ഇന്ത്യന്‍ പ്ലാന്‍റുകള്‍ താല്‍ക്കാലികമായി അടയ്ക്കാനൊരുങ്ങി ഹോണ്ട

By Web TeamFirst Published Apr 30, 2021, 10:56 AM IST
Highlights

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ നാലു പ്ലാന്റുകളിലെ ഉല്‍പ്പാദനം മെയ് ഒന്നു മുതല്‍ നിര്‍ത്തിവയ്ക്കുന്നു

കൊച്ചി: കൊവിഡ്-19 രണ്ടാം വരവിന്റെ ഗുരുതര സ്ഥിതി വിശേഷവും രാജ്യത്തെ പല നഗരങ്ങളും ലോക്ക്ഡൗണിലേക്കും നീങ്ങിയതിനെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ നാലു പ്ലാന്റുകളിലെ ഉല്‍പ്പാദനം മെയ് ഒന്നു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു.

മെയ് ഒന്ന് മുതല്‍ 15വരെയാണ് ഈ താല്‍ക്കാലിക നിര്‍ത്തിവയ്ക്കല്‍ എന്നു കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സമയം പ്രയോജനപ്പെടുത്താനായി ഈ കാലയളവില്‍ പ്ലാന്റുകളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ നടത്തും എന്നും കോവിഡ്-19ന്റെ മാറികൊണ്ടിരിക്കുന്ന സാഹചര്യവും വിപണിയുടെ തിരിച്ചുവരവും നോക്കി വരും മാസങ്ങളിലെ ഹോണ്ടയുടെ ഉല്‍പ്പാദന പരിപാടികള്‍ അവലോകനം ചെയ്യും എന്നും കമ്പനി അറിയിച്ചു.

ബ്രേക്ക് ദി ചെയിന്‍ കാര്യക്ഷമമാക്കുന്നതിനും ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനും ഉപഭോക്താക്കള്‍ക്ക് പരമാവധി പിന്തുണ നല്‍കാനുമായി ഹോണ്ട ഓഫീസ് ജീവനക്കാര്‍ വര്‍ക്ക്-ഫ്രം-ഹോം തുടരും. അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രമായിരിക്കും പ്ലാന്റുകളിലും രാജ്യത്തുടനീളമുള്ള വിവിധ ഓഫീസുകളിലും പ്രവര്‍ത്തിക്കുക. സാമൂഹ്യ ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് എന്ന നിലയില്‍ സുരക്ഷയ്ക്ക് വേണ്ട എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളും എന്നും ഹോണ്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!