പുത്തന്‍ ഹമ്മര്‍ ഇലക്ട്രിക് ഉടനെത്തും

Web Desk   | Asianet News
Published : Mar 13, 2021, 03:19 PM IST
പുത്തന്‍ ഹമ്മര്‍ ഇലക്ട്രിക് ഉടനെത്തും

Synopsis

ഈ വാഹനം ഏപ്രില്‍ മൂന്നിന്‌ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട് 

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് പുതിയ ഹമ്മര്‍ ഇലക്ട്രിക് പിക്ക്അപ്പ് എസ്‍യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി ഏറെക്കാലമായി കേള്‍ക്കുന്നു. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വാഹനത്തിന്റെ അവതരണം പലവട്ടം മുടങ്ങിയിരുന്നു. ഈ വാഹനം ഏപ്രില്‍ മൂന്നിന്‌ അവതരിപ്പിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇലക്ട്രിക് പിക്ക്അപ്പ് ആയി ആദ്യമെത്തുന്ന ഈ വാഹനം പിന്നീട് എസ്.യു.വിയായുമെത്തുമെന്നാണ് റിപ്പോർട്ട്. ഏകദേശം 1.12 ലക്ഷം ഡോളറാണ് (82 ലക്ഷം രൂപ) ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.

വരാനിരിക്കുന്ന ഇലക്ട്രിക് ഹമ്മർ ഒരു ഫോർ-വീൽ ഡ്രൈവ് വാഹനമായിരിക്കുമെന്നാണ് റിപ്പോർട്ട്.  മുമ്പ് നിരത്തിലുണ്ടായിരുന്ന ഹമ്മറിന്റെ ഡിസൈന്‍ ശൈലിയിലായിരിക്കും പുതിയ ഹമ്മര്‍ ഇവിയും ഒരുങ്ങുക.  ജിഎംസി ഹമ്മര്‍ ഇവി ട്രക്കിന് 1,014  ബിഎച്ച്പി കരുത്തും 15,592 എന്‍എം പരമാവധി ടോര്‍ക്കും ഉണ്ടായിരിക്കും. 15,000 ന്യൂട്ടണ്‍ മീറ്റര്‍ തന്നെയാവും ടോര്‍ക്ക്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മൂന്ന് സെക്കന്‍ഡ് മതിയാകും. ജനറല്‍ മോട്ടോഴ്‌സിന്റെ ഡെട്രോയിറ്റ് പ്ലാന്റിലായിരിക്കും ഓള്‍ ഇലക്ട്രിക് ഹമ്മര്‍ എസ്‌യുവി നിര്‍മിക്കുന്നത്.

ഹമ്മര്‍ ഇലക്ട്രിക്കിന്റെ രൂപകൽപ്പന, സവിശേഷതകൾ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ മുമ്പ് തന്നെ ടീസര്‍ വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. പരീക്ഷണവേളയില്‍ 560 കിലോ മീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നതെന്നാണ് സൂചന. 800 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 മൈല്‍ സഞ്ചരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

കേവലം മൂന്ന് സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കും. ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മോട്ടോറുകള്‍ ചേര്‍ന്ന് 1000 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കും. അകത്തളത്തിൽ 13.4 ഇഞ്ച് ഡയഗോണല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ആകര്‍ഷകമായ സീറ്റുകള്‍ ഒരുങ്ങുന്നു. ഫോര്‍ഡിന്റെ ഇലക്ട്രിക് വാഹനമായ എഫ്-150, ടെസ്‌ലയുടെ സൈബര്‍ ട്രക്ക് എന്നിവ ആയിരിക്കും ഹമ്മര്‍ ഇലക്ട്രിക് പിക്ക്അപ്പിന്റെ പ്രധാന എതിരാളികൾ. 

ജനറല്‍ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് ട്രക്ക് ആയിരിക്കും ഹമ്മര്‍ ഇവി. ഇലക്ട്രിക് വാഹനമായിരിക്കുമ്പോഴും ഹമ്മര്‍ അതിന്റെ ഓഫ്‌റോഡ് കഴിവുകള്‍ അതേപോലെ നിലനിര്‍ത്തുമെന്ന് ജിഎംസി പറയുന്നു. ഇലക്ട്രിക് വാഹനമായതിനാല്‍ ശബ്ദം കുറവായിരിക്കും. വി8 പെട്രോള്‍ എന്‍ജിനാണ് ആദ്യ തലമുറ ഹമ്മര്‍ ഉപയോഗിച്ചിരുന്നത്. ഇന്ധന ഉപഭോഗത്തിന്റെ തോത് കാരണം കുടിയന്‍ എന്ന ചീത്തപ്പേര് സമ്പാദിച്ചിരുന്നു.

2010 ലാണ് ഹമ്മര്‍ ബ്രാന്‍ഡ് ജനറല്‍ മോട്ടോഴ്‌സ് നിർത്തലാക്കിയത്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വര്‍ധനവുമായിരുന്നു കാരണങ്ങള്‍.  റഗ്ഗഡ് ട്രക്കിന്റെ സിവിലിയന്‍ പതിപ്പ് പരിസ്ഥിതി സൗഹൃദമല്ലെന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ വാഹനമാണ്. 

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ