Latest Videos

വൈറസിനെ തുരത്തും എയർ ഫിൽറ്ററുമായി ഹോണ്ട കാർസ്

By Web TeamFirst Published Oct 23, 2021, 9:37 PM IST
Highlights

ഫ്രൂഡൻബെർഗ് എന്ന ആഗോള ടെക്നോളജി ഗ്രൂപ്പാണ് ഹോണ്ട ആന്റിവൈറസ് കാബിൻ എയർ ഫിൽറ്റർ വികസിപ്പിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ (Honda Cars India) ഇപ്പോൾ തങ്ങളുടെ കാറുകളിൽ ഒരു നൂതന ആന്‍റിവൈറസ് ക്യാബിൻ എയർ ഫിൽറ്റർ വാഗ്ദാനം ചെയ്യുന്നു. ഫ്രൂഡൻബെർഗ് എന്ന ആഗോള ടെക്നോളജി ഗ്രൂപ്പാണ് ഹോണ്ട ആന്റിവൈറസ് കാബിൻ എയർ ഫിൽറ്റർ വികസിപ്പിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വിവിധതരം ദോഷകരമായ രോഗാണുക്കളും അലർജികളും വൈറസുകളും പിടിച്ചെടുക്കാൻ വളരെ ഫലപ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. 

വൈറൽ എയറോസോളുകളുടെ സാന്ദ്രത ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഈ പുതിയ കാബിൻ എയർ ഫിൽറ്റർ സജീവമായ സംരക്ഷണം നൽകുന്നു. ദോഷകരമായ പാരിസ്ഥിതിക വാതകങ്ങളെയും അജൈവ, ജൈവ കണങ്ങളെയും എയറോസോളുകളെയും ഫലപ്രദമായി ഫിൽട്ടർ ചെയ്യുകയും പിടിച്ചെടുക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു അതുല്യമായ മൾട്ടി-ലെയർ ഡിസൈൻ ആണ് ഇതിന് നല്‍കിയിരിക്കുന്നത്.

രോഗാണുക്കൾ, വൈറസുകൾ, ക്യാബിൻ എയർ ക്വാളിറ്റി എന്നിവയെക്കുറിച്ചുള്ള ആശങ്ക വർദ്ധിക്കുന്നതിനാൽ, സജീവമായ പരിഹാരം നൽകാനുള്ള കമ്പനിയുടെ ശ്രമമാണിതെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടർ-മാർക്കറ്റിംഗ് & സെയിൽസ് രാജേഷ് ഗോയൽ പറഞ്ഞു. വായുവിന്റെ ഗുണനിലവാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു പ്രതിരോധ സംവിധാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. കാറിന്റെ ഡ്രൈവർമാരുടെയും സഹയാത്രികരുടെയും ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്ന ഒരു ഉൽപ്പന്നം വിതരണം ചെയ്യുന്നതിനായി ഹോണ്ട അതിന്റെ വിതരണക്കാരുമായി ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ആന്റി-അലർജനും ആന്റിവൈറസ് കാബിൻ എയർ ഫിൽട്ടര്‍ എന്നും അദ്ദേഹം വ്യക്തമാക്കി. 

ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ ഉടനീളമുള്ള എല്ലാ ഹോണ്ട കാറുകളുടെയും ഡീലർഷിപ്പുകളില്‍ നിന്നും ഈ പുതിയ ആന്റിവൈറസ് കാബിൻ എയർ ഫിൽറ്റർ വാങ്ങാനും ഫിറ്റ് ചെയ്യാനും കഴിയുമെന്നും അത് ഇപ്പോൾ എല്ലാ സമീപകാല ഹോണ്ട മോഡലുകൾക്കും ലഭ്യമാണെന്നും കമ്പനി പറയുന്നു.

click me!