ടാറ്റയുടെ തലവര മാറ്റിയ 'ഡിസൈന്‍ ബോസ്' 'റ്റാറ്റാ' പറഞ്ഞിറങ്ങി, ചേക്കേറിയത് മഹീന്ദ്രയില്‍!

By Web TeamFirst Published Jun 13, 2021, 10:55 AM IST
Highlights

നെക്സോൺ, ഹാരിയർ, അൾട്രോസ് തുടങ്ങി ടാറ്റ മോട്ടോഴ്‍സിന്‍റെ തലവര മാറ്റിയ വാഹനങ്ങളുടെ ശില്‍പ്പിയാണ് മഹീന്ദ്രയില്‍ ചേക്കേറുന്നത് 

ഒരു മാസം മുമ്പ് ടാറ്റ മോട്ടോര്‍സില്‍ നിന്നും പടിയിറങ്ങിയ ഡിസൈന്‍ വിഭാഗം മേധാവി പ്രതാപ് ബോസ് മഹീന്ദ്ര ഗ്രൂപ്പില്‍ ചേരുന്നു. മഹീന്ദ്ര ഗ്രൂപ്പ് പുതുതായി രൂപീകരിച്ച ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷനെ നയിക്കുന്നതിന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും ചീഫ് ഡിസൈന്‍ ഓഫീസറായും അദ്ദേഹത്തെ നിയമിച്ചതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  യുകെയില്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുന്ന മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ സെന്റര്‍ ആസ്ഥാനമായി പ്രതാപ് ബോസ് പ്രവര്‍ത്തിക്കും. ടാറ്റ മോട്ടോര്‍സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നായിരുന്നു പ്രതാപ് ബോസിന്‍റെ രാജി. ഈ മാസം 24 ന് പ്രതാപ് ബോസ്  മഹീന്ദ്രയില്‍ ചുമതലയേല്‍ക്കും.

യുകെ ഡിസൈന്‍ സെന്റര്‍, നിലവിലുള്ള മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോ (MIDS) എന്നിവ മഹീന്ദ്രയുടെ പുതിയ ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെടുന്നു. മഹീന്ദ്ര അഡ്വാന്‍സ്‍ഡ് ഡിസൈന്‍ സെന്റര്‍ കൂടാതെ മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോയുടെയും ഉത്തരവാദിത്തം പ്രതാപ് ബോസിനായിരിക്കും. ബോണ്‍ ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന എസ്‌യുവികള്‍, 3.5 ടണ്ണിന് താഴെ വരുന്ന എല്‍സിവികള്‍, ലാസ്റ്റ് മൈല്‍ മൊബിലിറ്റി വാഹനങ്ങള്‍, വലിയ വാണിജ്യ വാഹനങ്ങള്‍, പ്യൂഷോ സ്‌കൂട്ടറുകള്‍, ട്രാക്ടറുകള്‍, ഫാം മഷീനുകള്‍ തുടങ്ങി എല്ലാ പ്രധാന ബിസിനസ് സെഗ്‌മെന്റുകളിലെയും വാഹനങ്ങളുടെ രൂപകല്‍പ്പനയില്‍ പ്രതാപ് ബോസ് മേല്‍നോട്ടം വഹിക്കും.  വേഗത്തിലുള്ള ഉൽ‌പന്ന വികസനത്തിന് മഹീന്ദ്രയെ സഹായിക്കുന്നതിനാണ് യു കെ കേന്ദ്രമായി എംഎഡിഇ ആരംഭിച്ചത്. മുംബൈയിലെ മഹീന്ദ്ര ഡിസൈൻ സ്റ്റുഡിയോയും ഇറ്റലിയിലെ പിനിൻഫരിന ഡിസൈനും സംയുക്തമായാണ് ഇവിടെ വാഹന സ്കെച്ചുകൾ തയ്യാറാക്കുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലി (എംആർവി)യുമായും എം.എ.ഡി.ഇ ചേർന്ന് പ്രവർത്തിക്കുന്നു.

മുംബൈ സ്വദേശിയാണ് 45കാരനായ പ്രതാപ് ബോസ്. അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ബിരുദംനേടിയ ഇദ്ദേഹം ലണ്ടൻ റോയൽ കോളേജ് ഓഫ് ആർട്സിലും പരിശീലനം നേടിയിട്ടുണ്ട്. ആഗോള ഓട്ടോമോട്ടീവ് ഡിസൈന്‍ രംഗത്ത് ഇരുപത് വര്‍ഷത്തിലധികം വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് അദ്ദേഹം.   2007 ൽ ടാറ്റാ മോട്ടോഴ്‌സിൽ ചേർന്ന പ്രതാപ് ബോസ് 2011 ൽ കമ്പനിയുടെ ഡിസൈൻ വിഭാഗം മേധാവിയായി നിയമിതനായി. ഹാരിയർ, നെക്സോൺ, അൾട്രോസ് തുടങ്ങി ടാറ്റ മോട്ടോഴ്‍സിന്‍റെ തലവര മാറ്റിയ വാഹനങ്ങളുടെ രൂപകൽപ്പനയിലൂടെ പ്രശസ്‍തനാണ് പ്രതാപ് ബോസ്.

2021ലെ 'വേൾഡ് കാർ പേഴ്സൺസ് ഓഫ് ദി ഇയർ' പുരസ്കാരത്തിനായി പരിഗണിച്ചവരുടെ പട്ടികയിൽ പ്രതാപ് ബോസും ഇടംപിടിച്ചിരുന്നു. ടാറ്റയിൽ ഗ്ലോബൽ ഡിസൈൻ ഹെഡ് എന്ന പദവിയാണ് പ്രതാപ് വഹിച്ചിരുന്നത്. ടാറ്റക്കായി നിരവധി ഡിസൈൻ അവാർഡുകൾ പ്രതാപ് നേടിയിട്ടുണ്ട്. 2021 ലെ ഓട്ടോകാർ കാർ ഓഫ് ദ ഇയർ അവാർഡിൽ മികച്ച ഡിസൈൻ അവാർഡ് ടാറ്റ അള്‍ട്രോസ് നേടി.  ഇറ്റലിയില്‍ പിയാജിയോ, ജപ്പാനില്‍ ഡൈംമ്‌ലര്‍ ക്രൈസ്‌ലര്‍ എന്നിവര്‍ക്കുവേണ്ടിയും അദ്ദേഹം ജോലി ചെയ്‍തിരുന്നു. യുകെയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റായി ഒടുവില്‍ പ്രവര്‍ത്തിച്ചു. പ്രതാപുമായി പ്രശ്‍നങ്ങൾ ഒന്നുമില്ലെന്നും കൂടുതൽ അവസരങ്ങൾ തേടിയാണ് അദ്ദേഹം പോകുന്നതെന്നുമാണ് ടാറ്റ മോട്ടോഴ്‍സ് വ്യക്തമാക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!