കൊവിഡ് ദുരിതാശ്വാസം, വീണ്ടും സഹായവുമായി ഹീറോ

By Web TeamFirst Published Jul 25, 2021, 10:34 PM IST
Highlights

രാജ്യതലസ്ഥാന നഗരിയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് -19 വാര്‍ഡ് സൃഷ്‍ടിക്കാന്‍ മുന്‍കയ്യെടുത്തിരിക്കുകയാണ് കമ്പനി 

കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടം മുതല്‍ തന്നെ രാജ്യത്തിന് സഹായഹസ്‍തവുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് രംഗത്തുണ്ട് . ഇപ്പോഴിതാ അത്തരത്തിലൊരു സഹായവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജ്യതലസ്ഥാന നഗരിയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് -19 വാര്‍ഡ് സൃഷ്‍ടിക്കാന്‍ മുന്‍കയ്യെടുത്തിരിക്കുകയാണ് കമ്പനി എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലിയിലെ ജനക്പുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആണ് 50 കിടക്കകളുള്ള കൊവിഡ് -19 വാര്‍ഡ് സൃഷ്‍ടിക്കാന്‍ ഹീറോ അധികൃതരെ സഹായിച്ചത്. കൊവിഡ്-19 നെ ചെറുക്കുന്നതിനുള്ള ഹീറോയുടെ CSR ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് ഈ സംരംഭം ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ഹീറോ മോട്ടോകോര്‍പ്പ് പീപ്പിള്‍-ടു-പീപ്പിള്‍ ഹെല്‍ത്ത് ഫൗണ്ടേഷനുമായി പങ്കാളികളാകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലി സര്‍ക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് വ്യാപനം 2021 ഏപ്രിലില്‍ രണ്ടാംഘട്ടത്തിന്‍റെ പാരമ്യത്തിലെത്തിയപ്പോള്‍,  കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റസ്പോൺസബിലിറ്റി പ്ലാറ്റ് ഫോം  ഹീറോ വി കെയർ വഴി ഹീറോ മോട്ടോകോർപ് ഹരിദ്വാറിലെ രാമകൃഷ്‍ണ മിഷൻ സേവാശ്രമം കൻഖാനുമായി( ആർ എം എസ് കെ), സഹകരിച്ച് പ്രവർത്തിച്ചിരുന്നു. 

കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യ സംവിധാനത്തിനെ പിന്തുണക്കുകയാണ് കമ്പനി ചെയ്‍തുവരുന്നത്. റാപിഡ് റസ്പോൺസ് ടീമിൻറെയും മറ്റ് അടിയന്തര ചികിത്സാ സൗകര്യങ്ങളുടെയും ശേഷി വർധിപ്പിക്കുന്നതിനുള്ള പിന്തുണയാണ് നൽകിയത്. ഹരിദ്വാർ മേഖലയിൽ രോഗ വ്യാപനത്തിൻറെ തീവ്രത കുറയ്ക്കുന്നതിന് ആരോഗ്യ പരിപാടികളുടെ രൂപരേഖ നടപ്പാക്കുന്നതിന്  മിഷനെ സഹായിക്കുകയും ചെയ്‍തിരുന്നു. 

ദില്ലി, തലസ്ഥാന മേഖല, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതമായ യാത്രക്ക് മോട്ടോർ സൈക്കിളുകളും സ്‍കൂട്ടറുകളും നൽകിവരുന്നുണ്ട്.  ആരോഗ്യ പ്രവർത്തകർക്കായി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്‍തിട്ടുള്ളത് ഹരിയാനയിലെ ദാരുഹെറായിൽ ഏഴ് ആശുപത്രികൾ, ഉത്തരാഖണ്ഡിലെ നാല് ആശുപത്രികൾ, ഹരിയാനയിലെ ഗുരുഗ്രാമിലെ നാല് ആശുപത്രികൾ, ജയ്‍പൂരിലെ മൂന്ന് ആശുപത്രികൾ, രാജസ്ഥാനിലെ അൽവാറിലെയും ഗുജറാത്തിലെ ഹലോലിലെയും ഓരോ ആശുപത്രികൾ എന്നിവിടങ്ങളിലാണെന്നും ഹീറോ നേരത്തെ അറിയിച്ചിരുന്നു.  ഇതുകൂടാതെ ഹീറോ മോട്ടോകോർപ് അടിയന്തര ആവശ്യത്തിനുള്ള ഓക്സിജൻ സിലണ്ടറുകൾ ദില്ലിയിലും ഹരിയാനയിലും നൽകിയിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കായി പിപിഇ കിറ്റുകളും കൈമാറിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!