പൊതുറോഡുകളിൽ വാഹനങ്ങള്‍ ഉപയോഗിച്ച് സ്റ്റണ്ടുകൾ നടത്തുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ആളുകൾ ഇതേ കുറ്റം ആവർത്തിക്കുന്നതായാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. ട്രാഫിക് നിയമം ലംഘിച്ച് വിവാഹ ഘോഷയാത്രയിൽ സ്റ്റണ്ട് നടത്തിയ വരനും സുഹൃത്തുക്കൾക്കും ലഭിച്ചത് രണ്ടുലക്ഷം രൂപ പിഴ അടയ്ക്കാനുള്ള നോട്ടീസാണ്. ഉത്തർപ്രദേശിലെ മുസാഫർ നഗറില്‍ നടന്ന സംഭവം കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ.
ഹരിദ്വാറിൽ നിന്ന് നോയിഡയിലേക്ക് വരികയായിരുന്നു വരന്‍റെ വിവാഹ ഘോഷയാത്രയുടെ വീഡിയോ ആണ് വൈറലായത്. ഘോഷയാത്രയിൽ ഔഡി എ3 കാബ്രിയോലെറ്റ്, എ6, എ4 സെഡാനുകൾ, മഹീന്ദ്ര സ്കോർപിയോകള്‍ ഒരു ജാഗ്വാർ എക്സ്എഫും ഉൾപ്പെടെ വാഹനവ്യൂഹത്തിൽ ഒമ്പതോളം വാഹനങ്ങൾ ഉണ്ടായിരുന്നു. ഈ വാഹനങ്ങളുടെ സൺറൂഫിനും ജനലുകൾക്കും പുറത്ത് ആളുകൾ തൂങ്ങിക്കിടക്കുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഔഡി എ3 കാബ്രിയോലെറ്റിൽ മേൽക്കൂര താഴ്ത്തി നിൽക്കുകയായിരുന്നു വരൻ. വാഹനങ്ങളിൽ തൂങ്ങിക്കിടന്ന് ആളുകൾ സെൽഫിയെടുക്കുന്നുണ്ടായിരുന്നു. അവരാരും ഹെൽമെറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങളോ കാൽമുട്ട് പാഡ് അല്ലെങ്കിൽ എൽബോ പ്രൊട്ടക്ടർ പോലുള്ള സംരക്ഷണ ഗിയറോ ധരിച്ചിട്ടില്ല. അത്തരം സ്റ്റണ്ടുകൾക്കിടയിൽ ഏതു തരത്തിലും അപകടം സംഭവിക്കാം. വാഹനം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ബോണറ്റിൽ നിന്ന് താഴേക്ക് വീണാല്‍ വന്‍ദുരന്തത്തിൽ അവസാനിക്കാം.
എന്തായാലും വാഹനവ്യൂഹത്തിന്‍റെ ഈ വീഡിയോ ട്വിറ്ററിൽ ഒരാള്‍ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ പോലീസ് നടപടി എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒമ്പത് വാഹനങ്ങളിൽ നിന്ന് 2.02 ലക്ഷം രൂപ പിഴ ചുമത്തിയതായി പോലീസ് പറഞ്ഞു. മുസാഫർനഗർ പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും വിവരം പങ്കുവെച്ചു.
പൊതുവഴികളിൽ നിയമവിരുദ്ധമായ സ്റ്റണ്ടുകൾ
പൊതുനിരത്തുകളിൽ ഏതെങ്കിലും തരത്തിലുള്ള സ്റ്റണ്ട് ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമലംഘകർക്ക് വൻ പിഴയും ചിലപ്പോള്‍ ജയിൽവാസവും ഉറപ്പാണ്. പൊതു റോഡുകളിൽ സ്റ്റണ്ടുകൾ ചെയ്യുന്നത് വിവിധ കാരണങ്ങളാൽ കുറ്റകരമാണ്. ആരെങ്കിലും സ്റ്റണ്ടിംഗ് പരിശീലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ വീഡിയോകൾ റെക്കോർഡുചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് റേസ് ട്രാക്കുകളും ഫാം ഹൗസുകളും പോലുള്ള സ്വകാര്യ ഇടങ്ങളിൽ ചെയ്യണം. കൂടാതെ, അത്തരം സ്റ്റണ്ടുകൾ അങ്ങേയറ്റം അപകടകരമാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം കേസുകളില്‍ നടപടിയെടുക്കാന്‍ പോലീസ് ഇപ്പോൾ വൈറല്‍ വീഡിയോകൾ ഉപയോഗിക്കുന്നു. ഗാസിയാബാദിൽ ഇതാദ്യമായല്ല വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നത്. മുമ്പ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ സ്റ്റണ്ട് ചെയ്യുന്ന രണ്ട് പെൺകുട്ടികൾക്കും മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ സ്റ്റണ്ട് ചെയ്യുന്ന യുവാക്കൾക്കും വൈറലായ വീഡിയോകളുടെ അടിസ്ഥാനത്തിൽ പൊലീസിൽ നിന്ന് ചലാൻ ലഭിച്ചിരുന്നു.