ഈ ഹോണ്ട സ്‍കൂട്ടറുകള്‍ ഇനിയില്ല!

By Web TeamFirst Published Jan 17, 2020, 12:17 PM IST
Highlights

ഈ വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യകത കുറഞ്ഞതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

ഇന്ത്യന്‍ വിപണിയിലുള്ള മൂന്ന് സ്‍കൂട്ടറുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ഉപസ്ഥാപനം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഹോണ്ട നവി, ഹോണ്ട ആക്റ്റിവ ഐ, ഹോണ്ട ക്ലിഖ് സ്‌കൂട്ടറുകളുടെ ഉല്‍പ്പാദനമാണ് അവസാനിപ്പിക്കുന്നത്.

ഈ വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യകത കുറഞ്ഞതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മോഡലുകളും ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം കയറ്റുമതി വിപണികള്‍ക്കായി ഹോണ്ട നവി നിര്‍മിക്കുന്നത് തുടരും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗ്വാട്ടിമാലയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഇരുചക്ര വാഹനമാണ് ഹോണ്ട നവി. കൂടുതല്‍ താങ്ങാവുന്ന വിലയില്‍, ഭാരം കുറഞ്ഞ പതിപ്പെന്ന നിലയില്‍ 2013 ലാണ് ഹോണ്ട ആക്റ്റിവ ഐ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ വിജയം നേടാന്‍ കഴിഞ്ഞില്ല.

ബിഎസ് 6 പാലിക്കുന്ന ആക്ടീവ 6ജി വിപണിയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിറകേയാണ് ഈ വാഹനങ്ങള്‍ നിര്‍ത്താലാക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.  
 

click me!