ഇനിയുണ്ടാകില്ല ഈ ആക്ടീവകള്‍!

By Web TeamFirst Published Dec 22, 2019, 6:23 PM IST
Highlights

ഈ എഞ്ചിന്‍ നിരയിലുള്ള ആക്ടിവ സ്‌കൂട്ടറുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഹോണ്ട തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

രാജ്യത്തെ ജനപ്രിയ സ്‍കൂട്ടറുകളിലൊന്നാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആക്ടീവ. എന്നാല്‍ ബിഎസ്4 എഞ്ചിന്‍ നിരയിലുള്ള ആക്ടിവ സ്‌കൂട്ടറുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഹോണ്ട തയ്യാറെടുക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. 2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ബിഎസ് 6 മാനദണ്ഡം പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് നടപടി.

നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ഉള്ള ബിഎസ്4 മോഡലുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്‍തംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ബിഎസ്4 നിലവാരത്തിലുള്ള ആക്ടിവ 125 ഇന്ത്യന്‍ വിപണിയിലെത്തിയത്.

ഒക്ടോബറില്‍ സ്‌കൂട്ടറിന്റെ വിതരണവും കമ്പനി ആരംഭിച്ചു. മികച്ച വില്‍പ്പനയാണ് മോഡലിന് ലഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. അതുകൊണ്ടു തന്നെ ബിഎസ്4 നിലവാരത്തിലുള്ള മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ബിഎസ് VI പതിപ്പുകളുടെ വില്‍പ്പനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഒപ്പം 110 സിസിയില്‍ ബിഎസ്6 എഞ്ചിന്‍ കരുത്തിലും അധികം വൈകാതെ പുതിയൊരു പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും. ആക്ടിവ 6G എന്ന പതിപ്പായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സുരക്ഷ മാനദണ്ഡങ്ങളില്‍ നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ്6നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടിവ 6ജി എത്തുന്നത്. മികച്ച ഇന്ധനക്ഷമതയും ആക്ടിവ 6ജി -യുടെ സവിശേഷതയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ ആക്ടിവ മോഡലുകളെക്കാള്‍ പത്തുശതമാനം കൂടുതല്‍ കാര്യക്ഷമത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള ആക്ടിവ മോഡലുകള്‍ അവകാശപ്പെടുമെന്നാണ് നിരീക്ഷണം. പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ഒരുക്കിയെത്തുന്ന 6ജി -ക്ക് വിലയും അല്‍പ്പം മാറ്റം ഉണ്ടാകും.

എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6ജി -യുടെ പ്രത്യേകതകളാണ്. പുതിയ ഗ്രാഫിക്സും, പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ്, പുതിയ ഡിസൈനിലുള്ള 12 ഇഞ്ച് അലോയി വീലുകളും ഡിസ്‌ക് ബ്രേക്കും തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കും.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ലഭിക്കും. അനലോഗ് സ്പീഡോമീറ്ററിനൊപ്പം ഉള്ള വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്‌പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും അറിയാം.

വാഹനത്തിന് മുന്‍ മോഡലിനെക്കാള്‍ വില കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ വിപണിയിലുള്ള പതിപ്പില്‍ നിന്നും 5,000 രൂപ മുതല്‍ 7,000 രൂപ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബിഎസ്6 മോഡല്‍ കൂടിയാണ് ആക്ടിവ 6ജി. ആക്ടിവ 125 ബിസ് 6 പതിപ്പിനെയും, SP 125 ബിഎസ് 6 പതിപ്പിനെയും നേരത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

click me!