കൊറോണ കാരണം കുത്തുപാളയെടുത്ത് ലോകത്തിലെ വമ്പന്‍ വണ്ടി റെന്‍റല്‍ കമ്പനി!

By Web TeamFirst Published Aug 18, 2020, 9:55 PM IST
Highlights

പാപ്പര്‍ ഹര്‍ജി നല്‍കി ഈ കമ്പനി
 

ലോകത്തിലെ ഏറ്റവും വലിയ കാർ റെന്റല്‍ കമ്പനികളിലൊന്നായ ഹെര്‍ട്‌സ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് റിപ്പോര്‍ട്ട്. കോവിഡ്19നെ തുടര്‍ന്നാണ് കമ്പനി പ്രതിസന്ധിയെന്നും ഓഹരിവിപണിയില്‍ കൂപ്പുകുത്തിയിട്ടും ഓഹരികള്‍ വിറ്റ് കടം വീട്ടാനുള്ള കമ്പനിയുടെ ശ്രമവും പരാജയപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

500 ദശലക്ഷം ഡോളറെങ്കിലും സമാഹരിക്കാനായിരുന്നു ഹെര്‍ട്‌സിന്റെ പദ്ധതി. എന്നാല്‍ 29 ദശലക്ഷം ഡോളറിലേക്ക് വില്‍പന എത്തിയപ്പോഴേക്കും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍(എസ്ഇസി) കടക്കെണിയിലായ കമ്പനിയുടെ ഓഹരിവില്‍പനയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ആ മാര്‍ഗ്ഗവും അടഞ്ഞു. 

2020ന്‍റെ രണ്ടാം പാദത്തില്‍ ഹെര്‍ട്‌സിന്റെ വരുമാനം 67 ശതമാനമാണ് ഇടിഞ്ഞത്. ഇതുമൂലം 847 ദശലക്ഷം ഡോളറാണ്  നഷ്ടമായത്. 1.4 ബില്യണ്‍ ഡോളര്‍ പണമായി കൈവശമുണ്ടെന്നാണ് കഴിഞ്ഞ മെയ് 22ന് നല്‍കിയ പാപ്പര്‍ ഹര്‍ജിയില്‍ ഹെര്‍ട്‌സ് അറിയിച്ചിരിക്കുന്നത്. എങ്കിലും നിലവിലെ കടബാധ്യത വീട്ടുന്നതിന് അമേരിക്കയില്‍ ഹെര്‍ട്‌സിനു കീഴിലുള്ള 1.82 ലക്ഷം വാഹനങ്ങള്‍ വില്‍ക്കേണ്ടി വരും. ജൂണ്‍ ജൂലൈ മാസങ്ങളില്‍ മാത്രം ഒരു ലക്ഷത്തോളം വാഹനങ്ങള്‍ അവര്‍ വിറ്റിരുന്നു.

അമേരിക്കയ്ക്ക് പുറമേ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 150 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍ കമ്പനിയാണ് ഹെര്‍ട്‌സ് കോര്‍പറേഷന്‍. അതിനിടെ പാപ്പര്‍ ഹര്‍ജി നല്‍കി കാത്തിരിക്കുന്നതിനിടെ ഹെര്‍ട്‌സ് ഗ്ലോബല്‍ ഹോള്‍ഡിങ്‌സ് സിഎഫ്ഒ ജമെറെ ജാക്‌സന്‍ രാജിവെച്ചു. 

click me!