ഹോണ്ട ഫോഴ്‌സ 300 ഇന്ത്യയില്‍

By Web TeamFirst Published Feb 20, 2020, 8:47 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ആഗോള സ്കൂട്ടർ നിരയിലെ പ്രീമിയം മോഡൽ ആയ ഫോഴ്‌സ 300 ഇന്ത്യയില്‍ എത്തി.

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ആഗോള സ്കൂട്ടർ നിരയിലെ പ്രീമിയം മോഡൽ ആയ ഫോഴ്‌സ 300 ഇന്ത്യയില്‍ എത്തി. ആദ്യ ഘട്ടമെന്ന നിലയില്‍ നാല് യൂണിറ്റ് ഹോണ്ട ഫോഴ്‌സ 300 ആണ് കമ്പനി ഡെലിവറി ചെയ്‍തത്. പ്രീ-ബുക്കിംഗ് വഴി പ്രത്യേക ഓര്‍ഡര്‍ നടത്തിയാണ് ഉപയോക്താക്കള്‍ പ്രീമിയം സ്‌കൂട്ടര്‍ വാങ്ങിയത്. 

ഹോണ്ട ഇതുവരെ ഫോഴ്‌സ 300-നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല. വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് നാല് യൂണിറ്റ് ഫോഴ്‌സ 300-നെ ഇറക്കുമതി ചെയ്യുക മാത്രമാണ് ഹോണ്ട ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ 4 മോഡലിന്റെ ഡെലിവറിയാണ് ഹോണ്ട ബിഗ്-വിഗ് ഡീലർഷിപ്പ് വഴി നടന്നത്. ഇതോടെ ഇന്ത്യയില്‍ മിഡ് സൈസ് പ്രീമിയം സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ പ്രവേശിച്ച ആദ്യ കമ്പനിയായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) മാറി. ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ മാക്‌സി സ്‌കൂട്ടറാണ് ഫോഴ്‌സ 300.

നാല് സ്‌കൂട്ടറുകളും ബിഎസ് 4 എന്‍ജിന്‍ ഉപയോഗിക്കുന്നവയാണ്. 279 സിസി, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ്, 4 സ്‌ട്രോക്ക്, എസ്ഒഎച്ച്‌സി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ഹോണ്ട ഫോഴ്‌സ 300 സ്‌കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 24.8 ബിഎച്ച്പി കരുത്തും 5,750 ആര്‍പിഎമ്മില്‍ 27.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വി ബെല്‍റ്റ്, ഓട്ടോമാറ്റിക് സെന്‍ട്രിഫ്യൂഗല്‍ ക്ലച്ച് എന്നിവ സഹിതം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായ സിവിടി നല്‍കിയിരിക്കുന്നു. 

ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി) സവിശേഷതയാണ്. മുന്‍, പിന്‍ ചക്രങ്ങളുടെ വേഗതയിലെ വ്യത്യാസം മനസ്സിലാക്കി പിന്‍ ചക്രത്തിന്റെ ട്രാക്ഷന്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്നതാണ് എച്ച്എസ്ടിസി. ചക്രത്തിന്റെ സ്ലിപ്പിംഗ് അനുപാതം കണക്കാക്കിയും ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ വഴി എന്‍ജിന്‍ ടോര്‍ക്ക് നിയന്ത്രിച്ചുമാണ് ഇതിന്‍റെ പ്രവര്‍ത്തനം. 

മുന്നില്‍ 33 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന 7 സ്റ്റെപ്പ് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ആണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 15 ഇഞ്ച് ചക്രവും പിന്നില്‍ 14 ഇഞ്ച് ചക്രവും നല്‍കിയിരിക്കുന്നു. 120/70 ടയര്‍ മുന്നിലും 140/70 ടയര്‍ പിന്നിലും ഉപയോഗിക്കും. മുന്നില്‍ 256 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ആണ് ബ്രേക്കിംഗ്. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. ഇഗ്നിഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഇന്ധന ടാങ്കിന്റെ അടപ്പും സീറ്റിനടിയിലെ കംപാര്‍ട്ട്‌മെന്റും തുറക്കുന്നതിനുമായി സ്മാര്‍ട്ട് കീ സവിശേഷതയാണ്.

വലിപ്പം കൂടിയ ഇലക്ട്രിക്ക് വിൻഡ് സ്ക്രീൻ, സുഖകരമായ സിറ്റിംഗ് സംവിധാനം, വലിപ്പം കൂടിയ സീറ്റ് എന്നിവ ഫോഴ്‌സ 300-നെ ദൂരയാത്രക്ക് പറ്റിയ ഒരു വാഹനമാക്കുന്നു. 

ഹോണ്ട ഔദ്യോഗിമായി വില പ്രഖ്യാപിച്ചിട്ടില്ലാത്ത ഫോഴ്‌സ 300-ന് ഏകദേശം 3.25 ലക്ഷം രൂപയെന്നാണ് റിപ്പോർട്ടുകൾ. ഭീമമായ ഇറക്കുമതി ടാക്‌സും ചേർന്ന് 5 ലക്ഷത്തിലധികം രൂപയെങ്കിലും ഫോഴ്‌സ 300 സ്വന്തമാക്കാൻ ചിലവഴിക്കേണ്ടി വരും. ഹോണ്ട ബിഗ്-വിഗ് ഗുരുഗ്രാം ഡീലർഷിപ് വഴിയാണ് ഇപ്പോൾ ഇറക്കുമതി ചെയ്ത നാല് യൂണിറ്റുകളും ഡെലിവറി ചെയ്തത്.

ഗുരുഗ്രാമിലെ ഹോണ്ട ബിഗ്‌വിംഗ് ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്‌കൂട്ടറിന് ജനങ്ങള്‍ക്കിടയില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും 2021 സാമ്പത്തിക വര്‍ഷത്തില്‍ യൂറോ 5 പാലിക്കുന്ന ഹോണ്ട ഫോഴ്‌സ 300 ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് എച്ച്എംഎസ്‌ഐ വില്‍പ്പന വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ അറിയിച്ചു.

click me!