
ഇന്ത്യയിലെ ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ് അതിന്റെ മോട്ടോർസൈക്കിളുകളുടെയും സ്‍കൂ വില ഒക്ടോബർ മൂന്നു മുതൽ ഏകദേശം ഒരു ശതമാനം വർദ്ധിപ്പിക്കാൻ പോകുന്നു. ഒക്ടോബർ മൂന്നു മുതൽ തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെയും സ്‍കൂ ട്ടറുകളുടെയും വിലകളിൽ (എക്സ്-ഷോറൂം) ചെറിയ മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി അറിയിച്ചു. തിരഞ്ഞെടുത്ത മോഡലുകൾക്കും വിപണികൾക്കും അനുസരിച്ച് വില വർദ്ധനവ് വ്യത്യാസപ്പെടും. ഉൽപ്പന്ന മത്സരം, പണപ്പെരുപ്പം, മാർജിൻ, വിപണി വിഹിതം എന്നിവയെ കുറിച്ചുള്ള പതിവ് അവലോകനത്തിന്റെ ഭാഗമാണ് വിലയിലെ മാറ്റമെന്ന് കമ്പനി പറഞ്ഞു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹീറോ മോട്ടോകോർപ്പ് വില വർധിപ്പിക്കുന്നത്. തിരഞ്ഞെടുത്ത മോട്ടോർസൈക്കിൾ, സ്കൂട്ടർ മോഡലുകളുടെ നിരക്ക് ജൂലൈ മൂന്നിന് കമ്പനി 1.5 ശതമാനം വർധിപ്പിച്ചിരുന്നു. ഇരുചക്ര വാഹന കമ്പനി ഓഗസ്റ്റിൽ മൊത്തം 4.89 ലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 4.63 ലക്ഷം യൂണിറ്റിനേക്കാൾ കൂടുതലാണ്.
2023 ഓഗസ്റ്റിൽ ഹീറോ മോട്ടോകോര്‍പ് ഇന്ത്യൻ വിപണിയിൽ 4,72,974 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 450,740 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. വിദേശ കയറ്റുമതി 15,770 യൂണിറ്റിലെത്തി. 2022 ഓഗസ്റ്റിൽ വിദേശ വിപണിയിൽ വിറ്റ 11,868 യൂണിറ്റുകളേക്കാൾ വളരെ കൂടുതലാണ്. 2023 ജൂണിൽ അവസാനിച്ച പാദത്തിൽ ഹീറോ മോട്ടോകോർപ്പ് 825 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തെ അപേക്ഷിച്ച് 625 കോടി രൂപയേക്കാൾ 32 ശതമാനം കൂടുതലാണിത്. വാർഷിക വരുമാനം 4.5 ശതമാനം വർധിച്ച് 8,767 കോടി രൂപയായി.