കൊവിഡ് 19; ഫെറാരി പ്ലാന്‍റുകളും അടച്ചുപൂട്ടി

By Web TeamFirst Published Mar 22, 2020, 7:53 AM IST
Highlights

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാരി തങ്ങളുടെ നിര്‍മാണശാലകള്‍ അടച്ചിടുന്നു. 

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാരി തങ്ങളുടെ നിര്‍മാണശാലകള്‍ അടച്ചിടുന്നു. കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 27 വരെയാണ് നടപടി. ഇറ്റലി കൊറോണ വൈറസിനു കീഴടങ്ങിയതോടെ രാജ്യത്തെ മിക്ക വാഹന നിര്‍മാതാക്കളും ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുകയാണ്. 

കൊറോണ വൈറസ് ബാധ പടര്‍ന്നതോടെ  ഇറ്റാലിയന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാണ് ഫെറാരിയുടെ മാരനെല്ലോയിലെയും വടക്കന്‍ എമിലിയ മൊമാന മേഖലയിലെ മൊഡേനയിലെയും ശാലകള്‍ ഇതുവരെ പ്രവര്‍ത്തനം തുടര്‍ന്നത്. എന്നാല്‍ സ്‌പെയര്‍പാര്‍ട്‌സ് ലഭ്യത കുത്തനെ ഇടിഞ്ഞതോടെ ഇരു ശാലകളുടെയും പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയാണെന്നാണു കമ്പനിയുടെ വിശദീകരണം. വാഹന നിര്‍മാണമൊഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട് സംവിധാനങ്ങളിലൂടെ തുടരുമെന്നും ഫെറാരി വ്യക്തമാക്കി. 

പ്രതിസന്ധിയിലായ യൂറോപ്യന്‍ വാഹന വ്യവസായത്തിനു കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുന്നതാണ് ഇറ്റലിയെ കീഴടക്കിയ കൊറോണ വൈറസ് ബാധ.

ഫെറാരിയുടെ ഫോര്‍മുല വണ്‍ ടീമായ സ്‌കുദേരിയ ഫെറാരിയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.  ലംബോര്‍ഗിനിയും തങ്ങളുടെ പ്ലാന്‍റുകള്‍ അടുത്തിടെ അടച്ചിരുന്നു. ഫെറാരിയടക്കമുള്ള പ്രീമിയം ബ്രാന്‍ഡുകളുടെ  ബ്രേക്ക് നിര്‍മാതാക്കളായ ബ്രെംബൊയാവട്ടെ ഇറ്റലിയിലെ ശാലകള്‍ നാല് ആഴ്ചത്തേക്ക് അടച്ചിടുകയാണെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികള്‍ മുന്‍നിര്‍ത്തി ഇറ്റലിയിലെ ചില ശാലകള്‍ അടയ്ക്കാനും ഉല്‍പ്പാദനം കുറയ്ക്കാനും ഫിയറ്റ് ക്രൈസ്‌ലറും വ്യവസായ വാഹന നിര്‍മാതാക്കളായ സി എന്‍ എച്ച് ഇന്‍ഡസ്ട്രിയലും നേരത്തെ തീരുമാനിച്ചിരുന്നു. ടൂറിനു സമീപത്തെ സെറ്റിമൊ ടൂറിനീസ് ശാലയിലെ ഉല്‍പ്പാദനം കുറയ്ക്കുമെന്നു ടയര്‍ നിര്‍മാതാക്കളായ പിരേലിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പനി ജീവനക്കാര്‍ക്ക് ആര്‍ക്കും തന്നെ ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും ഫെറാരി അറിയിച്ചു. ശാലയുടെ പ്രവര്‍ത്തനം മുടങ്ങുന്ന ദിനങ്ങളിലും ജീവനക്കാര്‍ക്കു പൂര്‍ണ വേതനം നല്‍കുമെന്നു ഫെറാരി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്‍റ് അടച്ചിടുന്ന ദിവസങ്ങളില്‍ ഡേ ഓഫ് അലവന്‍സ് വിനിയോഗിക്കാനും നിര്‍ബന്ധിക്കില്ലെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. പ്ലാന്‍റുകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന ഇടവേളയില്‍ വൈറസ് പ്രതിരോധത്തിനുള്ള ഊര്‍ജിത നടപടികള്‍ സ്വീകരിക്കാനും ഫെറാരി തയാറെടുക്കുന്നുണ്ട്. 
 

click me!