
ദില്ലി: രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ് നിര്‍ബന്ധമാക്കി. ഇനിമുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്‍ടാഗ് ലെയിനായി മാറും. 2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്‍ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്‍ടാഗുമയി വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കും.
ഫാസ്‌ടാഗ് എടുക്കാനുള്ള സമയം ഇനിയും നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞദിവസം വ്യക്തമാക്കി. വാഹനങ്ങളില്‍ ഫാസ്‌ടാഗ് ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്‌ടാഗാണെങ്കിലും ഇരട്ടി നിരക്കിന് തുല്യമായ പിഴ നല്‍കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഫീ അടയ്ക്കാനുള്ള അവസരം ഉപയോഗിക്കുന്നവര്‍ക്ക് സമയ ലാഭം, ഇന്ധന ലാഭം, തടസമില്ലാത്ത യാത്ര എന്നിവയാണ് ഫാസ്‍ടാഗിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുപറയുന്ന നേട്ടങ്ങള്‍. എന്നാല്‍ ഇപ്പോഴും അധികം പേരും ക്യാഷ് ലെയിനുകളില്‍ ക്യൂ നില്‍ക്കുന്ന പതിവാണ്.
നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായും ടോള്‍ അടയ്‌ക്കേണ്ടവയാണ്. ചരക്കുവാഹനങ്ങള്‍ക്കും നിബന്ധന ബാധകമാണ്. ഫാസ്റ്റാട് വാലറ്റില്‍ മിനിമം തുക സൂക്ഷിക്കണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഫാസ്ടാഗിഗില്‍ നെഗറ്റീവ് ബാലന്‍സ് അല്ലാത്ത ആര്‍ക്കും ടോള്‍ പ്ലാസ കടന്നുപോകാനാവും. രാജ്യത്തെ ടോൾ പ്ലാസകളിൽ 2021 ജനുവരി ഒന്ന് മുതൽ ഫാസ്‌ടാഗ് നിർബന്ധമാക്കാനായിരുന്നു നേരത്തെ തീരുമാനം. പിന്നീട് ഇത് ഫെബ്രുവരി 15 ലേക്ക് നീട്ടുകയായിരുന്നു.
ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും. സമയവും ലാഭിക്കാം. ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്‌ഡ് സംവിധാനമാണു ഫാസ്‌ടാഗ്. ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്‌ടാഗ് സംവിധാനത്തില്‍, ടോള്‍ പ്ലാസകളില്‍ ടോള്‍ തുക നേരിട്ടു കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കാം. ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്‌ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കണം.
ഒരു പ്രീപെയ്ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം (RFID) വഴി ബന്ധിപ്പിച്ചാണ് ഫാസ് ടാഗിന്‍റെ പ്രവര്‍ത്തനം. ഇത് വാഹനത്തിന്‍റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. ഈ അക്കൗണ്ടില്‍ ആവശ്യത്തിനുള്ള തുക നേരത്തെ റീചാര്‍ജ് ചെയ്ത് വയ്ക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്ടാഗില്‍ റീചാര്‍ജ് ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെഫ്റ്റ്, ആര്‍ടിജിഎസ്, യുപിഐ ആപ്പുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ റീചാര്‍ജ്ജിംഗ് നടത്താം.
രജിസ്‌ട്രേഷന് മുന്‍പ് വാഹനത്തില്‍ ഇത് ഘടിപ്പിച്ചിരിക്കണം. പഴയ വാഹനങ്ങള്‍ക്ക് ബാങ്കുകള്‍ വഴിയും ടോള്‍ പ്ലാസകളില്‍ നിന്നും ഫാസ്‍ടാഗ് വാങ്ങി ഘടിപ്പിക്കാം. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ഇടിസി) പ്രോഗ്രാമിന്‍റെ ഭാഗമായിട്ടാണ് ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനം.