കയറ്റത്തിന് ശേഷമുള്ള ഇറക്കമോ? ഡിസയറിനെ 'എയറി'ലാക്കിയ കുതിപ്പിന് ശേഷം ഹോണ്ടയ്ക്ക് കിതപ്പ്

Published : Oct 03, 2021, 09:56 PM IST
കയറ്റത്തിന് ശേഷമുള്ള ഇറക്കമോ? ഡിസയറിനെ 'എയറി'ലാക്കിയ കുതിപ്പിന് ശേഷം ഹോണ്ടയ്ക്ക് കിതപ്പ്

Synopsis

ഉത്സവ സീസൺ വരുന്നതോടെ വരും ദിവസങ്ങളിൽ വിൽപ്പന വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട കാർസ് ഇന്ത്യ. അടുത്തയാഴ്ച ശുഭകരമായ നവരാത്രി കാലഘട്ടം ആരംഭിക്കുന്നതോടെ, ഉത്സവ സീസണിൽ  കൂടുതൽ ഡിമാൻഡ് ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മുംബൈ: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന് രാജ്യത്ത് വില്‍പ്പനയില്‍ ഇടിവ്.  2021 സെപ്റ്റംബറിൽ 6,765 യൂണിറ്റുകളുടെ പ്രതിമാസ ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തിയതെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,199 യൂണിറ്റുകളാണ് വിൽപ്പന നടത്തിയതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 33.66 ശതമാനം ഇടിവാണ് 2021 സെപ്റ്റംബറിൽ ഉണ്ടായത് എന്നാണ് കണക്കുകള്‍.

കാറ് ഉൽപാദനത്തെ ബാധിച്ച സെമി കണ്ടക്ടർ ക്ഷാമം കാരണം ഹോണ്ടയ്ക്കും വിതരണത്തിലെ തടസ്സങ്ങൾ നേരിടേണ്ടി വന്നു. എന്നിരുന്നാലും, കയറ്റുമതിയിൽ അസാധാരണമായ വർധനവുണ്ടായി. 2021 സെപ്റ്റംബറിൽ 2,964 യൂണിറ്റുകളുടെ കയറ്റുമതിയാണ് ഉണ്ടായത്. 2020 സെപ്റ്റംബറിൽ വെറും 170 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. അതായത് കയറ്റുമതിയിൽ 1,643 ശതമാനം വർദ്ധനവാണ് ഉണ്ടായത്.

ഉത്സവ സീസൺ വരുന്നതോടെ വരും ദിവസങ്ങളിൽ വിൽപ്പന വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട കാർസ് ഇന്ത്യ. അടുത്തയാഴ്ച ശുഭകരമായ നവരാത്രി കാലഘട്ടം ആരംഭിക്കുന്നതോടെ, ഉത്സവ സീസണിൽ  കൂടുതൽ ഡിമാൻഡ് ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ജനപ്രീതി നേടിയ അമേസിന്‍റെ പരിഷ്‍കരിച്ച പതിപ്പ് അടുത്തിടെ പുതിയൊരു ചരിത്രം സൃഷ്‍ടിച്ചിരുന്നു. 2021 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ സബ്-4 മീറ്റർ കോംപാക്‌ട് സെഡാൻ ശ്രേണിയില്‍ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലിനെ മറികടന്നാണ് ഹോണ്ട അമേസ് പുതിയ ചരിത്രം രചിച്ചത്.

2021 ഹോണ്ട അമെയ്‌സ് E, S, VX എന്നീ മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പെട്രോൾ E - 6.32 ലക്ഷം രൂപ, പെട്രോൾ S - 7.16 ലക്ഷം രൂപ, പെട്രോൾ CVT S - 8.06 ലക്ഷം രൂപ, പെട്രോൾ VX - 8.22 ലക്ഷം രൂപ, പെട്രോൾ CVT VX - 9.05 ലക്ഷം രൂപ, ഡീസൽ E - 8.66 ലക്ഷം രൂപ, ഡീസൽ S - 9.26 ലക്ഷം രൂപ, ഡീസൽ VX - 10.25 ലക്ഷം രൂപ, ഡീസൽ CVT VX - 11.15 ലക്ഷം രൂപ എന്നിങ്ങനെയാണ് ദില്ലി എക്‌സ്-ഷോറൂം വിലകള്‍.

E വേരിയന്റ് മാന്വൽ ഗിയർബോക്‌സിൽ മാത്രമേ ലഭിക്കൂ. S, VX വേരിയന്റുകളിൽ പെട്രോൾ + ഓട്ടോമാറ്റിക് പതിപ്പും VX വേരിയന്റിൽ മാത്രം ഡീസൽ + ഓട്ടോമാറ്റിക് പതിപ്പും ലഭിക്കും. പുത്തൻ അമേസിന്റെ എക്‌സ്റ്റീരിയറിലെ മാറ്റങ്ങളിൽ കൂടുതലും മുൻഭാഗത്താണ്. സെഡാന്‍റെ പ്രധാന ആകർഷണം പരിഷ്കരിച്ച ഗ്രില്ലാണ്. വണ്ണം കുറഞ്ഞ പ്രധാന ക്രോം ബാറിന് കീഴെയായി രണ്ട് ക്രോം ബാറുകളും ചേർന്നതാണ് പുതിയ ഗ്രിൽ. ബമ്പറിലെ ഫോഗ് ലാമ്പ് ഹൗസിങ് പരിഷ്കരിക്കുകയും പുതിയ ക്രോം ഗാർണിഷുകൾ ചേർക്കുകയും ചെയ്തു.

അതേസമയം ടോപ്പ്-സ്പെക്ക് VX പതിപ്പിന് മാത്രമാണ് ഏറ്റവും പ്രധാനപ്പെട്ട എക്സ്റ്റീരിയർ അപ്‍ഡേയ്റ്റ് ലഭിക്കുന്നത്. VX പതിപ്പിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും ഉൾകൊള്ളുന്ന ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് ഉള്ളത്. എൽഇഡി ടെയിൽ ലാംപ്, ക്രോമിൽ പൊതിഞ്ഞ ഡോർ ഹാൻഡിലുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ അല്പം പ്രീമിയം ലുക്ക് നൽകുന്നു. 

2021 ഹോണ്ട അമെയ്‌സ് മീറ്റിയറോയ്ഡ് ഗ്രേ, പ്ലാറ്റിനം വൈറ്റ് പേൾ, റേഡിയന്റ് റെഡ്, ലൂണാർ സിൽവർ, ഗോൾഡൻ ബ്രൗൺ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ സ്വന്തമാക്കാം.  കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഫോര്‍ഡ് ആസ്‍പയര്‍, ഹ്യുണ്ടായി ഓറ,  ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം