അമേസുമായി ഹോണ്ട കുതിച്ചു, ഡിസയര്‍ വീണു, ചരിത്രം വഴിമാറി!

By Web TeamFirst Published Sep 13, 2021, 7:36 PM IST
Highlights

2021 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ സബ്-4 മീറ്റർ കോംപാക്‌ട് സെഡാൻ ശ്രേണിയില്‍ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലിനെ മറികടന്ന് പുതിയ ചരിത്രം രചിച്ച് ഹോണ്ട അമേസ്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ ഈ ഓഗസ്റ്റില്‍ ആണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാഹനം പുതിയൊരു ചരിത്രം സൃഷ്‍ടിച്ചിരിക്കുന്നു. 2021 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ സബ്-4 മീറ്റർ കോംപാക്‌ട് സെഡാൻ ശ്രേണിയില്‍ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലിനെ മറികടന്നാണ് ഹോണ്ട അമേസ് പുതിയ ചരിത്രം രചിച്ചിരിക്കുന്നതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം 2020 ഓഗസ്റ്റിൽ ഹോണ്ട നിരത്തിലെത്തിച്ച 3,684 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ അമേസിന്റെ 6,591 യൂണിറ്റുകൾ വിറ്റഴിക്കാൻ ഹോണ്ടയ്ക്ക് 2021 ഓഗസ്റ്റിൽ സാധിച്ചു. അതുവഴി 79 ശതമാനം വിൽപ്പന വളർച്ചയും ജാപ്പനീസ് ബ്രാൻഡ് കോംപാക്‌ട് സെഡാൻ ശ്രേണിയിൽ നിന്നും സ്വന്തമാക്കി.  മാരുതി സുസുക്കി ഡിസയർ 2021 ഓഗസ്റ്റിൽ 5,714 യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 13,629 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 58 ശതമാനം ഇടിവാണ് മാരുതിക്ക് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ 8.7 ശതമാനം ഇടിവ് വരെ രേഖപ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഏറ്റവും ഉയർന്നതാണെന്നാണ് വിലയിരുത്തൽ. ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവാണ് വിൽപ്പനയിൽ ഇടിവുണ്ടാകാൻ കാരണമെന്നാണ് കമ്പനി പറയുന്നത്.

എന്നാല്‍ അമേസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചതും കൂടാതെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് അമേസ് സെഡാന്റെ ലാഭകരമായ ആനുകൂല്യവും ഓഫറും പ്രഖ്യാപിച്ചതും കോം‌പാക്‌ട് സെഡാൻ വിഭാഗത്തിൽ ഹോണ്ടയ്ക്ക് നേട്ടമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.  

2021 ഹോണ്ട അമെയ്‌സ് E, S, VX എന്നീ മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പെട്രോൾ E - 6.32 ലക്ഷം രൂപ, പെട്രോൾ S - 7.16 ലക്ഷം രൂപ, പെട്രോൾ CVT S - 8.06 ലക്ഷം രൂപ, പെട്രോൾ VX - 8.22 ലക്ഷം രൂപ, പെട്രോൾ CVT VX - 9.05 ലക്ഷം രൂപ, ഡീസൽ E - 8.66 ലക്ഷം രൂപ, ഡീസൽ S - 9.26 ലക്ഷം രൂപ, ഡീസൽ VX - 10.25 ലക്ഷം രൂപ, ഡീസൽ CVT VX - 11.15 ലക്ഷം രൂപ എന്നിങ്ങനെയാണ് ദില്ലി എക്‌സ്-ഷോറൂം വിലകള്‍.

E വേരിയന്റ് മാന്വൽ ഗിയർബോക്‌സിൽ മാത്രമേ ലഭിക്കൂ. S, VX വേരിയന്റുകളിൽ പെട്രോൾ + ഓട്ടോമാറ്റിക് പതിപ്പും VX വേരിയന്റിൽ മാത്രം ഡീസൽ + ഓട്ടോമാറ്റിക് പതിപ്പും ലഭിക്കും. പുത്തൻ അമേസിന്റെ എക്‌സ്റ്റീരിയറിലെ മാറ്റങ്ങളിൽ കൂടുതലും മുൻഭാഗത്താണ്. സെഡാന്റെ പ്രധാന ആകർഷണം പരിഷ്കരിച്ച ഗ്രില്ലാണ്. വണ്ണം കുറഞ്ഞ പ്രധാന ക്രോം ബാറിന് കീഴെയായി രണ്ട് ക്രോം ബാറുകളും ചേർന്നതാണ് പുതിയ ഗ്രിൽ. ബമ്പറിലെ ഫോഗ് ലാമ്പ് ഹൗസിങ് പരിഷ്കരിക്കുകയും പുതിയ ക്രോം ഗാർണിഷുകൾ ചേർക്കുകയും ചെയ്തു.

അതെ സമയം ടോപ്പ്-സ്പെക്ക് VX പതിപ്പിന് മാത്രമാണ് ഏറ്റവും പ്രധാനപ്പെട്ട എക്സ്റ്റീരിയർ അപ്‍ഡേയ്റ്റ് ലഭിക്കുന്നത്. VX പതിപ്പിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും ഉൾകൊള്ളുന്ന ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് ഉള്ളത്. എൽഇഡി ടെയിൽ ലാംപ്, ക്രോമിൽ പൊതിഞ്ഞ ഡോർ ഹാൻഡിലുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ അല്പം പ്രീമിയം ലുക്ക് നൽകുന്നു. 2021 ഹോണ്ട അമെയ്‌സ് മീറ്റിയറോയ്ഡ് ഗ്രേ, പ്ലാറ്റിനം വൈറ്റ് പേൾ, റേഡിയന്റ് റെഡ്, ലൂണാർ സിൽവർ, ഗോൾഡൻ ബ്രൗൺ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ സ്വന്തമാക്കാം.  കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഫോര്‍ഡ് ആസ്‍പയര്‍, ഹ്യുണ്ടായി ഓറ,  ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!