1600 കിമീ മൈലേജുമായി ഒരു കാര്‍, പിന്നില്‍ ബഹിരാകാശ സാങ്കേതികവിദ്യ!

By Web TeamFirst Published Aug 17, 2020, 2:22 PM IST
Highlights

ഒരുപ്രാവശ്യം ഇന്ധനം നിറച്ചാല്‍ 1600 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുമാകും ഈ കാറിന്

ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന സൂപ്പര്‍കാറുമായി അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഹൈപീരിയന്‍.  പൂജ്യത്തിൽ നിന്ന്​ നൂറ്​ കിലോമീറ്റർ വേഗമാർജിക്കാൻ 2.2 സെക്കൻഡ്​ മാത്രം മതിയാകുന്ന ഈ സൂപ്പര്‍കാറിന് ഒരുപ്രാവശ്യം ഇന്ധനം നിറച്ചാല്‍ 1600 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുമാകും.

'ബഹിരാകാശ സാങ്കേതികവിദ്യ റോഡിന് വേണ്ടി' എന്ന പരസ്യവാചകത്തോടെ എത്തുന്ന എക്​സ്​ പി 1 എന്ന പേരുള്ള ഈ കാര്‍ ഹൈഡ്രജൻ ഉപയോഗിച്ചാണ് ഓടുന്നത്. സൂപ്പർ കപ്പാസിറ്റേഴ്​സാണ് ഹൈഡ്രജനിൽ നിന്ന്​ ഊർജം സ്വീകരിക്കുക​. ഹൈഡ്രജനെ വൈദ്യുതോർജമാക്കി പരിവർത്തിപ്പിക്കുന്ന പുതിയൊരു രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്​. ​

കാർബൺ-ഫൈബർ ടാങ്കുകളിലാണ്​ ഇന്ധനം സൂക്ഷിക്കുന്നത്​. അഞ്ച്​ മിനുട്ട്​​കൊണ്ട്​ ഇന്ധനം നിറയ്ക്കാന്‍ കഴിയും. പരമ്പരാഗത ലിഥിയം അയൺ ബാറ്ററികളേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ് സൂപ്പർ കാപസിറ്ററുകൾ. എക്​സ്​.പി ഒന്നിന്​ 1,032 കിലോഗ്രാം ഭാരം മാത്രമാണുള്ളത്​. ഇത് ഭാരം കൂടിയ ബാറ്ററികളുള്ള സൂപ്പർകാറുകളെ അപേക്ഷിച്ച് കൈകാര്യം ചെയ്യാനുള്ള അനായാസ്യത ഹൈപ്പീരിയന്​ നൽകുന്നു​. ഒരു പതിറ്റാണ്ട് നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ എയറോസ്‌പേസ് എൻജിനീയര്‍മാരാണ് എക്‌സ്പി-1ന്‍റെ രൂപകല്‍പന പൂര്‍ത്തിയാക്കിയത്. ഈ  സൂപ്പര്‍കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍ കടക്കുമെന്നാണ് കമ്പനി പറയുന്നത്. 

സൂര്യന്റെ സ്ഥാനത്തിന് അനുസരിച്ച് സ്ഥാനം മാറുന്ന സോളാര്‍ പാനലുകളും എക്‌സ്പി1 കാറിന്റെ പ്രത്യേകതകളിലൊന്നാണ്. ഉള്‍ഭാഗത്ത് 98 ഇഞ്ചിന്റെ കര്‍വ്‍ഡ് സ്‌ക്രീനും ആഡംബരത്തിനൊപ്പം സൗന്ദര്യവും വര്‍ധിപ്പിക്കുന്നുണ്ട്. ചില്ലുകൊണ്ടുള്ള മുകള്‍ഭാഗം പുറംലോകത്തിന്റെ 360ഡിഗ്രിയിലുള്ള കാഴ്ചകള്‍ ഈ കാറിനുള്ളില്‍ നിന്നു ഉറപ്പുവരുത്താം.

വൈദ്യുതിയിലോടുന്ന കാറുകള്‍ക്ക് തണുത്ത കാലാവസ്ഥയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന കാറുകള്‍ക്കില്ല. ഏതാണ്ട് 1030 കിലോഗ്രാം മാത്രമാണ് ഈ കാറിന്റെ ഭാരം. ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ മോണോക്‌സൈഡോ മറ്റു മാലിന്യങ്ങളോ ഇവ പുറം തള്ളുന്നുമില്ല. ഇന്ധനം ഹൈഡ്രജനായതുകൊണ്ടുതന്നെ ഇവയില്‍ നിന്നും പുറംതള്ളുന്നത് നീരാവി മാത്രമായിരിക്കും. 

വളരെ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള വാതകമാണ് ഹൈഡ്രജൻ എന്നതാണ് ഇത്തരം വാഹനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ഹൈപീരിയന്‍  പറയുന്നത്. എക്‌സ്പി1ന്റെ എൻജിന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കിടുകയോ വെടിവെക്കുകയോ ചെയ്‍താല്‍ പോലും തീപിടിക്കില്ലെന്നാണ് കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പനിയുടെ അവകാശവാദം. ഹൈഡ്രജന്‍ ഇന്ധനം നിറക്കാനുള്ള കേന്ദ്രങ്ങള്‍ അധികമില്ല എന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി . 

നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ് ഈ വാഹനം.  2022 ൽ എക്​സ്​.പി 1ന്‍റെ ഉത്​പാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്​. 300 യൂണിറ്റുകളായിരിക്കും തുടക്കത്തിൽ നിർമിക്കുക. ഹോണ്ട ക്ലാരിറ്റി, ടയോട്ട മിറായ്, ഹ്യുണ്ടായ് നെക്‌സോ എന്നീ ഹൈഡ്രജന്‍ ഇന്ധനമാക്കിയ മോഡലുകളാകും വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

click me!