ഇടിപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ജര്‍മ്മന്‍ സുന്ദരി!

By Web TeamFirst Published Oct 12, 2019, 7:38 PM IST
Highlights

വാഹനത്തിനുള്ളിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 97 ശതമാനം റേറ്റിങ്ങും കുട്ടികള്‍ക്ക് 87 ശതമാനം റേറ്റിങ്ങും 3 സീരീസിന് ഉറപ്പാക്കി. കാല്‍നടയാത്രക്കാര്‍ക്ക് നല്‍കുന്ന സുരക്ഷയില്‍ 87 ശതമാനമാണ് റേറ്റിങ്. 

ഇടിപരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 3 സീരീസ്. യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് സുരക്ഷയുടെ കാര്യത്തില്‍ വാഹനം മുഴുവന്‍ മാര്‍ക്കും നേടിയത്. വാഹനത്തിനുള്ളിലെ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 97 ശതമാനം റേറ്റിങ്ങും കുട്ടികള്‍ക്ക് 87 ശതമാനം റേറ്റിങ്ങും 3 സീരീസിന് ഉറപ്പാക്കി. കാല്‍നടയാത്രക്കാര്‍ക്ക് നല്‍കുന്ന സുരക്ഷയില്‍ 87 ശതമാനമാണ് റേറ്റിങ്. വാഹനത്തിന്റെ സേഫ്റ്റി അസിസ്റ്റ് സംവിധാനങ്ങള്‍ക്ക് 76 ശതമാനം റേറ്റിങ്ങും 3 സീരീസിന് ലഭിച്ചു.

3 സീരീസ് 320d അടിസ്ഥാനത്തിലുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വകഭേദമാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ഡ്രൈവറുടെ കാല്‍മുട്ടിനുള്ള എയര്‍ബാഗ്, സൈഡ് ഹെഡ് എയര്‍ബാഗ്, സൈഡ് ചെസ്റ്റ് എയര്‍ബാഗ്, സൈഡ് പെല്‍വിസ് എയര്‍ബാഗ്, ഐസോഫിക്‌സ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, സ്പീഡ് അസിസ്റ്റന്‍സ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, ആക്ടീവ് ബോണറ്റ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയ 3 സീരീസ് മോഡലാണ് ക്രാഷ് ടെസ്റ്റ് പാസായത്.

അടുത്തിടെയാണ് ഏഴാംതലമുറ 3 സീരീസ്  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.  മൂന്നു വേരിയന്‍റുകളിലെത്തുന്ന വാഹനത്തിന് 41.40 മുതല്‍ 47.90 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.  ഇന്ത്യന്‍ നിരത്തില്‍ 3 സീരീസ് നിരയില്‍ 320d സ്‌പോര്‍ട്‌സ്, 320d ലക്ഷ്വറി ലൈന്‍, 330i എം സ്‌പോര്‍ട്ട് എന്നീ വകഭേദങ്ങളാണുള്ളത്. എം സ്‌പോര്‍ട്ടില്‍ 256 എച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 320d പതിപ്പില്‍ 190 എച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണുള്ളത്. രണ്ടിലും 8 സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

മുന്‍മോഡലില്‍നിന്ന് നിരവധി മാറ്റങ്ങളോടെയാണ് പുതിയ 3 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന വൃത്താകൃതിയുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് പകരം ഇപ്പോള്‍ ‘യു’ ആകൃതിയുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ്. ഗ്രില്ലിന്‍റെ വലിപ്പം കൂട്ടി. പിറകില്‍ എല്‍ ആകൃതിയുള്ള ടെയ്ല്‍ലാംപുകളുണ്ട്. 

5 സീരീസ്, 7 സീരീസ് മോഡലുകള്‍ നിര്‍മ്മിച്ച അതേ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ (ക്ലാര്‍) പ്ലാറ്റ്‌ഫോമില്‍ ജി20 എന്ന കോഡ് നാമത്തിലാണ് ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് നിര്‍മ്മിച്ചത്.  എഫ്30 എന്ന ആറാം തലമുറ 3 സീരീസിനേക്കാള്‍ വലുപ്പം കൂടുതലുണ്ട് ഏഴാം തലമുറക്ക്. അതേസമയം ഏകദേശം 55 കിലോയോളം ഭാരം കുറഞ്ഞു.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്‍ഡ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ ഹൃദയങ്ങള്‍. 330ഐ പെട്രോള്‍ എന്‍ജിന്‍ 258 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം 320ഡി ഡീസല്‍ എന്‍ജിന്‍ 190 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. രണ്ട് എന്‍ജിനുകളിലും 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനാണ് 320ഡി സ്‌പോര്‍ട്ട് വേരിയന്റില്‍. 10.25 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ്  320ഡി ലക്ഷ്വറി ലൈന്‍, 330ഐ എം സ്‌പോര്‍ട്ട് വേരിയന്റുകള്‍ക്ക്. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ & ടെയ്ല്‍ലൈറ്റുകള്‍, 3 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സണ്‍റൂഫ്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍, പാര്‍ക്കിംഗ് കാമറ തുടങ്ങിയവ പുതിയ ബിഎംഡബ്ല്യു 3 സീരീസിന്റെ പ്രത്യേകതകളാണ്. റോട്ടറി ഡയല്‍, ടച്ച്പാഡ്, ടച്ച്‌സ്‌ക്രീന്‍, വോയ്‌സ് കമാന്‍ഡുകള്‍, ആംഗ്യങ്ങള്‍ എന്നിവയിലൂടെ ബിഎംഡബ്ല്യു ഐഡ്രൈവ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ നിയന്ത്രിക്കാം. മെഴ്‌സിഡസ് ബെന്‍സ് സി-ക്ലാസ്, ഔഡി എ4, ജാഗ്വാര്‍ എക്‌സ്ഇ തുടങ്ങിയവരാണ് വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

click me!