ജീപ്പിനെ കോപ്പിയടിച്ചെന്ന് പരാതി, മഹീന്ദ്രയ്ക്ക് കിട്ടിയത് മുട്ടന്‍പണി!

By Web TeamFirst Published Jun 15, 2020, 3:19 PM IST
Highlights

ജീപ്പ് റാംഗ്ലറിന്റെ രൂപകൽപനയെ മഹീന്ദ്ര യുഎസ് വിപണിക്കായി വികസിപ്പിച്ച എസ്‌യുവി റോക്സർ അനുകരിക്കുന്നെന്ന പരാതി അംഗീകരിച്ചുകൊണ്ടാണ് ഐടിസി റോക്സറിന്റെ വിൽപന യുഎസിൽ നിരോധിച്ചത്. 

2018 മാര്‍ച്ചിലാണ് ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അമേരിക്കന്‍ നിരത്തിലെ ആദ്യ വാഹനം റോക്‌സര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. 

ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ ജന്മദേശമായ അമേരിക്കയില്‍ ജീപ്പിന്‍റെ മറ്റൊരു രൂപത്തെ മഹീന്ദ്ര അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഫിയറ്റ് നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്സറിനു സാമ്യമുണ്ടെന്നു കാണിച്ച് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ റോക്സറിനെതിരെ അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ് ഉടമസ്ഥരായ ഫിയറ്റ് ക്രിസ്‍ലര്‍ കമ്പനി പരാതി നല്‍കിയതും വാര്‍ത്തയായി.

ഇപ്പോഴിതാ യുഎസ് വിപണിയിൽ റോക്സർ വിൽക്കുന്നതിനെതിരെ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ (എഫ്സിഎ) നൽകിയ കേസിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ജീപ്പ് റാംഗ്ലറിന്റെ രൂപകൽപനയെ മഹീന്ദ്ര യുഎസ് വിപണിക്കായി വികസിപ്പിച്ച എസ്‌യുവി റോക്സർ അനുകരിക്കുന്നെന്ന പരാതി അംഗീകരിച്ചുകൊണ്ടാണ് ഐടിസി റോക്സറിന്റെ വിൽപന യുഎസിൽ നിരോധിച്ചത്. എന്നാൽ പബ്ലിക് പോളിസിയുടെ അടിസ്ഥാനത്തിൽ നിരോധനത്തെ നീക്കം ചെയ്യാൻ പ്രസിഡന്റിന് അധികാരമുണ്ടെന്നും ഐടിസി അറിയിച്ചു. യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷനാണ് പരാതി പരിഗണിച്ചത്.

കേസിന് ആധാരമായ റോക്സറിന്റെ പുതിയ മോഡൽ കഴിഞ്ഞ 2020 ജനുവരിയിൽ വിപണിയിലെത്തിയെന്നും മിലിറ്ററി ശൈലിയിലൂള്ള ഓപ്പൺ ടോപ്പ്, ബോക്സ് ടൈപ്പ് വാഹനങ്ങളുടെ ഇറക്കുമതിയിലും വിൽപനയിലും ഫീയറ്റ് കുത്തക സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് എന്നുമാണ് മഹീന്ദ്ര പറയുന്നത്.

അതേ സമയം പുതിയ ഉത്തരവോടെ വാഹനത്തിന്‍റെ രൂപകല്പനയിൽ മാറ്റം വരുത്താൻ മഹീന്ദ്ര തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹീന്ദ്രയുടെ അമേരിക്കൻ ഉപസ്ഥാപനമായ മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്കയാണ്, ഇന്ത്യയിൽ നിന്ന് ഘടകങ്ങൾ ഇറക്കുമതി ചെയ്‌ത് നോർത്ത് ഡിട്രോയിറ്റിലെ ഓബോൺ ഹിൽസ് പ്ളാന്റിൽ റോക്‌സറിനെ അസംബിൾ ചെയ്യുന്നത്.

റാംഗ്ളറിന് സമാനമായ ബോക്‌സ് ശൈലിയിലെ രൂപകല്പന, വൃത്താകൃതിയിലെ ഹെഡ്‌ലൈറ്ര്, ഫ്രണ്ട് ഗ്രിൽ എന്നിവയാണ് റോക്‌സറിലുള്ളതെന്നാണ് ഫിയറ്റ് ചൂണ്ടിക്കാട്ടി. അതേസമയം, അമേരിക്കൻ വ്യാപാരനയത്തിന്റെ ഭാഗമായി 60 ദിവസത്തിനകം ഐ.ടി.സിയുടെ വിധിയോട് വിയോജിക്കാൻ അമേരിക്കൻ ട്രേഡ് റെപ്രസന്റേറ്റീവിന് അധികാരമുണ്ട്. എഫ്.സി.എയുടെ ട്രേഡ്മാർക്ക് റോക്‌സർ ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മഹീന്ദ്ര, റോക്‌സറിന്റെ പഴയമുഖത്തോട് കൂടിയ വേർഷൻ ഇപ്പോൾ നിർമ്മിക്കുന്നില്ലെന്നും പുതിയ പതിപ്പാണ് അവതരിപ്പിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2020 ജനുവരിയിലാണ് റോകസ്റിനെ മഹീന്ദ്ര അമേരിക്കന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കുന്നത്.  ജനപ്രിയ വാഹനം ഥാറിന്‍റെ അടിസ്ഥാനത്തിലാണ് റോക്‌സറിന്‍റെ നിര്‍മ്മാണം. നിയമപ്രശ്‍നങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയിലുള്ള ജീപ്പില്‍ നിന്ന് പല മാറ്റങ്ങളും റോക്‌സറില്‍ മഹീന്ദ്ര നേരത്തെ തന്നെ വരുത്തിയിരുന്നു.  എന്നാല്‍, ഈ വാഹനത്തിന് അമേരിക്കയിലെ നിരത്തുകളില്‍ ഇറങ്ങാനുള്ള അനുമതി നല്‍കിയിട്ടില്ല. ഓഫ് റോഡ് വാഹനമായാണ് റോക്‌സര്‍ അമേരിക്കയിലെത്തിയിട്ടുള്ളത്. 

ഡിസൈനില്‍ വലിയ മാറ്റങ്ങളുമായിട്ടായിരുന്നു റോക്‌സറിന്റെ രണ്ടാം വരവ്. 1970കളിലെ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് റോക്‌സറിനു നല്‍കിയിരിക്കുന്നത്.  വിവാദമായ ഏഴ് സ്ലാറ്റ് ഗ്രില്ലിന് പകരം എഫ്‌ജെ ക്രൂയിസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്രില്ലും ഹെഡ്‌ലൈറ്റിന് ചുറ്റലും മെറ്റല്‍ സ്ട്രാപ്പും, ഓഫ് റോഡ് ബമ്പറും, 16 ഇഞ്ച് ടയറുകളും നല്‍കിയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മാറ്റിയിരിക്കുന്നത്. 

റോക്‌സറിന്റെ രണ്ട് പതിപ്പുകളാണ് ഇത്തവണ എത്തിയിട്ടുള്ളത്. ഇതില്‍ അഞ്ച് സ്പീഡ് മാനുവല്‍ പതിപ്പിന് 15,999 ഡോളറും(11.4 ലക്ഷം രൂപ), ആറ് സ്പീഡ് പതിപ്പിന് 16,999 ഡോളറും (12.1 ലക്ഷം രൂപ) ആണ് എക്‌സ്‌ഷോറൂം വില.

ഇന്റീരിയര്‍ മുന്‍മോഡലുകള്‍ക്ക് സമാനമാണ്. സ്റ്റീലിലാണ് ഡാഷ്‌ബോര്‍ഡ് തീര്‍ത്തിരിക്കുന്നത്. വളരെ സിംപിള്‍ ആയിട്ടുള്ള ഗേജ് ക്ലെസ്റ്ററാണ്. സെറ്റര്‍ കണ്‍സോളില്‍ കപ്പ് ഹോള്‍ഡേഴ്‌സ് നല്‍കിയിട്ടുണ്ട്. ഓഫ് റോഡ് വീല്‍, ലൈറ്റ് ബാര്‍സ്, ഹെവി ഡ്യൂട്ടി വിഞ്ചെസ് എന്നിവയും ഇന്റീരിയറിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്. 

2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് റോക്സറിന്‍റെ ഹൃദയം. 3200 ആര്‍പിഎമ്മില്‍ പരമാവധി 62 ബിഎച്ച്പി കരുത്തും 1400-2200 ആര്‍പിഎമ്മില്‍ 195 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മണിക്കൂറില്‍ 88 കിലോമീറ്ററാണ് പരമാവധി വേഗത.

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനമാണ് റോക്‌സര്‍. ഓഫ് റോഡ് വാഹനമായതിനാല്‍ തന്നെ 4x4 ഡ്രൈവിങ്ങ് മോഡാണ് ഇതിലുള്ളത്. 148 ഇഞ്ച് നീളവും 62 ഇഞ്ച് വീതിയും 75 ഇഞ്ച് ഉയരവും 96 ഇഞ്ച് വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 9 ഇഞ്ച് ഗ്രൗണ്ട് ക്ലിയറന്‍സും റോക്സറിനുണ്ട്. മിഷിഗനിലുള്ള മഹീന്ദ്രയുടെ വാഹന നിര്‍മ്മാണ ശാലയിലാണ് റോക്‌സറിന്‍റെ നിര്‍മ്മാണം. 

click me!