Latest Videos

വരുന്നൂ പതിനൊന്നാം തലമുറ സിവിക്ക്

By Web TeamFirst Published Nov 15, 2020, 10:45 AM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിവിക്കിന്റെ പുതിയ പതിപ്പ് വരുന്നു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിവിക്കിന്റെ പുതിയ പതിപ്പ് വരുന്നു. അതിന് മുന്നോടിയായി പുതിയൊരു ടീസർ വീഡിയോ കമ്പനി പുറത്തിറക്കിയിതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മോഡലിന്‍റെ പ്രോട്ടോടൈപ്പിനെ കമ്പനി ഉടന്‍ പരിചയപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കൂടുതൽ അത്ലറ്റിക് അപ്പീലും ഒരു ആംഗുലർ ഡിസൈൻ ഭാഷ്യവുമാണ് പതിനൊന്നാം തലമുറയിൽ ഹോണ്ട സിവിക്കിന് ലഭിക്കുക. എഞ്ചിൻ ഓപ്ഷനെക്കുറിച്ച് ഇതുവരെ ഹോണ്ട ഒന്നും വ്യക്തമാക്കിയിട്ടില്ല. വ്യത്യസ്ത ട്യൂൺ അവസ്ഥയിലുള്ള ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുകൾ 2020 മോഡൽ സെഡാനിൽ പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ക്രോമിലെ ഹോണ്ട ബാഡ്ജിനൊപ്പം ഒരു ഗ്ലോസി ബ്ലാക്ക് ഗ്രില്ലും പ്രോട്ടോടൈപ്പ് പതിപ്പിന് മുൻവശത്ത് ഇടംപിടിക്കും. വീലുകളും അതേ നിറത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.മാത്രമല്ല, മുൻവശത്തും പിൻവശത്തും സ്റ്റൈലിഷായതുമായ എൽഇഡി ലൈറ്റുകൾ നൽകുന്നു. ആദ്യം അന്താരാഷ്ട്ര വിപണികളിൽ ആയിരിക്കും വാഹനം എത്തുക, തുടന്ന് 2022 അവസാനത്തോടെ ഹോണ്ട സിവിക്കിന്റെ പതിനൊന്നാം തലമുറ മോഡൽ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 ജൂലൈയിലാണ് സിവിക്കിന്‍റെ ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ പതിപ്പുകളെ കമ്പനി ഇന്ത്യന്‍ വിപണിയിൽ അവതിപ്പിച്ച്ത്. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച സിവിക് ഡീസലിന് 20.74 ലക്ഷം രൂപയാണ് പ്രാരംഭ വില. 

ലോകമെമ്പാടും അറിയപ്പെടുന്ന ഹോണ്ടയുടെ വാഹനമാണ് സിവിക്ക്. 2019 ഫെബ്രുവരി 15നാണ് പത്താംതലമുറ സിവിക്ക് ഇന്ത്യന്‍ വിപണിയിലെത്തിയത്.  ഒൻപതാം തലമുറ ഒഴിവാക്കിയാണ് സിവിക്കിന്റെ 10–ാം തലമുറയെ  ഹോണ്ട ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചത്. അന്ന് ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഹോണ്ട സിവിക് പുറത്തിറക്കിയപ്പോള്‍ ഡീസൽ എഞ്ചിൻ ബിഎസ് 4 നിലവാരത്തിൽ ഉള്ളതായിരുന്നു. 

1.6 ലിറ്റർ, നാല് സിലിണ്ടർ ഐ-ഡി ടെക് ടർബോ എഞ്ചിനാണ്  ബിഎസ് 4 ഹോണ്ട സിവിക് ഡീസലിന് ഉണ്ടായിരുന്നത്. 118 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. സിവിക്കിന്റെ വരാനിരിക്കുന്ന ബിഎസ് 6 ഡീസൽ വേരിയന്റിന് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള  1.6 ലിറ്റർ ഐ-ഡിടെക് ടർബോ എഞ്ചിൻ നൽകും. ബിഎസ് 6 ഡീസൽ പതിപ്പ് അതിന്റെ മുൻഗാമിയുടേതിന് സമാനമായ പെർഫോമൻസ് ഫിഗറുകൾ നൽകുമെന്ന്  പ്രതീക്ഷിക്കുന്നത്. 

പെട്രോൾ പതിപ്പിന് 1.8 ലിറ്റർ ഐ-വിടെക്  പെട്രോൾ എഞ്ചിൻ ആണ് ഹൃദയം. 140 ബിഎച്ച്പി കരുത്തും 174 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കാൻ ഈ എൻജിന് കഴിയും.  

click me!