കറുകറുത്തൊരു വണ്ടിയാണ്, കടഞ്ഞെടുത്തൊരു ചേലാണ്..!

By Web TeamFirst Published Sep 22, 2020, 10:20 PM IST
Highlights

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡ് ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ എൻ‌ഡവർ എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോർഡ് ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ എൻ‌ഡവർ എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 35.1 ലക്ഷം രൂപയാണ് പുതിയ സ്പോർട്ടിയർ വേരിയന്റിന്റെ എക്സ്ഷോറൂം വില. സ്‌പോർട്ട് ടാഗോടെയാണ് വരവെങ്കിലും ഇതൊരു പെർഫോമൻസ് അധിഷ്‌ഠിത മോഡലല്ല എന്നതാണ് ശ്രദ്ധേയം. പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം ചെറിയ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമാണ് പുത്തന്‍ വാഹനത്തില്‍ ഫോർഡ് പരിചയപ്പെടുത്തുന്നത്.

ഫോർഡ് എൻ‌ഡവറിന്റെ ടോപ്പ് എൻഡ് വേരിയന്റായ ടൈറ്റാനിയം പ്ലസ് അടിസ്ഥാനമാക്കിയുള്ളതാണ് സ്പോർട്ട് എഡിഷൻ.  കറുപ്പ് നിറത്തിലുള്ള ഡീറ്റൈലിങ്ങുകളാണ് എൻഡവർ സ്പോർട്ട് എഡിഷന്റെ പ്രധാന പ്രത്യേകത. എല്ലാ ഫീച്ചറുകളും നിറഞ്ഞ ടൈറ്റാനിയം+ 4x4 വേരിയന്റിൽ മാത്രം ലഭ്യമായ എൻഡവർ സ്പോർട്ടിന് 35.10 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. കറുപ്പ് നിറമില്ലാത്ത ടൈറ്റാനിയം+ 4x4 വേരിയന്റിനേക്കാൾ 65,000 രൂപ കൂടുതലാണ് ഫോർഡ് എൻഡവർ സ്പോർട്ടിന്.

സ്റ്റാൻഡേർഡ് ഫോർഡ് എൻഡവറിലെ ക്രോം, സിൽവർ ഘടകങ്ങൾ കറുപ്പിൽ പൊതിഞ്ഞാണ് എൻഡവർ സ്പോർട്ട് എത്തുന്നത്. മുമ്പിലെയും പുറകിലെയും സ്‍കിഡ് പ്ലെയ്റ്റുകൾ, ഗ്രിൽ ഔട്ട്ലൈനിങ്, റിയർവ്യൂ മിറർ, ഫെൻഡർ വെന്റുകൾ, സൈഡ് സ്റ്റെപ്, റൂഫ് റെയിലുകൾ എന്നിങ്ങനെയുള്ള എല്ലാ ഭാഗങ്ങൾക്കും ഗ്ലോസി കറുപ്പ് നിറമാണ്. മാത്രമല്ല ഹണികോംബ് മെഷ് ഇൻസേർട്ടുകൾക്കും, ടെയിൽ ലാമ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ട്രിപ്പിനും, SPORT ബാഡ്ജിങ്ങിനും കറുപ്പ് നിറമാണ്. കറുപ്പ് നിറത്തിലുള്ള 20-ഇഞ്ച് അലോയ് വീലുകൾ കൂടെ ചേരുമ്പോൾ സ്‌പോർട്ടി ലുക്ക് പൂർണം. ആബ്സല്യൂട്ട് ബ്ലാക്ക്, ഡിഫുസ്ഡ് സിൽവർ, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ മൂന്ന് ബോഡി നിറങ്ങളിൽ ഫോർഡ് എൻഡവർ സ്പോർട്ട് ലഭ്യമാണ്.

കറുപ്പിൽ പൊതിഞ്ഞ ഇന്റീരിയർ ആണ് വാഹനത്തില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്റീരിയറിന് മാറ്റങ്ങളില്ല. ഡ്യുവൽ ടോണിലുള്ള, ബീജ് ആൻഡ് ഗ്രേ ഇന്റീരിയർ മാറ്റമില്ലാതെ സ്പോർട്ട് മോഡലിലും തുടരുന്നു.

എഞ്ചിനിലോ, സ്പെസിഫിക്കേഷനിലോ, ഫീച്ചറുകളിലോ സ്പോർട്ട് മോഡലും സ്റ്റോക്ക് ഫോർഡ് എൻഡവർ മോഡലും തമ്മിൽ വ്യത്യാസങ്ങൾ ഇല്ല.  ടൊയോട്ട ഓഗസ്റ്റിൽ വില്പനക്കെത്തിച്ച ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷൻ ആണ് എൻഡവർ സ്പോർട്ടിന്റെ എതിരാളി.  എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗും നേരത്തെ ആരംഭിച്ചിരുന്നു. എൻ‌ഡവർ സ്പോർട്ട് എഡിഷൻ 50,000 രൂപ ടോക്കൺ തുക നൽകി പ്രീ-ബുക്ക് ചെയ്യാം. 

എന്‍ഡവര്‍ എസ്‍യുവിയുടെ പുതുക്കിയ ബിഎസ്6 പതിപ്പിനെ 2020 ഫെബ്രുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.  വിഭാഗത്തിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടെ ചില പുതിയ സവിശേഷതകളോടെയാണ് പുതിയ എൻ‌ഡവര്‍ വരുന്നത്. ഇത്തരം ഗിയർബോക്‌സുള്ള ഇന്ത്യയിലെ ആദ്യ വാഹനമാണ് 2020 ഫോർഡ് എൻഡവർ. എന്നാല്‍ വാഹനത്തിന്‍റെ ബാഹ്യ ഡിസൈനിലും സ്റ്റൈലിംഗിലും ഇന്റീരിയറുകളിലുമൊന്നും വലിയ മാറ്റങ്ങളൊന്നുമില്ല.  നിലവിലെ ബിഎസ് 4 പാലിച്ചിരുന്ന 2.2 ലിറ്റര്‍ ടിഡിസിഐ എഞ്ചിന് പകരം ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ഇക്കോബ്ലൂ എന്‍ജിന്‍ ആണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. ഫോര്‍ഡിന്റെ ഏറ്റവും പുതിയ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എസ്‌യുവിയില്‍ സ്റ്റാന്‍ഡേഡായി നല്‍കി. 

click me!