100 മില്യൺ വാഹനങ്ങൾ പുറത്തിറക്കി ഹീറോ മോട്ടോകോർപ്പ്

By Web TeamFirst Published Feb 20, 2021, 7:08 PM IST
Highlights

ഹീറോയുടെ ഹരിദ്വാറിലെ നിർമ്മാണ ശാലയിൽ നിന്ന് പുറത്തിറങ്ങിയ എക്സ്ട്രീം 160 R ബൈക്ക് ആണ് പത്ത് കോടി തികച്ച വാഹനം. തുടർച്ചയായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ എന്ന പദവി അലങ്കരിക്കുന്ന ഹീറോയുടെ വളർച്ചയിലെ ഒരു നിർണ്ണായക ഘട്ടമാണ് ഇതിലൂടെ പിന്നിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് പത്ത് കോടി വാഹനങ്ങൾ എന്ന വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഹീറോയുടെ ഹരിദ്വാറിലെ നിർമ്മാണ ശാലയിൽ നിന്ന് പുറത്തിറങ്ങിയ എക്സ്ട്രീം 160 R ബൈക്ക് ആണ് പത്ത് കോടി തികച്ച വാഹനം. ജനുവരി 21 വ്യാഴാഴ്ചയാണ് ഹീറോ ഈ നാഴികക്കല്ല് പിന്നിട്ടത്. 

തുടർച്ചയായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ എന്ന പദവി അലങ്കരിക്കുന്ന ഹീറോയുടെ വളർച്ചയിലെ ഒരു നിർണ്ണായക ഘട്ടമാണ് ഇതിലൂടെ പിന്നിടുന്നത്. ഈ പത്ത് കോടിയിൽ അഞ്ച് കോടി വാഹനങ്ങളും കഴിഞ്ഞ ഏഴു വർഷത്തിനുള്ളിലാണ് പുറത്തിറങ്ങിയത് എന്നത് ശ്രദ്ധേയമാണ്. 

 

തങ്ങളുടെ വിൽപ്പന, ഗവേഷണ വിഭാഗം, നിർമ്മാണ സംവിധാനം എന്നിവയിലൂടെ സാമ്പത്തിക രംഗത്തെ വികാസത്തിന് നിർണായക ശക്തികൂടിയാകുന്ന ഹീറോ മോട്ടോകോർപ് ലോകമെങ്ങുമുളള തങ്ങളുടെ ഉപഭോക്തൃ സമൂഹത്തിൽ മൂല്യാധിഷ്ഠിതമായ  വാഹന സംസ്കാരത്തിന് കൂടിയാണ് അടിത്തറ പാകുന്നത്. പത്ത് കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ സ്മരണക്കായി ന്യൂ ഡൽഹിക്കടുത്തുള്ള ഗുരുഗ്രാമിലെ ഫാക്ടറിയിൽ നിന്നും ആറു സെലിബ്രേഷൻ എഡിഷൻ വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഹീറോ മോട്ടോർകോർപ് ചെയർമാൻ പവൻ മുഞ്ജൽ അറിയിച്ചു. സ്‌പ്ലെൻഡർ പ്ലസ്, എക്സ്ട്രീം 160R, പാഷൻ പ്രൊ, ഗ്ലാമർ എന്നീ മോട്ടോർ സൈക്കിളുകളും ടെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110 എന്നീ സ്കൂട്ടറുകളുമാണ് പത്ത് കോടി വാഹനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ സ്മരണക്കായി പ്രത്യേക സെലിബ്രേഷൻ എഡിഷൻ ആയി ഹീറോ പുറത്തിറക്കുന്നത്. 2021 ഫെബ്രുവരിയിൽ ഇവ വിപണിയിലെത്തും. 

തങ്ങളുടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെയും, ഡീലർമാരെയും, നിക്ഷേപകരെയും, വിതരണക്കാരെയും, ജീവനക്കാരെയും അഭിസംബോധന ചെയ്യവെ മുഞ്ജൽ ഹീറോ മോട്ടോർ കോർപ്പിന്റെ അടുത്ത അഞ്ചു വർഷത്തെ വികസന പദ്ധതികളും വിശദീകരിച്ചു. പുതിയ ഉത്പന്നങ്ങളുമായി ലോകത്തെങ്ങാടുമുള്ള സാന്നിധ്യം കൂടുതൽ വിശാലമാക്കാനാണ് ഹീറോ വരും വർഷങ്ങളിൽ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ചു വർഷത്തേക്ക് ഓരോ വർഷവും പത്ത് പുതിയ വാഹന മോഡലുകൾ ഹീറോ പുറത്തിറക്കും. ഇതിൽ നിലവിലുള്ള വാഹനങ്ങളുടെ പുതുക്കിയ മോഡലുകളും പുതിയ വാഹനങ്ങളും ഉണ്ടാകും. 

നിലവിൽ ഇന്ത്യക്ക് പുറത്ത് ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് സെൻട്രൽ അമേരിക്ക തുടങ്ങി 40 രാജ്യങ്ങളിൽ ഹീറോ മോട്ടോകോർപ്പിന് സാന്നിധ്യമുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. കൂടാതെ ഫ്യൂവൽ എഫിഷ്യൻസി വർദ്ധിപ്പിക്കുന്നതിലൂടെയും ഗ്രീൻ ഫെസിലിറ്റികൾക്ക് കൂടുതൽ പ്രാധാന്യം നല്കുന്നതിലൂടെയും കാർബൺ ഫുട്പ്രിന്റ്‌ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഹീറോ തുടരും. ഹീറോ വാഹനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ https://www.cognitoforms.com/AsianetNewsMediaEntertainment/HeroQueryForm

click me!