പ്ലാന്‍റ് അടച്ചുപൂട്ടി, ഈ കാറുകള്‍ ഇന്ത്യ വിടുന്നു, കാരണം ഇതാണ്!

By Web TeamFirst Published Dec 24, 2020, 7:21 PM IST
Highlights

എന്നാല്‍ ഉൽ‌പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമല്ല നിര്‍മ്മാണം നിര്‍ത്തുന്നതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ മുൻനിര മോഡലുകളായ സിവിക് സെഡാൻ, സിആർ-വി എസ്‌യുവി എന്നിവയുടെ ഉല്‍പ്പാദനം നിർത്തലാക്കുന്നതായി റിപ്പോര്‍ട്ട്.  ഗ്രേറ്റർ നോയിഡ പ്ലാന്റിൽ വാഹന ഉത്പാദനം അവസാനിപ്പിക്കാനും അതിന്റെ മുഴുവൻ ഉൽ‌പാദന യൂണിറ്റും രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഹോണ്ട തപുക്കര പ്ലാന്റിലേക്ക് മാറ്റാനുമുള്ള തീരുമാനത്തെ തുടർന്നാണ് ഈ പ്രഖ്യാപനം എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉൽ‌പാദനവും വിതരണ ശൃംഖലയും വർദ്ധിപ്പിച്ച് പ്രവർത്തനങ്ങളുടെ സുസ്ഥിരത നിലനിർത്തുന്നതിനായി തപുകര പ്ലാന്റിലെ ഉൽ‌പാദന പ്രവർത്തനങ്ങൾ ഏകീകരിക്കുകയാണെന്ന് ഹോണ്ട പറയുന്നു. നിർമാണ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിച്ച്, ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫാക്ടറി പൂട്ടുന്നതെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) പറയുന്നു. ഇതോടൊപ്പമാണ് ഈ പ്ലാന്റിൽ ഉൽപാദിപ്പിച്ചിരുന്ന സിവിക്, സിആർ-വി കാർ മോഡലുകൾ ഹോണ്ട ഇന്ത്യയിൽ നിർത്തുന്നത്.

എന്നാല്‍ ഉൽ‌പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കൂടാതെ സിവിക്കും സി‌ആർ‌-വിയും കമ്പനി നിരയിൽ‌ ഏറ്റവും കുറഞ്ഞ വിൽ‌പനയുള്ള രണ്ട് മോഡലുകളാണെന്നതും നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സിവിക്കിന്‍റെ 850 യൂണിറ്റുകളും, സിആർ-വിയുടെ 100 ഓളം യൂണിറ്റുകളും മാത്രമാണ് കമ്പനി ഇന്ത്യയിൽ വിറ്റത്. പുതുതായി എത്തിയ ഹോണ്ട സിറ്റി പ്രതിമാസം ശരാശരി 4000 യൂണിറ്റുകളും ഡബ്ല്യുആർ-വി പ്രതിമാസം 1000 യൂണിറ്റുകളും വില്‍ക്കുന്ന സ്ഥാനത്താണിത്. കമ്പനിയുടെ ടോപ്പ് സെല്ലർ ആയി തുടരുന്ന ഹോണ്ട അമേസ് പ്രതിമാസം 5000 യൂണിറ്റാണ് വില്‍പ്പന. ഹോണ്ട ജാസാകട്ടെ പ്രതിമാസം ശരാശരി 700 യൂണിറ്റുകൾ വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

അതേസമയം പ്ലാന്‍റ് പൂട്ടിയാലും ഗ്രേറ്റർ നോയിഡയിലെ ഹെഡ് ഓഫിസ് പ്രവർത്തനങ്ങൾ തുടരും. ജീവനക്കാരിൽ മിക്കവരും സ്വയം വിരമിക്കൽ പദ്ധതി(വിആർഎസ്) സ്വീകരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരെ തപൂകര പ്ലാന്റിലേക്കു പുനർവിന്യസിക്കുമെന്നും ഹോണ്ട അറിയിച്ചു. ഇടത്തരം, ചെറുകാർ ഉൽപാദനം ലക്ഷ്യമിട്ട് ഹോണ്ട ഇന്ത്യയിൽ ആരംഭിച്ച രണ്ടാമത്തെ പ്ലാന്റ് ആണ് തപൂകരയിലേത്. വലിയ കാറുകൾ ഇവിടെ നിർമിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടാണ് സിവിക്, സിആർ-വി മോഡലുകൾ ഇന്ത്യയിൽനിന്നു പിൻവലിക്കുന്നതെന്നും അടുത്ത 15 വർഷത്തേക്ക് ഈ വാഹനങ്ങൾക്കുള്ള പിന്തുണ കമ്പനി തുടരുമെന്നും ഹോണ്ട പറഞ്ഞു.  17.94 ലക്ഷം മുതൽ 22.35 ലക്ഷം വരെയാണ് ഹോണ്ട സിവിക്കിന് ദില്ലി എക്സ് ഷോറൂം വില. സിആർ-വിക്ക് 28.27 ലക്ഷം മുതൽ 29.50 ലക്ഷം വരെ വിലയുണ്ട്. 

click me!