ആ ചൈനീസ് എസ്‍യുവി സ്വന്തമാക്കി പാര്‍ലമെന്‍റ് അംഗമായ ബോളിവുഡ് നടിയും

By Web TeamFirst Published Oct 19, 2019, 4:10 PM IST
Highlights

പുതിയ എംജി ഹെക്ടര്‍ എസ്‍യു‍വി സ്വന്തമാക്കി പാര്‍ലമെന്‍റ് അംഗവുമായ നടി

പുതിയ എംജി ഹെക്ടര്‍ എസ്‍യു‍വി സ്വന്തമാക്കി ബോളിവുഡ് നടിയും പാര്‍ലമെന്‍റ് അംഗവുമായ ഹേമ മാലിനി. വാഹനത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഷാര്‍പ്പാണ് ഹേമ മാലിനി സ്വന്തമാക്കിയത്. എംജിയുടെ മുംബൈ ഷോറൂമില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 17.28 ലക്ഷം രൂപയോളമാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം വില. 

ഉയരം കൂടുതലുള്ള കാറാണ് തനിക്ക് വേണ്ടത്, അതിനാലാണ് ഹെക്ടര്‍ തിരഞ്ഞെടുത്തതെന്നും തന്റെ സഹോദര ഭാര്യയാണ് ഈ കാര്‍ വാങ്ങാന്‍ നിര്‍ദേശിച്ചതെന്നും ഹെക്ടര്‍ സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ഹേമ മാലിനി വ്യക്തമാക്കി. 

കാന്‍ഡി വൈറ്റ് നിറത്തിലുള്ളതാണ് ഈ ഹെക്ടര്‍. 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ ഹെക്ടറാണ് താരം തിരഞ്ഞെടുത്തത്. 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ഹെക്ടറിന് പുറമേ മെഴ്‌സിഡിസ് ബെന്‍സ് എംഎല്‍ ക്ലാസ്, ഹ്യുണ്ടായ് സാന്റ ഫെ, ഔഡി ക്യൂ 5 തുടങ്ങിയ നിരവധി വാഹനങ്ങള്‍ ഹേമ മാലിനിയുടെ കൈവശം നേരത്തെയുണ്ട്.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി.  കിടിലന്‍ ഫീച്ചറുകളോടെ ജൂണ്‍ 27നാണ് വാഹനം വിപണിയിലെത്തുന്നത്. തുടക്കത്തിലേ വന്‍ ഹിറ്റായ വാഹനത്തിന്‍റെ ബുക്കിംഗ് ഉത്പാദനശേഷിയെക്കാൾ കൂടിയതിനാല്‍ ഇടക്ക് കമ്പനി നിര്‍ത്തിവച്ചിരുന്നു. വിലകൂട്ടി കഴിഞ്ഞയാഴ്‍ചയാണ് ബുക്കിംഗ് വീണ്ടും തുടങ്ങിയത്.  

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍. 

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.  

click me!