വയല്‍ ഉഴുതുമറിക്കാന്‍ 33 ലക്ഷത്തിന്‍റെ എന്‍ഡവറിനെ ട്രാക്ടറാക്കി, തലയില്‍ കൈവച്ച് ജനം!

By Web TeamFirst Published Jan 22, 2020, 2:56 PM IST
Highlights

വയല്‍ ഉഴുതുമറിക്കാന്‍ ഫോര്‍ഡ് എന്‍ഡവര്‍. വൈറല്‍ വീഡിയോ

ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ വയൽ ഉഴുന്ന ഒരു ഫോർഡ് എൻ‌ഡവറിന്‍റെ വീഡിയോയാണ് പ്രചരിക്കുന്നത്. ഫോർഡ് എൻ‌ഡവറിന്‍റെ പിൻ‌ഭാഗത്ത് ആധുനിക തരത്തിലുള്ള കലപ്പ ഘടിപ്പിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. 

എസ്‌യുവി കലപ്പ വലിച്ചു കൊണ്ട് അനായാസം നീങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇത്തരം ആവശ്യത്തിനായി നിർമ്മിച്ചതുപോലെയാണ് എന്‍ഡവര്‍ വയൽ ഉഴുതുമറിക്കുന്നത്. കലപ്പ നിലത്ത് ആഴ്ന്നിറങ്ങിയിട്ടും എൻ‌ഡവർ‌ ഈ ജോലി അനായാസമായി ചെയ്യുന്നു എന്നതാണ് കൗതുകം. 

ഫോര്‍ഡ് എവറസ്റ്റിനെ അടിസ്ഥാനമാക്കിയാണ് എന്‍ഡവറിനെ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ മൂന്നാംതലമുറയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചത്. ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് സെവന്‍ സീറ്റ് സൗകര്യമുള്ള 2019 ഫോര്‍ഡ് എന്‍ഡവര്‍ എത്തുന്നത്. 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആണ് പ്രാരംഭ ടൈറ്റാനിയം വകഭേദത്തിലുള്ളത്. ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസിലാണ് 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്നത്.

158 bhp കരുത്തും 385 Nm ടോര്‍ക്കും ഉൽ‌പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനില്‍ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുകളാണ് ട്രാന്‍സ്മിഷന്‍. വലിയ 3.2 ലിറ്റർ ഡീസൽ എഞ്ചിൻ 197 bhp കരുത്തും, 470 Nm ടോര്‍ക്കും സൃഷ്ടിക്കും. വയല്‍ ഉഴുതു മറിക്കുന്ന വീഡിയോയിൽ വാഹനത്തിന്‍റെ വലിയ എഞ്ചിൻ പതിപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെറൈൻ റെസ്പോൺസ് സിസ്റ്റവും ഓൾ വീൽ ഡ്രൈവ് സിസ്റ്റവും പുറപ്പെടുവിച്ച ടോർക്ക് ഉഴുതമറിക്കല്‍ എളുപ്പമാക്കിത്തീര്‍ക്കുന്നുവെന്നാണ് കരുതേണ്ടത്. 

2019 ഫോര്‍ഡ് എന്‍ഡവറിനെ പുതിയ ബമ്പര്‍, HID ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള മുന്നിലെ ട്രിപ്പിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ഫോഗ് ലാമ്പിനെ കവര്‍ ചെയ്‍ത് സില്‍വര്‍ ഫിനിഷിങ്ങിലുള്ള സ്‌കേര്‍ട്ട് തുടങ്ങിയവയാണ് മുന്‍ മോഡലില്‍ നിന്നും വേറിട്ടതാക്കുന്നു.  ഓട്ടോമാറ്റിക് HID ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സെമി പാരലല്‍ പാര്‍ക്കിംഗ് അസിസ്റ്റ്, പാനരോമിക് സണ്‍റൂഫ്, ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ തുടങ്ങിയ അടിസ്ഥാന സജ്ജീകരണങ്ങള്‍ പുതിയ എസ്‌യുവി പതിപ്പിലും ഉണ്ടാകും. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉണ്ട്.

28.19 ലക്ഷം രൂപ മുതല്‍ 32.97 ലക്ഷം വരെയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില.   ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MU-X, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ മോഡലുകളാണ് നിരത്തില്‍ ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍. 

ജര്‍മ്മന്‍ ആഡംബര വാബന നിര്‍മ്മാതാക്കളായ ഔഡിയുടെ മിഡ്-സൈസ് എസ്‌യുവിയാണ് Q5 വയല്‍ ഉഴുതു മറിക്കുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു. 

click me!