
ചൈനീസ് വാഹന നിർമ്മാതാക്കളായ ബിൽഡ് യുവർ ഡ്രീം (ബിവൈഡി) യിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ ഇലക്ട്രിക് ഓഫറായ ബിവൈഡി സീലിയൻ 7 എസ്‌യുവി പുറത്തിറങ്ങി. പ്രീമിയം, പെർഫോമൻസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് എസ്‌യുവി എത്തുന്നത്. യഥാക്രമം 48.90 ലക്ഷം രൂപയും 54.90 ലക്ഷം രൂപയുമാണ് ഇവയുടെ എക്സ് ഷോറൂം വില. 2025 മാർച്ച് 7 മുതൽ രാജ്യവ്യാപകമായി ഇവയുടെ ഡെലിവറികൾ ആരംഭിക്കും .
സുരക്ഷയ്ക്കായി 11 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് ബിവൈഡി സീലിയൻ 7 എന്നാണ് റിപ്പോർട്ടുകൾ. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ലെവൽ 2 എഡിഎഎസ് സ്യൂട്ടും ഈ ഇവിയിൽ ലഭ്യമാണ്. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർ, റിയർ സീറ്റുകളിലെ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, മറ്റ് നൂതന സവിശേഷതകൾ എന്നിവയും സുരക്ഷാ കിറ്റിൽ ഉൾപ്പെടുന്നു.
ബിവൈഡിയുടെ പുതിയ ഇ-പ്ലാറ്റ്‌ഫോം 3.0 യ്ക്ക് അടിവരയിടുന്ന സീലിയൻ 7 82.5kWh ബാറ്ററി പായ്ക്കോടെയാണ് വരുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറും RWD സജ്ജീകരണവും ഉൾക്കൊള്ളുന്ന പ്രീമിയം വേരിയന്റ് പരമാവധി 308bhp പവറും 380Nm ടോർക്കും നൽകുന്നു. ഇത് ഫുൾചാർജ്ജിൽ 567 കിമി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പെർഫോമൻസ് ട്രിമ്മിൽ ഓരോ ആക്‌സിലിലും ഒരു മോട്ടോറും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമുണ്ട്. ഈ വേരിയന്റ് 523bhp പവറും 690Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സീലിയൻ 7 പെർഫോമൻസ് വേരിയന്റ് ഒറ്റ ചാർജിൽ 542 കിമി റേഞ്ച് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് വെറും 4.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100kmph വരെ വേഗത കൈവരിക്കുന്നു.
പുതിയ ബിവൈഡി ഇലക്ട്രിക് എസ്‌യുവിയിൽ സ്‌പോർട്ടി ഓൾ-ബ്ലാക്ക് ക്യാബിൻ തീം ഉണ്ട്. അതിൽ 15.6 ഇഞ്ച് റൊട്ടേറ്റബിൾ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്. നാപ്പ ലെതർ അപ്ഹോൾസ്റ്ററി, 4-വേ ലംബർ സപ്പോർട്ടുള്ള 8-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 6-വേ പവർ അഡ്ജസ്റ്റബിൾ പാസഞ്ചർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, ടു സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് ഗ്ലാസ് റൂഫ്, 12-സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയവ അതിന്റെ പ്രീമിയം ഫീലിനും ആകർഷണത്തിനും കൂടുതൽ മിഴിവ് നൽകുന്നു.
ഈ കാറിൽ 7kW ചാർജർ ലഭ്യമാണ്. ഇതിനുപുറമെ, ആറ് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും ആദ്യത്തെ സൗജന്യ പരിശോധന സേവനവും ഈ കാറിനൊപ്പം ലഭിക്കും. ബിവൈഡിയുടെ ലോ വോൾട്ടേജ് ബാറ്ററിയിൽ ആറ് വർഷത്തെ/150,000 കിലോമീറ്റർ, ഏതാണ് ആദ്യം വരുന്നത്, ആ വാറന്റിയും ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ ബാറ്ററി എൽഎഫ്‌പി (ലിഥിയം അയൺ ഫോസ്ഫേറ്റ്) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത ലോ വോൾട്ടേജ് ബാറ്ററികളേക്കാൾ 6 മടങ്ങ് ഭാരം കുറഞ്ഞതാണ് ഈ ലോ വോൾട്ടേജ് ബാറ്ററിയെന്നും 15 വർഷത്തെ ആയുസുണ്ടെന്നും ബിവൈഡി പറയുന്നു.
ബിവൈഡി ഇമാക്സ് 7 , ബിവൈഡി അറ്റോ 3 , ബിവൈഡി സീൽ എന്നിവയ്ക്ക് ശേഷം ചൈനീസ് കാർ നിർമ്മാതാവ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണിത് . ലോഞ്ച് ചടങ്ങിൽ, സീലിയൻ 7 ന് ഇതുവരെ 1,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി വെളിപ്പെടുത്തി. ജനുവരിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഷോയിൽ 70,000 രൂപ ബുക്കിംഗ് തുകയോടെയാണ് ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചത്. ഹ്യുണ്ടായി അയോണിക് 5 , കിയഇവി6 പോലുള്ള ജനപ്രിയ പ്രീമിയം ഇലക്ട്രിക് വാഹനങ്ങളാണ് ബിവൈഡി സീലിയൻ 7-ന്റെ എതിരാളികൾ.