മലിനജലം റോഡിലൊഴുക്കി ഓടിയത് കിലോമീറ്ററുകള്‍, ഒടുവില്‍ മീന്‍ലോറിക്ക് കിട്ടിയത് മുട്ടന്‍പണി!

By Web TeamFirst Published Nov 11, 2020, 11:42 AM IST
Highlights

പട്ടാപ്പകല്‍ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡിൽ ഒഴുക്കി മീൻ ലോറിയുടെ യാത്ര

പട്ടാപ്പകല്‍ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡിൽ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീൻ ലോറിയെ കയ്യോടെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇന്ന് രാവിലെ കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. 

കണ്ണൂര്‍ - പിലാത്തറ കെ എസ് ടി പി റോഡിലൂടെ ദുർഗന്ധം പരത്തുന്ന മലിന ജലം ഒഴുക്കി കൊണ്ട് ഓടിച്ചു വരികയായിരുന്നു മീൻ ലോറി. പഴയങ്ങാടി മുതൽ പിലാത്തറ വരെയുള്ള ഭാഗത്ത് വച്ച് ഈ ലോറി മോട്ടോർ വാഹന വകുപ്പ് കണ്ണൂർ ജില്ലാ എൻഫോഴ്‍സ്‍മെന്‍റ്  ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു നിര്‍ത്തി. 

പരിശോധനയില്‍ വാഹനത്തിന്‍റെ റോഡ് നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് 9750 രൂപ പിഴ നല്‍കി. തുടര്‍ന്ന് ലോറി അടുത്തുള്ള പയ്യന്നൂര്‍ പെരുമ്പയിലെ മത്സ്യ മാര്‍ക്കറ്റില്‍ എത്തിച്ചു. ഇവിടെവച്ച് വാഹനത്തിലെ മലിന ജലം പൂർണ്ണമായും ഒഴുക്കി കളഞ്ഞ ശേഷം വാഹനം ശുദ്ധീകരിച്ചു. ഇതിനു ശേഷമാണ് യാത്ര തുടരാൻ അനുവദിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ വി പ്രേമരാജന്‍റെ നേതൃത്വത്തിൽ എഎംവിഐമാരായ ഗിജേഷ് ടി, അഭിലാഷ് കെ , പ്രവീൺ കുമാർ കെ വി എന്നിവരുടെ സംഘമായിരുന്നു ലോറിയെ പിടികൂടിയത്. 

ഇത്തരത്തിൽ മത്സ്യ കൊഴുപ്പ് കലർന്ന മലിനജലം പരസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതോടൊപ്പം ഇരുചക്ര വാഹനയാത്ര ദുഷ്‍കരമാരക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പ്രവണത കാരണം പലപ്പോഴും ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടം ഉണ്ടാകാറുണ്ടെന്നും റോഡിന്റെ പെട്ടന്നുള്ള നാശത്തിനും ഇത് കാരണമാകും എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു .

വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് തുടർ നടപടികൾക്കായി ശുപാർശ ചെയ്‍തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 
 

click me!