മറ്റൊരു ചൈനീസ് ഭീമന്‍ കൂടി ഇന്ത്യയില്‍

By Web TeamFirst Published Feb 9, 2020, 9:47 AM IST
Highlights

ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഹൈമ ഓട്ടോമൊബീല്‍ ഇന്ത്യയില്‍ അരങ്ങേറി

ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഹൈമ ഓട്ടോമൊബീല്‍ ഇന്ത്യയില്‍ അരങ്ങേറി. ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ മൂന്ന് മോഡലുകളാണ് ഹൈമ അണിനിരത്തിയത്. ത്രിമൂര്‍ത്തികളില്‍ ഹൈമ 7എക്സ്, ഹൈമ 8 എസ്, ഹൈമ ഇ1 എന്നിങ്ങനെ മൂന്നു മോഡലുകളെയാണ് അവതരിപ്പിച്ചത്. 

ഇതില്‍ ഹൈമ ഇ1 ഇവി ആയിരിക്കും ഹൈമ ഓട്ടോമൊബീലിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍. ചൈനയില്‍ ഹൈമ ഐഷാംഗ് ഇവി 360 എന്ന പേരില്‍ വില്‍ക്കുന്ന വാഹനത്തെ  2022 തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

34 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് ഹൈമ ഇ1 ഇവിയുടെ ഹൃദയം. ഇലക്ട്രിക് മോട്ടോര്‍ 54 എച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 302 കിലോമീറ്റര്‍ സഞ്ചരിക്കാം. തുടര്‍ച്ചയായി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ഡ്രൈവ് ചെയ്യാന്‍ കഴിഞ്ഞാല്‍ 352 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 


സികെഡി രീതിയില്‍ ബേര്‍ഡ് ഇലക്ട്രിക്കിന്റെ മനേസറിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യും. സബ്‌സിഡി കൂടാതെ പത്ത് ലക്ഷം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം. ചൈനയില്‍ ഹൈമ ഐഷാംഗ് ഇവി 360 എന്ന പേരിലാണ് ഹൈമ ഇ1 ഇവി വില്‍ക്കുന്നത്. താങ്ങാവുന്ന വിലയില്‍, കൂടുതല്‍ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് വാഹനമാണ് ഹൈമ ഇ1.

ഹൈമ ഇ1 ഇവിയുടെ രൂപകല്‍പ്പന ലളിതമാണ്. എന്നാല്‍ ഇന്ത്യാ സ്‌പെക് മോഡല്‍ വളരെ വ്യത്യസ്തമായിരിക്കുമെന്ന് ബേര്‍ഡ് ഇലക്ട്രിക് അറിയിച്ചു. ടോള്‍ബോയ് ഡിസൈന്‍ ലഭിച്ച ചെറിയ സിറ്റി കാറാണ് ഹൈമ ഇ1 ഇവി. എങ്കിലും കാറിനകത്ത് സ്ഥലസൗകര്യം വേണ്ടുവോളം ഉണ്ടായിരിക്കും. കാബിനില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ നല്‍കും.

ബിഎംഡബ്ല്യുവിന്റെയും മിനിയുടേയും ഔദ്യോഗിക പാര്‍ട്‌നറായ ബേര്‍ഡ് ഓട്ടോമോട്ടീവിന്‍റെ ഉപസ്ഥാപനമായ ബേര്‍ഡ് ഇലക്ട്രിക്കുമായി സഹകരിച്ചാണ് ഹൈമ ഓട്ടോമൊബൈല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുക. ബേഡിന്റെ ബാഡ്‍ജിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയേക്കും.

ഐഷാങ് 360 ഹാച്ച്ബാക്ക്, E7 എംപിവി, E5 എസ്‌യുവി, E3 സെഡാന്‍ എന്നിവയാണ് ഹൈമയുടെ ഇലക്ട്രിക് വാഹനശ്രേണി. ഇതിനുപുറമെ, M3 സെഡാന്‍, M8 സെഡാന്‍, S5 യോങ് എസ്‌യുവി, S5 എസ്‌യുവി, S7 എസ്‌യുവി, F7 എംപിവി, 8S എസ്‌യുവി, 7X എപിവി എന്നീ വാഹനങ്ങളും ഹൈമയില്‍ നിന്ന് നിരത്തിലെത്തുന്നുണ്ട്.

ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈക സിറ്റിയിൽ 1988 ൽ ആണ് ഹൈമ ഓട്ടോമൊബൈൽസ് ആരംഭം കുറിച്ചത്.  ജാപ്പനീസ് കാർ നിർമാതാക്കളായ മസ്‍ദയുടെ റീബാഡ്‍ജ് ചെയ്‍ത വാഹനങ്ങൾ ചൈനയില്‍ ഇറക്കുന്നതിനായിരുന്നു ഹൈനാന്‍-മസ്ത കമ്പനികള്‍ ചേര്‍ന്നാണ് ഹൈമ ഓട്ടോമൊബൈല്‍സ് രൂപീകരിച്ചത്. 2006-ല്‍ മസ്‍ദയുടെ ഓഹരി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഫസ്റ്റ് ഓട്ടോമൊബൈൽ വർക്ക്സ്  (എഫ്എഡബ്ല്യു) ഗ്രൂപ്പ് ഏറ്റെടുത്തു.

അതോടെ എഫ്എഡബ്ല്യു ഗ്രൂപ്പ് എന്നറിയപ്പെടുന്ന കമ്പനി ഇപ്പോൾ ഹൈമ ഗ്ലോബൽ ആർക്കിടെക്ചർ (എച്ച്എംജിഎ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി സ്വന്തമായി എസ്‌യുവികൾ, എംപിവികൾ, വൈദ്യുതീകരിച്ച വാഹനങ്ങൾ എന്നിവ വികസിപ്പിക്കുന്നു.

ചൈനയിൽ നടന്ന 2019 ഗ്വാങ്‌ഷോ ഓട്ടോ ഷോയിലാണ് പുതിയ എംപിവിയായ 7 എക്സ്  ഹൈമ ഓട്ടോമൊബൈൽ അവതരിപ്പിച്ചത്. ഈ വാഹനവും ദില്ലിയില്‍ പ്രദര്‍ശിപ്പിച്ചു. ഹൈമ 7 എക്‌സിൽ മസെരാട്ടി-എസ്‌ക് ഗ്രിൽ, ഏഴ് സീറ്റുകൾ, കണ്ണക്ടഡ് സിസ്റ്റം, വലിയ ഒരു ടച്ച് സ്ക്രീൻ എന്നിവ പ്രതീക്ഷിക്കാം. 7 എക്സ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ വലുതാണ്.

ഈ വർഷം ആദ്യം കമ്പനി പുറത്തിറക്കിയ 8 എസ് മിഡ്‌സൈസ് എസ്‌യുവിയെയും ദില്ലിയിലെത്തിച്ചു. ഇത് അളവനുസരിച്ച് കിയ സെൽറ്റോസിനും എംജി ഹെക്ടറിനുമിടയിലാവും സ്ഥാനം. വാഹനത്തിൽ 135 hp കരുത്തും 293NM ടോർക്കും ഉല്പാദിപ്പിക്കുന്ന 1.6 ലിറ്റർ T-GDI എൻജിൻ ആണ് കമ്പനി നൽകുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എൻജിൻ ജോഡി ആക്കിയിരിക്കുന്നു. വാഹനം 8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും പ്രാപ്തനാണ്.

click me!