ഇതുവരെ സ്വന്തമാക്കിയത് രണ്ടരക്കോടി ഇന്ത്യാക്കാര്‍, റെക്കോഡുമായി ആക്ടിവ!

By Web TeamFirst Published Jan 8, 2021, 10:32 AM IST
Highlights

2.5 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌കൂട്ടര്‍ എന്ന പദവി ആക്ടിവ സ്വന്തമാക്കി

കൊച്ചി:   ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള സ്‌ക്കൂട്ടര്‍ ബ്രാന്‍ഡ് ആണ് ഹോണ്ട ആക്ടീവ. വാഹനം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. 2.5 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌കൂട്ടര്‍ എന്ന പദവി ആക്ടിവ സ്വന്തമാക്കിയതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി അതിവേഗത്തില്‍ താഴേക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഹോണ്ട തങ്ങളുടെ ആദ്യ ഇരുചക്ര വാഹനമയ 102 സിസി ആക്ടീവയുമായി 2001-ല്‍ രംഗത്തെത്തിയതെന്നും അതിനു ശേഷമുള്ളത് ചരിത്രമാണെന്നും  കമ്പനി പറയുന്നു. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഹോണ്ട ആക്ടീവ ബ്രാന്‍ഡ് നിരവധി നാഴിക്കല്ലുകള്‍ പിന്നിട്ടു കൊണ്ടാണ് ഏറ്റവും പുതിയ ബിഎസ് 6-ല്‍ എത്തിയത്.

ഇന്ത്യയിലെ രണ്ടര കോടി കുടുംബങ്ങള്‍ക്കു ചിറകുകള്‍ നല്‍കി ആക്ടീവയുടെ യാത്ര ഓരോ തലമുറയ്ക്കൊപ്പവും ആക്ടീവയുമൊത്തുള്ള ഇന്ത്യയുടെ സ്നേഹചരിത്രം ശക്തമാകുകയായിരുന്നു. 2001-ല്‍ രംഗത്തെത്തി വെറും മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആക്ടീവ 2001-2004 ഓടെ ഇന്ത്യന്‍ സ്‌ക്കൂട്ടര്‍ വിപണിയിലെ അനിഷേധ്യ നായക സ്ഥാനത്ത് എത്തുകയായിരുന്നു. അടുത്ത  രണ്ടു വര്‍ഷങ്ങളില്‍ ആകെ പത്തു ലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ലും പിന്നിട്ടു. 

കാലത്തിനും മുന്നില്‍ നില്‍ക്കുന്ന യഥാര്‍ത്ഥ സാങ്കേതികവിദ്യാ മുന്നേറ്റവുമായി ആക്ടീവ 15 വര്‍ഷം കൊണ്ട് 2015-ല്‍ ഒരു കോടി ഉപഭോക്താക്കള്‍ എന്ന നേട്ടം കൈവരിച്ചു. സ്‍കൂട്ടറുകളോടുള്ള താല്‍പര്യം വര്‍ധിച്ചു വന്നതോടെ ആക്ടീവ ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കി. ഇന്ത്യന്‍ കുടുംബങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പും ആക്ടീവ തന്നെയായി.  ഇത്തരത്തില്‍ ജനപ്രിയമായതോടെ മൂന്നിരട്ടി വേഗത്തിലാണ് അടുത്ത ഒന്നരക്കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയത്. വെറും അഞ്ചു വര്‍ഷം കൊണ്ടാണ് ഈ ഒന്നരക്കോടി ഉപഭോക്താക്കള്‍ ആക്ടീവ സ്വന്തമാക്കിയത്.

നവീന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ പലപ്പോഴും ഈ മേഖലയിലുള്ളതിനേക്കാള്‍ ദശാബ്ദം മുന്നില്‍ എന്ന നിലയിലാണ്  തങ്ങള്‍ മുന്നേറിയതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ അത്സുഷി ഒഗാട്ട ചൂണ്ടിക്കാട്ടി.  2001-ല്‍ പുറത്തിറക്കിയ ശേഷം 100-110 സിസി എഞ്ചിന്‍ ആയാലും കൂടുതല്‍ ശക്തമായ 125 സിസി എഞ്ചിന്‍ ആയാലും വിശ്വാസ്യത വളര്‍ത്തുന്ന നേതൃത്വമായിരുന്നു ആക്ടീവ കുടുംബത്തിന്റെ വിജയ രഹസ്യം.  കഴിഞ്ഞ 20 വര്‍ഷമായി സാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെ കാര്യത്തില്‍ ആക്ടീവ നേതൃനിരയിലാണെന്നും അദ്ദേഹം പറഞ്ഞു. 2001-ല്‍ അവതരിപ്പിച്ച ടഫ്അപ് ട്യൂബ്, ക്ലിക് എന്നിവയും 2009-ലെ ഇക്വലൈസറോടു കൂടിയ കോമ്പി ബ്രേക്ക്, മൈലേജ് പത്തു ശതമാനം വര്‍ധിപ്പിച്ചു കൊണ്ട് 2013-ല്‍ അവതരിപ്പിച്ച വിപ്ലവകരമായ ഹോണ്ട ഇക്കോ സാങ്കേതികവിദ്യ, കൂടുതല്‍ മികച്ച രീതിയിലെ ബിഎസ് 6 യുഗത്തിലെ ലോകത്തെ ആദ്യ ടമ്പിള്‍ ഫ്ളോ തുടങ്ങി ഏതു തലത്തിലായാലും ആക്ടീവ ബ്രാന്‍ഡ് സ്‌ക്കൂട്ടര്‍ രംഗത്തെ മുന്നേറ്റം തുടരുകയായിരുന്നു. ആക്ടീവയുടെ മുന്നേറ്റം തുടരുവാന്‍ സഹായിക്കുന്ന ഇന്ത്യയുടെ സ്നേഹം തങ്ങള്‍ക്ക് ആഹ്ലാദം പകരുന്നുവെന്നും അത്സുഷി ഒഗാട്ട വ്യക്തമാക്കി. 

click me!