ഒരെണ്ണം വേണമെന്ന് കൊറിയന്‍ പ്രസിഡന്‍റും, ഈ വണ്ടിക്ക് ജന്മനാട്ടില്‍ വമ്പന്‍ വരവേല്‍പ്പ്!

By Web TeamFirst Published Sep 20, 2021, 9:38 AM IST
Highlights

അവതരിപ്പിച്ച് ആദ്യ ദിനം തന്നെ സൗത്ത് കൊറിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 12,000 പേരാണ് ഈ വാഹനം ബുക്കുചെയ്‍തിരിക്കുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി കുഞ്ഞന്‍ എസ്‍യുവി മോഡലായ കാസ്‍പര്‍ മിനി എസ്‍യുവിയെ മാതൃരാജ്യത്ത് കഴിഞ്ഞദിവസമാണ് അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയാണ് കാസ്‍പറിന് സ്വന്തംനാട്ടില്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനം തന്നെ സൗത്ത് കൊറിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 12,000 പേരാണ് ഈ വാഹനം ബുക്കുചെയ്‍തിരിക്കുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ രൂപ ഏകദേശം 8.6 ലക്ഷം രൂപ മുതല്‍ 11.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ഈ വാഹനം കൊറിയന്‍ വിപണിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്‍തതാണെന്നാണ് സൂചന. അതേസമയം വെന്യു കോംപാക്ട് എസ്‌യുവിക്ക് താഴെയായി സ്ഥാനം പിടിക്കുന്ന കാസ്പര്‍ ഇന്ത്യന്‍ നിരത്തുകളിലും എത്തുമെന്നും ചില റിപ്പോർട്ടുകളുണ്ട്. എ.എക്സ്-1 എന്ന കോഡ് നാമത്തിലാണ് ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഗ്രാന്റ് ഐ10, സാന്‍ട്രോ തുടങ്ങിയ ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന കെ1 കോംപാക്ട് കാര്‍ പ്ലാറ്റ്ഫോമിലാണ് കാസ്പര്‍ ഒരുങ്ങിയിട്ടുള്ളത്.

ഉയര്‍ന്ന വകഭേദത്തില്‍ സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗ്, ലെയ്ന്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ് എന്നിവ നൽകി.76 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിറേറ്റഡ് എം.പി.ഐ. എന്‍ജിനും 100 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ടി.ജി.ടി.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായാണ് കാസ്പര്‍ ഇറങ്ങിയിരിക്കുന്നത്. രണ്ട് മോഡലിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്.

മികച്ച ലുക്കാണ് കാസ്പറിന്റെ പ്രധാന ആകർഷണം. റെട്രോ ഡിസൈനിലാണ് കാസ്പറിന്റെ ബോഡി.  ഹ്യുണ്ടായ്​ വെന്യുവിനോടാണ്​ മുന്നിൽ നിന്ന്​ നോക്കുമ്പോൾ കാസ്​പറിന്​ കൂടുതൽ സാമ്യം തോന്നുക. മുൻവശത്ത് ചെറിയ ഡേടൈം റണ്ണിങ് ലാംപും വലിയ ഹെഡ്‌ലാംപുകളുമുണ്ട്. കൂടാതെ സൺറൂഫ് അടക്കമുള്ള സൗകര്യങ്ങളും. വാഹനത്തിന് സവിശേഷമായ ഡിസൈൻ വിശദാംശങ്ങളാണ്​ ഹ്യുണ്ടായ്​ നൽകിയിരിക്കുന്നത്​. മുന്നിൽ സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് സെറ്റപ്പ് ലഭിക്കും. ബ്രാൻഡ് ലോഗോയ്‌ക്കൊപ്പം ഗ്ലോസ് ബ്ലാക്ക് പാനലിൽ എൽഇഡി ഡിആർഎല്ലുകൾ സ്ഥാപിച്ചിരിക്കുന്നു. അതേസമയം, എൽഇഡി വളയങ്ങളുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ബമ്പറിൽ സ്ഥാനം പിടിച്ചിരിക്കുന്നു. 

കാസ്‍പര്‍ ദക്ഷിണ കൊറിയയിൽ ആദ്യമെത്തുമെന്നും പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും എന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഹാച്ചാബാക്ക് മോഡലുകളായ സാന്‍ട്രോ, ഐ10 നിയോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്നതാണ് കെ1 പ്ലാറ്റ്‌ഫോം.

2024-ഓടെ കാസ്പറിന്റെ ഇലക്ട്രിക് പതിപ്പും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈദ്യുതി മോട്ടറും ഗീയർ ബോക്സും പവർ ഇലക്ടോണിക്സും ഉൾപ്പെടുന്ന ബോർഗ്വാർണർ ഇന്റഗ്രേറ്റഡ് ഡ്രൈവ് മൊഡ്യൂൾ(ഐ ഡി എം) സഹിതമാവും ഈ പതിപ്പിന്റെ വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ടാറ്റയുടെ മൈക്രോ എസ്​.യു.വിയായ പഞ്ച്​ ആയിരിക്കും കാസ്​പറി​ന്‍റെ മുഖ്യ എതിരാളി.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!