ഏഴ് മാസം കൊണ്ട് 1.15 ലക്ഷം ബുക്കിംഗ്; ക്രെറ്റ കുതിക്കുന്നു

By Web TeamFirst Published Oct 11, 2020, 12:36 PM IST
Highlights

ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോർട്ട്

ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോർട്ട്. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് പുതിയ മോഡൽ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള എസ്‍യുവിയായി മാറിയിരിക്കുകയാണ് ക്രെറ്റ.

ക്രെറ്റയുടെ അവതരണത്തിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് മികച്ച സ്വീകാര്യതയാണ് ഈ വാഹനത്തിന് ലഭിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്‍ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോർക്കും ഉൽപ്പാദിപ്പിക്കും.

പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതു തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കോംപാക്റ്റ് എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിന് മാറ്റമില്ല. രണ്ടാം തലമുറ ക്രെറ്റ കൂടുതല്‍ സ്പോര്‍ട്ടിയാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 17 ഇഞ്ച് അലോയി വീലും ഇതിലുണ്ട്. വെന്യുവിലേതിന് സമാനമായ ഗ്രില്ല് ക്രേറ്റയിലും ഇടംപിടിച്ചു. മൂന്ന് എൽ.ഇ.ഡികൾ അടങ്ങിയ ഹെഡ്ലാമ്പും ഡേടൈം റണ്ണിംഗ് ലാമ്പുമെല്ലാം മിഴിവേകുന്നു.

ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. പുതിയ അടിസ്ഥാന വേരിയന്റായ E പതിപ്പിന് 9.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 

click me!