവിടി സ്‌പോർട്‌സ് പ്ലസ്, അസ്ത (O) തുടങ്ങിയവയെ ലൈനപ്പിൽ നിന്ന് ഒഴിവാക്കി. ഉപകരണങ്ങളുടെ കാര്യത്തിൽ ഹ്യുണ്ടായി ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എൻ‌ട്രി ലെവൽ ബി‌എസ്-VI മോഡലിന് നിലവിലെ ബി‌എസ്-IV കാറിനേക്കാൾ മികച്ച സജ്ജീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎസ്6 എലൈറ്റ് i20 മോഡലിന് 6.49 ലക്ഷം മുതൽ 8.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മാരുതി ബലേനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ എന്നീ മോഡലുകളോടാണ് വിപണിയില്‍ മത്സരിക്കുന്നത്. 

അതേസമയം മൂന്നാംതലമുറ ഐ20യെ ഏപ്രിലില്‍ നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. 

സ്പോർട്ടി ലുക്കാണ് പുതിയ ഐ 20ന്. സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടായ് പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്കാകും പുതിയ ഐ 20. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് ഐ20-യുടെ മൂന്നാം വരവ്. ഹ്യുണ്ടായി വിദേശത്ത് ഇറക്കിയിട്ടുള്ള ഐ30-യുമായി നേരിയ സാമ്യം ഈ വാഹനത്തിനുണ്ട്.

സ്‌പോട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ആംഗുലര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നീ ഫീച്ചറുകളാണ് മൂന്നാം തലമുറ ഐ20-ക്ക് അഗ്രസീവ് ലൂക്ക് നല്‍കുന്നത്. ഗ്രില്ല് എന്ന ഭാഗം പൂര്‍ണമായും നീക്കി വലിയഎയര്‍ഡാം നല്‍കിയത് മുന്‍വശത്തിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കുന്നു. രാജ്യന്തര വിപണിയിൽ നിലവിലുള്ള ഐ20യെക്കാൾ 5 എംഎം നീളവും 16 എംഎം വീതിയും കൂടുതലും 12 എംഎം ഉയരം കുറവുമാണ് പുതിയ കാറിന്. എന്നാൽ ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ഐ20 എലൈറ്റിനെപ്പോലെ തന്നെ 4 മീറ്ററിൽ താഴെ നീളം ഒതുക്കിയേക്കും. 

മൂന്നാം തലമുറ ഐ20-യില്‍ കൂടുതല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഒരുങ്ങുന്നുവെന്നതാണ്‌ മറ്റൊരു പ്രത്യേകത. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഐ 20 പുറത്തിറങ്ങും. 48 വാട്ട് കരുത്തുള്ള മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തോടു കൂടിയ 1.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ, 1.2 ലീറ്റർ പെട്രോൾ എൻജിൻ എന്നിവ കൂടാതെ 1.5 ലീറ്റർ ഡീസൽ എൻജിനും പുതിയ കാറിൽ പ്രതീക്ഷിക്കാം. സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള വാഹനങ്ങളിലൊന്നാകും പുതിയ ഐ20. 

സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ഇന്റീരിയറിലെ ഏറ്റവും വലിയ പ്രത്യേകത.  കൂടാതെ സ്പോർട്ടിയറായ മൂന്നു സ്പോക്ക് സ്റ്റിയറിങ് വീലും ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്ററുകളുമുണ്ടാകും. ഇന്റീരിയറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മികച്ച സീറ്റുകളും സ്റ്റൈലിഷ് ഫീച്ചറുകളും പുതിയ വാഹനത്തിലുണ്ടാകും.

PREV
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ