'ഹമ്മോ, ഈ ഹമ്മറിന്‍റെ ഒരുകാര്യം'; വെറും 10 മിനിറ്റ്, മുഴുവനും വിറ്റുതീര്‍ന്നു!

By Web TeamFirst Published Oct 25, 2020, 1:16 PM IST
Highlights

ഹമ്മറിനെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വാര്‍ത്ത ഏറെ കൌതുകകരമാണ്

ഐക്കണിക്ക് ഹമ്മര്‍ ബ്രാന്‍ഡിനെ ജനറല്‍ മോട്ടോഴ്‌സ് തിരികെ എത്തിക്കുന്നു എന്ന് കഴിഞ്ഞ കുറച്ചുനാളുകളായി കേട്ടുതുടങ്ങിയിട്ട്. ജിഎംസി ബ്രാന്‍ഡിന് കീഴില്‍ പൂര്‍ണ ഇലക്ട്രിക്ക് ഹമ്മര്‍ ആയി എത്തുന്ന വാഹനത്തിന്‍റെ ഔദ്യോഗിക അവതരണം കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് വൈകുകയാണ്. 

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വാര്‍ത്ത ഏറെ രസകരമാണ്. 2021 ഹമ്മര്‍ ഇവിയുടെ ഔദ്യോഗിക ബുക്കിംഗ് തുടങ്ങി മിനിറ്റുകള്‍ക്ക് അകം തന്നെ വാഹനം വിറ്റുതീര്‍ന്നതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്, വിപണിയില്‍ എത്തുന്നതിനു മുമ്പേ തന്നെ പുത്തന്‍ ഹമ്മര്‍ വിറ്റുതീര്‍ന്നെന്ന് ചുരുക്കം. 2022-ലേക്കുള്ള ബുക്കിംഗ് ഇനി അടുത്ത വര്‍ഷം മാത്രമായിരിക്കും ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം ആദ്യം തന്നെ ഹമ്മര്‍ ഇ വി എത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പുതിയ ഹമ്മർ മോഡലുകളുടെ പ്രൊഫൈലുകൾ കാണിക്കുന്ന ടീസർ വീഡിയോകള്‍ ജിഎം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് ഇലക്ട്രിക് മോട്ടോറുകളുടെ മാച്ചിംഗ്, അതുപോലെ തന്നെ അൾട്ടിയം ബാറ്ററിയുടെ നിർമാണവും വാഹനത്തിന്റെ ബോഡി മോഡലിംഗും വ്യക്തമായിരുന്നു. അവ പഴയവ പോലെ വളരെ ആവിഷ്‌കൃതവും വലുതുമായ ലൈനുകൾ കൊണ്ടുമാണ് പൂർത്തിയാക്കുന്നത്.

മുൻവശത്ത് ഹമ്മറിന്റെ പേര് ഉൾക്കൊള്ളുന്ന അക്ഷരങ്ങൾ, കൂടാതെ പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകളും ഇടംപിടിച്ചിരിക്കുന്നു. ഫ്രണ്ട്, റിയർ ഫെൻഡറുകൾ ഉൾപ്പടെ മസ്‍കുലർ ഡിസൈൻ GMC ഹമ്മർ ഇവിക്ക് ഉണ്ടാകും. കുത്തനെയുള്ള വിൻഡ്‌ഷീൽഡ്, ബോഡിയുടെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബോണറ്റ് ചെറുതാണ്. റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, നോബിൾ ടയറുകളുള്ള ഡ്യുവൽ-ടോൺ അലോയി വീലുകൾ, ചരിഞ്ഞ C-പില്ലറുകൾ, റെയിലുകൾ ഇല്ലാതെ പരന്ന റൂഫ്, ഒരു വലിയ ഗ്ലാസ് ഏരിയ, ഒരു ചെറിയ ലോഡിംഗ് ബെഡ് എന്നിവയും ടീസറിൽ കാണുന്നു.

ഹമ്മര്‍ ഇവിയുടെ സൈസ്, വില, റേഞ്ച് എന്നീ വിവരങ്ങള്‍ അവതരണ വേളയില്‍ മാത്രമേ പ്രഖ്യാപിക്കൂ. എന്നാല്‍, പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ മലിനീകരണ തോത് മാത്രമായിരിക്കും ഇലക്ട്രിക് ഹമ്മറിനുണ്ടാകുകയെന്ന് ജനറല്‍ മോട്ടോഴ്‌സ് വ്യക്തമാക്കുന്നു.

വരാനിരിക്കുന്ന ഇലക്ട്രിക് ഹമ്മർ ഒരു ഫോർ-വീൽ ഡ്രൈവ് വാഹനമായിരിക്കുമെന്നാണ് റിപ്പോർട്ട്.  മുമ്പ് നിരത്തിലുണ്ടായിരുന്ന ഹമ്മറിന്റെ ഡിസൈന്‍ ശൈലിയിലായിരിക്കും പുതിയ ഹമ്മര്‍ ഇവിയും ഒരുങ്ങുക.  ജിഎംസി ഹമ്മര്‍ ഇവി ട്രക്കിന് 1,014  ബിഎച്ച്പി കരുത്തും 15,592 എന്‍എം പരമാവധി ടോര്‍ക്കും ഉണ്ടായിരിക്കും. 15,000 ന്യൂട്ടണ്‍ മീറ്റര്‍ തന്നെയാവും ടോര്‍ക്ക്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മൂന്ന് സെക്കന്‍ഡ് മതിയാകും.

ജനറല്‍ മോട്ടോഴ്‌സിന്റെ ഡെട്രോയിറ്റ് പ്ലാന്റിലായിരിക്കും ഓള്‍ ഇലക്ട്രിക് ഹമ്മര്‍ എസ്‌യുവി നിര്‍മിക്കുന്നത്. ഹമ്മർ ഇലക്ട്രിക് എസ്‌യുവിയും പിക്കപ്പ് ട്രക്കും എക്‌സ്ട്രീം ഓഫ് റോഡറായ ജീപ്പ് റാംഗ്ലർ, ഫോർഡ് ബ്രോങ്കോ എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുക. ഒപ്പം റിവിയന്‍ ആര്‍1,  ടെസ്‌ല സൈബര്‍ട്രക്ക് എന്നിവരും എതിരാളികളാകും. 

ജനറല്‍ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് ട്രക്ക് ആയിരിക്കും ഹമ്മര്‍ ഇവി. ഇലക്ട്രിക് വാഹനമായിരിക്കുമ്പോഴും ഹമ്മര്‍ അതിന്റെ ഓഫ്‌റോഡ് കഴിവുകള്‍ അതേപോലെ നിലനിര്‍ത്തുമെന്ന് ജിഎംസി പറയുന്നു. ഇലക്ട്രിക് വാഹനമായതിനാല്‍ ശബ്ദം കുറവായിരിക്കും. വി8 പെട്രോള്‍ എന്‍ജിനാണ് ആദ്യ തലമുറ ഹമ്മര്‍ ഉപയോഗിച്ചിരുന്നത്. ഇന്ധന ഉപഭോഗത്തിന്റെ തോത് കാരണം കുടിയന്‍ എന്ന ചീത്തപ്പേര് സമ്പാദിച്ചിരുന്നു.

2010 ലാണ് ഹമ്മര്‍ ബ്രാന്‍ഡ് ജനറല്‍ മോട്ടോഴ്‌സ് നിർത്തലാക്കിയത്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വര്‍ധനവുമായിരുന്നു കാരണങ്ങള്‍.  റഗ്ഗഡ് ട്രക്കിന്റെ സിവിലിയന്‍ പതിപ്പ് പരിസ്ഥിതി സൗഹൃദമല്ലെന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ വാഹനമാണ്. 

click me!