Oil Price| തുടർച്ചയായ നാലാം ദിനവും അനക്കമില്ല, ഇന്ധനവില ഇനി കുത്തനെ കുറയുമോ? ഇതാണ് സൂചനകള്‍!

By Web TeamFirst Published Nov 8, 2021, 4:14 PM IST
Highlights

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഇതു നല്‍കുന്ന സൂചന എന്ത്?

കേന്ദ്രസർക്കാർ (Central Government) എക്‌സൈസ് തീരുവ (Excise Duty) കുറച്ചതും പല സംസ്ഥാന സർക്കാരുകൾ വാറ്റ് നിരക്ക് (VAT Rate)കുറച്ചതും മൂലം ഉണ്ടായ ഗണ്യമായ വിലക്കുറവിനെത്തുടർന്ന് അടുത്തിടെയാണ് രാജ്യത്ത് ഇന്ധനവില കുറഞ്ഞത്. ഇതിനുശേഷം തുടർച്ചയായ നാലാം ദിവസമായ തിങ്കളാഴ്‍ചയും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമൊക്കെ ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല.  

എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലുടനീളം പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറഞ്ഞിരുന്നു. കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനെ പിന്നാലെ അതത് സംസ്ഥാന സർക്കാരുകൾ വാറ്റ് കുറച്ചയിടങ്ങളിലും നികുതി കുറഞ്ഞു.  ഈ വിലക്കുറവിന് ശേഷം, രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ താഴെയായി കുറഞ്ഞു. എങ്കിലും മെട്രോ നഗരങ്ങളിൽ ഉള്‍പ്പെടെ പലയിടങ്ങളിലും ഇപ്പോഴും ഒരു ലിറ്റർ പെട്രോൾ 100 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ദില്ലിയിൽ പെട്രോൾ ലിറ്ററിന് 103.97 രൂപയും ഡീസൽ ലിറ്ററിന് 86.67 രൂപയുമാണ് വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സാമ്പത്തിക തലസ്ഥാനത്താനമായ മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപയും ഡീസൽ വില ഒരു ലിറ്ററിന് 94.14 രൂപയുമാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 104.67 രൂപയും ഒരു ലിറ്റർ ഡീസൽ വില 89.79 രൂപയുമാണ് വില.

ചില സംസ്ഥാന സർക്കാരുകള്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ചതും തുടർന്നുള്ള വാറ്റ് നിരക്ക് വെട്ടിക്കുറച്ചതും സാധാരണക്കാർക്ക് ആശ്വാസമായെങ്കിലും, പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എക്‌സൈസ് തീരുവ കുറയ്ക്കാൻ ഇനിയും അവസരമുണ്ടെന്ന് വിദഗ്ധരും വിശ്വസിക്കുന്നു.

ഈ സാമ്പത്തിക വർഷത്തിന്റെ ഏഴ് മാസങ്ങൾ ഇതിനകം കഴിഞ്ഞു, ഉയർന്ന നികുതി നിരക്ക് ഈടാക്കി സർക്കാർ ഖജനാവ് നിറച്ചതിനാൽ, ഈ സാമ്പത്തിക വർഷത്തിന്റെ ബാക്കി മാസങ്ങളിൽ ഉയർന്ന എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ കഴിയും എന്നാണ് വിദഗ്ദരെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഉയർന്ന എക്സൈസ് തീരുവയും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും കാരണം 2021 ൽ മാത്രം ഇന്ധന വില ലിറ്ററിന് 21 രൂപയിലധികം ആണ് വർദ്ധിച്ചത്. 

എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചത്. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു.  എന്നാൽ മൂല്യവർധിത നികുതി കുറക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിന് ഉയർന്ന വിലയുള്ള മഹാരാഷ്ട്രയിൽ സർക്കാർ അടിയന്തരമായി നികുതി കുറയ്ക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം ശക്തമാക്കുകയാണ്. 

click me!