എന്‍ഡവറിന്‍റെ ഫീച്ചറുകള്‍ വെട്ടിക്കുറച്ച് ഫോര്‍ഡ്

By Web TeamFirst Published Dec 26, 2020, 4:05 PM IST
Highlights

നിലവിൽ ഫോർഡ് എൻ‌ഡവർ ടൈറ്റാനിയം 4X2 ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4X2 ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4X4 ഓട്ടോമാറ്റിക്, സ്പോർട്ട് എഡിഷൻ എന്നീ നാല് വേരിയന്റുകളിലായാണ് ഇന്ത്യയിലെത്തുന്നത്.

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡ് ഇന്ത്യയുടെ ജനപ്രിയ മോഡലാണ് എൻ‌ഡവർ എസ്‌യുവി. ഇപ്പോഴിതാ എൻ‌ഡവർ മോഡൽ നിരയിലുടനീളം ചില ഫീച്ചറുകൾ കമ്പനി നീക്കംചെയ്‌തിരിക്കുകയാണെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഏഴ് സീറ്റർ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ഇനിമുതല്‍ നോയിസ് ക്യാൻസലേഷൻ സവിശേഷത ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 4X2 ടൈറ്റാനിയം വേരിയന്റിൽ മുൻവശത്തെ ഡോർ സ്റ്റീൽ സ്കഫ് പ്ലേറ്റും 10 സ്പീക്കർ ഓഡിയോ സിസ്റ്റവുമാണ് ഈ പതിപ്പിൽ നിന്നും ഫോർഡ് ഒഴിവാക്കി. എട്ട് സ്പീക്കർ യൂണിറ്റാകും എൻഡവർ ടൈറ്റാനിയത്തിൽ ലഭിക്കുക. പിൻ സീറ്റ് യാത്രക്കാർക്ക് നൽകിയിരുന്ന ഓക്‌സിലറി ഹീറ്റർ ഇനി മുതൽ ടൈറ്റാനിയം പ്ലസ്, സ്‌പോർട്ട് വേരിയന്റുകളിൽ ഉണ്ടാകില്ല. MAJAXXMRWALT0001 ന് ശേഷം VIN നമ്പറുകളുള്ള മോഡലുകളിൽ നിന്ന് സവിശേഷതകൾ നീക്കംചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിൽ ഫോർഡ് എൻ‌ഡവർ ടൈറ്റാനിയം 4X2 ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4X2 ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4X4 ഓട്ടോമാറ്റിക്, സ്പോർട്ട് എഡിഷൻ എന്നീ നാല് വേരിയന്റുകളിലായാണ് ഇന്ത്യയിലെത്തുന്നത്. എന്‍ഡവര്‍ എസ്‍യുവിയുടെ പുതുക്കിയ ബിഎസ്6 പതിപ്പിനെ 2020 ഫെബ്രുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.  വിഭാഗത്തിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടെ ചില പുതിയ സവിശേഷതകളോടെയാണ് പുതിയ എൻ‌ഡവര്‍ വരുന്നത്. ഇത്തരം ഗിയർബോക്‌സുള്ള ഇന്ത്യയിലെ ആദ്യ വാഹനമാണ് 2020 ഫോർഡ് എൻഡവർ. എന്നാല്‍ വാഹനത്തിന്‍റെ ബാഹ്യ ഡിസൈനിലും സ്റ്റൈലിംഗിലും ഇന്റീരിയറുകളിലുമൊന്നും വലിയ മാറ്റങ്ങളൊന്നുമില്ല.  നിലവിലെ ബിഎസ് 4 പാലിച്ചിരുന്ന 2.2 ലിറ്റര്‍ ടിഡിസിഐ എഞ്ചിന് പകരം ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ഇക്കോബ്ലൂ എന്‍ജിന്‍ ആണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. ഫോര്‍ഡിന്റെ ഏറ്റവും പുതിയ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എസ്‌യുവിയില്‍ സ്റ്റാന്‍ഡേഡായി നല്‍കി. 29.99 ലക്ഷം രൂപ മുതൽ 35.10 ലക്ഷം രൂപ വരെയാണ് എന്‍ഡവറിന്‍റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

അടുത്തിടെ ഈ എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ പതിപ്പും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 35.1 ലക്ഷം രൂപയാണ് പുതിയ സ്പോർട്ടിയർ വേരിയന്റിന്റെ എക്സ്ഷോറൂം വില. ഫോർഡ് എൻ‌ഡവറിന്റെ ടോപ്പ് എൻഡ് വേരിയന്റായ ടൈറ്റാനിയം പ്ലസ് അടിസ്ഥാനമാക്കിയുള്ളതാണ് സ്പോർട്ട് എഡിഷൻ.  കറുപ്പ് നിറത്തിലുള്ള ഡീറ്റൈലിങ്ങുകളാണ് എൻഡവർ സ്പോർട്ട് എഡിഷന്റെ പ്രധാന പ്രത്യേകത. എല്ലാ ഫീച്ചറുകളും നിറഞ്ഞ ടൈറ്റാനിയം+ 4x4 വേരിയന്റിൽ മാത്രം ലഭ്യമായ എൻഡവർ സ്പോർട്ടിന് 35.10 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. കറുപ്പ് നിറമില്ലാത്ത ടൈറ്റാനിയം+ 4x4 വേരിയന്റിനേക്കാൾ 65,000 രൂപ കൂടുതലാണ് ഫോർഡ് എൻഡവർ സ്പോർട്ടിന്.

click me!