വിടില്ലെന്ന് ഇന്നോവയോട് മാരുതി, മോഹവിലയില്‍ പുതിയൊരു എര്‍ടിഗ കൂടി!

By Web TeamFirst Published Jun 2, 2019, 4:34 PM IST
Highlights

മികച്ച വില്‍പ്പന നേടി മുന്നേറുന്ന എര്‍ടിഗയുടെ പുതിയ  ടൂര്‍ എം മോഡല്‍ കൂടി പുറത്തിറക്കി മാരുതി 

മള്‍ട്ടി പര്‍പ്പസ് വാഹന വില്‍പനയില്‍ (MPV) മാരുതി സുസുക്കിയുടെ പുത്തന്‍ എര്‍ട്ടിഗ കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. സെഗ്മെന്‍റില്‍ ടൊയോട്ട ഇന്നോവയെയും മഹീന്ദ്ര മരാസോയെയുമൊക്കെ പിന്നിലാക്കി മികച്ച വില്‍പ്പന നേടി മുന്നേറുന്ന വാഹനത്തിന്‍റെ  പുതിയ  ടൂര്‍ എം മോഡല്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ് മാരുതി. 

രണ്ടാംതലമുറ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയ എര്‍ട്ടിഗ ടൂര്‍ എം ടാക്‌സി കാര്‍ വിപണി ലക്ഷ്യമിട്ടാണ് എത്തുന്നത്.  1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 6000 ആര്‍പിഎമ്മില്‍ 103 ബിഎച്ച്പി പവറും 4400 ആര്‍പിഎമ്മില്‍ 138 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 18.18 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

ക്രോം ഗ്രില്‍, ഹാലജന്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റ്, ഫുള്‍ വീല്‍ കാപ്പ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, റിയര്‍ എയര്‍കണ്ടീഷ്ണര്‍ വെന്റ്‌സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മിറര്‍, കീലെസ് എന്‍ട്രി തുടങ്ങിയ നിരവധി ഫീച്ചറുകളാല്‍ സമ്പന്നമാണ് വാഹനം. 

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, 80 കിലോമീറ്ററില്‍ സെറ്റ് ചെയ്ത സ്പീഡ് ലിമിറ്റര്‍ തുടങ്ങിയവ യാത്രികരുടെയും വാഹനത്തിന്‍റെയും സുരക്ഷ ഉറപ്പാക്കും.

പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലെത്തുന്ന വാഹനത്തിന്   7.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 

കഴിഞ്ഞ മാസങ്ങളില്‍ വില്‍പ്പനയില്‍ റെക്കോഡ് നേടി മുന്നേറുന്ന എര്‍ടിഗയുടെ പുതിയ മോഡല്‍ ഇന്നോവയ്ക്കും മരാസോയ്‍ക്കുമൊക്കെ വീണ്ടും തലവേദനയാകും.

click me!