തകരാര്‍; ഈ സൂപ്പർകാറുകൾ തിരിച്ചുവിളിച്ച് ഫെറാരി

By Web TeamFirst Published Oct 26, 2020, 4:04 PM IST
Highlights

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാരി അമേരിക്കയിൽ വിറ്റഴിച്ച സൂപ്പർകാറുകൾ തിരിച്ചുവിളിക്കുന്നു

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാരി അമേരിക്കയിൽ വിറ്റഴിച്ച സൂപ്പർകാറുകൾ തിരിച്ചുവിളിക്കുന്നു. സൂപ്പര്‍ഫാസ്റ്റ് 812 മോഡലുകളെയാണ് കമ്പനി തിരികെ വിളിക്കുന്നതെന്ന് ഹിന്ദുസഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് നടപടി. പിന്നിലെ വിൻഡോകളിലാണ്​ തകരാറ്​. ഉയർന്ന വേഗതയിൽ വിൻഡോകൾ ഇളകിവീഴുന്നതായാണ്​ കണ്ടെത്തിയിരിക്കുന്നത്​. ഇവ കൃത്യമായി പിടിപ്പിച്ചിട്ടുണ്ടാവില്ല എന്നാണ്​ കമ്പനിയുടെ നിഗമനം. 1,063 യൂണിറ്റുകൾ തിരിച്ചുവിളിക്കുമെന്നാണ്​ റി​പ്പോർട്ടുകൾ. 2018 നും 2020 നും ഇടയിൽ നിർമ്മിച്ചവയാണിവ. 

812 സൂപ്പർഫാസ്​റ്റ്​ പേര് സൂചിപ്പിക്കുന്നതുപോലെ ഫെരാരി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തവും വേഗതയേറിയതുമായ മോഡലാണ്​. ഫെറാരി 812 സൂപ്പർഫാസ്റ്റ്​ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് 2017 ജനീവ മോട്ടോർ ഷോയിലാണ്. ഇതിന്‍റെ എയറോഡൈനാമിക്​ ഡിസൈൻ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് എന്നിവ സൂപ്പർ കാറുകളുടെ ലോകത്ത് വേറിട്ടുനിൽക്കുന്നതാണ്​. 

6.5 ലിറ്റർ, വി 12 എഞ്ചിനാണ്​ വാഹനത്തിന്​. 2.9 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. 2020 മാർച്ചിൽ‌ ജർമനിയിലാണ്​‌ ആദ്യമായി തകരാർ റിപ്പോർ‌ട്ട്​ചെയ്‌തത്​. തുടർന്ന് അത്തരം രണ്ട് പരാതികൾ‌കൂടി ലഭിക്കുകയായിരുന്നു.

പിന്നീട്​ നടത്തിയ അന്വേഷണത്തിലാണ്​ വ്യാപക തകരാർ കണ്ടെത്തിയത്​. ഒടുവിൽ വാഹനം തിരിച്ചുവിളിക്കൽ കമ്പനി തുരുമാനിക്കുകയായിരുന്നു. അമേരിക്കയിലെ ഡീലർമാർക്കും ഉടമകൾക്കും ഡിസംബർ മുതൽ അറിയിപ്പുകൾ ലഭിക്കുമെന്നും വിൻഡോ മാറ്റി സ്ഥാപിക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു. 

click me!