സെക്കന്‍ഡുകള്‍ മാത്രം, 5.20 കോടിയുടെ സൂപ്പർകാർ പപ്പടം!

By Web TeamFirst Published Nov 6, 2020, 11:06 AM IST
Highlights

ഇടിച്ചു തകർന്നത് ഏകദേശം 5.20 കോടി രൂപയോളം  ഇന്ത്യൻ വില വരുന്ന ഫെറാരി 812 സൂപ്പർ ഫാസ്റ്റ്

ഒരു നിമിഷത്തെ അശ്രദ്ധയോ പിഴവോ ഒക്കെയായിരിക്കും പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുക. ഇത്തരമൊരു അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  ഒരു നിമിഷം കൊണ്ട് ഇടിച്ചു തകർന്നത് ഏകദേശം 5.20 കോടി രൂപയോളം  ഇന്ത്യൻ വില വരുന്ന ഫെറാരി 812 സൂപ്പർ ഫാസ്റ്റ് കാറാണ്.

ലണ്ടനില്‍ നടന്ന അപകട വീഡിയോ ആണ് പ്രചരിക്കുന്നത്. ട്രാഫിക് സിഗ്നലിൽ നിന്ന് ഒരു പാലത്തിലേയ്ക്ക് കാര്‍ കയറിയതിന് ശേഷമാണ് അപകടം. വേഗം കൂട്ടാൻ ശ്രമിച്ചപ്പോൾ വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിനു മുന്നില്‍പ്പെട്ട ഒരു സൈക്കിൾ യാത്രികനും കാൽനടയാത്രികനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും വീഡിയോ വ്യക്തമാക്കുന്നു. 

വാഹനത്തിന്റെ ട്രാക്‌ഷൻ കൺട്രോൾ ഓഫ് ചെയ‍താണോ അതോ സാങ്കേതിക തകരാറാണോ അപകടകാരണം എന്നും അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു. ഒപ്പം 20 മൈൽ വേഗ പരിതിയുണ്ടായിരുന്ന സ്ഥലത്ത് അമിതവേഗത്തിലാണോ വാഹനം സഞ്ചരിച്ചത് എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഫെറാരിയുടെ ഉള്ളിലെ ക്യാമറയിൽ നിന്നുള്ള അപകട വീഡിയോ ആണ് വൈറലാകുന്നത്. 

812 സൂപ്പർഫാസ്​റ്റ്​ പേര് സൂചിപ്പിക്കുന്നതുപോലെ ഫെരാരി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തവും വേഗതയേറിയതുമായ മോഡലാണ്​.  2017 ജനീവ മോട്ടോർ ഷോയിലാണ് ഫെറാരി 812 സൂപ്പർഫാസ്റ്റ്​ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്. ഇതിന്‍റെ എയറോഡൈനാമിക്​ ഡിസൈൻ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് എന്നിവ സൂപ്പർ കാറുകളുടെ ലോകത്ത് വേറിട്ടുനിൽക്കുന്നതാണ്​.  6.5 ലിറ്റർ, വി 12 എഞ്ചിനാണ്​ വാഹനത്തിന്​. 2.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാന്‍ വാഹനത്തിനു സാധിക്കും. 

click me!