"സൂപ്പര്‍ ഹൈവേയെ വെള്ളത്തില്‍ മുക്കിയത് ഗ്രാമവാസികൾ" തുറന്നടിച്ച് സര്‍ക്കാര്‍!

By Web TeamFirst Published Mar 21, 2023, 12:06 PM IST
Highlights

പുത്തൻ ദേശീയപാതയുടെ ശോചനീയാവസ്ഥയുടെ കാരണം സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 

താനും ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍ത ബെംഗളൂരു-മൈസൂരു എക്സ്‍പ്രസ് ഹൈവേ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‍ത കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായ സംഭവം വൻ ചര്‍ച്ചയായിരുന്നു. ഇതോടെ പുത്തൻ ദേശീയപാതയുടെ ശോചനീയാവസ്ഥയുടെ കാരണം സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 

വെള്ളക്കെട്ടിന് കാരണം രാമനഗര സ്‌ട്രെച്ചിന് സമീപമുള്ള ഡ്രെയിൻ പാത ഗ്രാമവാസികൾ തടസപ്പെടുത്തിയതാണെന്ന് മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയിൽ പറയുന്നു.

"കൃഷിയിടങ്ങളിലേക്കും ഗ്രാമത്തിലേക്കും പ്രവേശിക്കാനുള്ള കുറുക്കുവഴിക്കായി മൂന്നു മീറ്റർ വീതിയിൽ മണ്ണിട്ട് ഓട അടച്ച് സർവീസ് റോഡിൽ നിന്ന് സ്വന്തം പാത ഉണ്ടാക്കാൻ പ്രദേശവാസികള്‍ ശ്രമിച്ചു. ഇങ്ങനെ ഡ്രെയിനേജ് പാത തടസപ്പെട്ടതാണ് ഹൈവേയിലെ വെള്ളപ്പൊക്കത്തിന് കാരണം. ഗ്രാമവാസികൾ നിർമ്മിച്ച പാത  നീക്കം ചെയ്‍തു..” ദേശീയപാതാ അതോറിറ്റി പ്രസ്‍താവനയിൽ പറഞ്ഞതായി ദ മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത മഴയെത്തുടർന്ന് ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേയിലെ രാമനഗര സ്ട്രെച്ചിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഹൈവേയിലെ അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ, ബമ്പർ ടു ബമ്പർ അപകടങ്ങൾ കാരണം ശനിയാഴ്ച ഗതാഗതം മന്ദഗതിയിലായി. കഴിഞ്ഞ വർഷം കർണാടകയിൽ അഭൂതപൂർവമായ മഴ പെയ്‍തപ്പോൾ വെള്ളത്തിനടിയിലായതും ഇതേ അണ്ടർബ്രിഡ്‍ജാണ് എന്നതാണ് ശ്രദ്ധേയം.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 8,480 കോടി രൂപ ചെലവിൽ വികസിപ്പിച്ചതാണ് 119 കിലോമീറ്റർ ദൈര്‍ഘ്യമുള്ള ബെംഗളുരു-മൈസൂർ എക്‌സ്‌പ്രസ്‌വേ പദ്ധതി. പത്ത വരി പാതകളുള്ള നിയന്ത്രിത ഹൈവേയാണ് ഇത് . ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള ഗതാഗതത്തിരക്ക് കുറയ്ക്കാനും അതുവഴി യാത്രാസമയം മൂന്ന് മണിക്കൂറിൽ നിന്ന് എഴുപത്തിയഞ്ച് മിനിറ്റായി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഹൈവേ നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ദേശീയ പാതയുടെ ഒരു ഭാഗം ബിദാദിക്ക് സമീപമുള്ള മേൽപ്പാലത്തിൽ തകർന്നതായി നേരത്തെ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തിരുന്നു. കേടുപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണികൾ നടത്തി.

ബംഗളൂരു-മൈസൂരു സൂപ്പര്‍ റോഡ്, വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിച്ച് കേന്ദ്രം; ഗതാഗതം സാധാരണ നിലയില്‍

click me!