മോഹവില, എണ്ണവേണ്ടാ വണ്ടിയുമായി ഹോണ്ടയും

By Web TeamFirst Published Aug 8, 2021, 5:36 PM IST
Highlights

റെഗുലർ, ലോ-സ്‍പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്‍കൂട്ടര്‍ എത്തുന്നത്.  48V 30Ah ലിഥിയം അയൺ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കാണ് ഹോണ്ട യു-ഗോയുടെ ഹൃദയം

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോർ കമ്പനി ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. ചൈനയിൽ ആണ് ഹോണ്ട ഇലക്ട്രിക് ടൂ വീലർ സെഗ്മെന്റിൽ ഇറങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഹോണ്ടയുടെ ചൈനീസ് വിഭാഗമായ വുയാങ് ഹോണ്ട യു-ഗോ എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

റെഗുലർ, ലോ-സ്പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്‍കൂട്ടര്‍ എത്തുന്നത്.  48V 30Ah ലിഥിയം അയൺ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കാണ് ഹോണ്ട യു-ഗോയുടെ ഹൃദയം. റെഗുലർ മോഡലിൽ 1.2kW ഹബ് മോട്ടോറും ലോ-സ്‍പീഡ് വേരിയന്‍റിന് ശക്തി കുറഞ്ഞ 800W മോട്ടോർ ലഭിക്കുന്നു. കരുത്ത് കൂടിയ പതിപ്പ് പരമാവധി 65 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. അതേസമയം യു-ഗോയുടെ ലോ-സ്പീഡ് വേരിയന്റ് 130 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യും. റെഗുലർ വേരിയന്റ് പരമാവധി 53 കിലോമീറ്റർ വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. 

ഒരു കൊച്ചുസുന്ദരിയാണ് ഹോണ്ടയുടെ ഈ ഇലക്ട്രിക് സ്‍കൂട്ടര്‍. ഭംഗിയുള്ളതും ചുരുങ്ങിയതുമായ ഡിസൈൻ സമീപനമാണ് സ്‍കൂട്ടറിനായി കമ്പനി സ്വീകരിച്ചിരിക്കുന്നത്. മുൻവശത്തെ ആപ്രോണിൽ ട്രിപ്പിൾ ബീമുകളും മെയിൻ ക്ലസ്റ്ററിന് ചുറ്റുമുള്ള ഒരു എൽഇഡി ഡിആർഎൽ സ്ട്രിപ്പും ഉള്ള ഒരു മിനുസമാർന്ന എൽഇഡി ഹെഡ്‌ലൈറ്റാണ് കുഞ്ഞൻ സ്‌കൂട്ടറിന്. 

ടേൺ ഇൻഡിക്കേറ്ററുകൾ ഹാൻഡിൽബാറിന്റെ വശങ്ങളിൽ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. പിൻഭാഗത്ത് മെലിഞ്ഞ എൽഇഡി ടെയിൽലൈറ്റും സിംഗിൾ-പീസ് പില്യൺ ഗ്രാബ് റെയിലും ബോഡിയിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.  ഹാൻഡിൽബാർ, ഫ്ലോർബോർഡ്, അണ്ടർബെല്ലി, ടെയിൽ സെക്ഷൻ, റിയർ സസ്പെൻഷൻ, റിയർ മഡ്ഗാർഡ് എന്നിവയിലെ ബ്ലാക്ക് ഔട്ട് പാനലുകൾ സ്പോർട്ടി കോൺട്രാസ്റ്റിന്റെ സൂചനയാണ് പറഞ്ഞുവെക്കുന്നതും. സിംഗിൾ-പീസ് ഫ്ലാറ്റ് സീറ്റ് വളരെ ലളിതമായ റൈഡിംഗ് എർണോണോമിക്സാണ് വാഗ്ദാനം ചെയ്യുന്നത്.  350 മില്ലീമീറ്റർ നീളമുള്ള ഫ്ലോർബോർഡാണ് യു-ഗോയുടെ മറ്റൊരു പ്രത്യേകത. 26 ലിറ്റർ ആണ് അണ്ടർ സീറ്റ് സംഭരണ ശേഷി. പൂർണ-എൽഇഡി ലൈറ്റിംഗ്, യൂട്ടിലിറ്റി ഗ്ലൗവ് ബോക്സ്, ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയാണ് ഈ വൈാഹനകത്തെ വേറിട്ടതാക്കുന്നു.  വേഗത, റേഞ്ച്, ബാറ്ററി നില, റൈഡിംഗ് മോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുന്ന ഒരു എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും സ്‍കൂട്ടറില്‍ ഉണ്ട്. 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ അലോയ് വീലുകളിലാണ് സ്കൂട്ടർ ഒരുങ്ങിയിരിക്കുന്നത്.

മുന്നിൽ ഒരു ഡിസ്‍ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം ബ്രേക്കും ഉൾപ്പെടുത്തിയിരിക്കുന്നു. 740 മില്ലീമീറ്ററാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റ് ഉയരം. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരണത്തോടെയുള്ള ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് സസ്‍പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. 

യു-ഗോ ലോ-സ്‍പീഡ് പതിപ്പിന് 7,999 യുവാന്‍ അഥവാ ഏകദേശം 91,700 രൂപ, റെഗുലർ പതിപ്പിന് 7,499 യുവാന്‍ അഥവാ ഏകദേശം 86,000 രൂപ എന്നിങ്ങനെയാണ് വിലകള്‍. ഈ സ്‍കൂട്ടര്‍ ഭാവിയില്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമോ എന്ന കാര്യം വ്യക്തമല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!