ക്രെറ്റ മോഹികള്‍ക്കൊരു സന്തോഷ വാര്‍ത്ത, വില കുറഞ്ഞ വേരിയന്‍റുമായി ഹ്യുണ്ടായി

By Web TeamFirst Published Oct 7, 2020, 12:23 PM IST
Highlights

പുതിയ അടിസ്ഥാന വേരിയന്റായ E പതിപ്പിന് 9.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 

ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് അവതരിപ്പിച്ച് ഹ്യുണ്ടായി. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. പുതിയ അടിസ്ഥാന വേരിയന്റായ E പതിപ്പിന് 9.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 

പുതിയ എൻട്രി ലെവൽ മോഡൽ അവതരിപ്പിച്ചതോടെ ക്രെറ്റയുടെ പ്രാരംഭ വില കുറയും എന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പുതിയ വേരിയന്‍റ് അവതരിപ്പിച്ചതിനൊപ്പം മോഡലിന്‍റെ എല്ലാ വേരിയന്റുകൾക്കും ഏകദേശം 12,000 രൂപയോളം ഹ്യുണ്ടായി വർധിപ്പിച്ചിട്ടുമുണ്ട്. നിലവില്‍ 9.99 ലക്ഷം രൂപ മുതൽ 17.20 ലക്ഷം രൂപ വരെയായിരുന്നു ക്രെറ്റയുടെ വിവിധ വകഭേദങ്ങളുടെ എക്സ് ഷോറൂം വില. 

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഇൻലൈൻ-4 പെട്രോൾ എഞ്ചിന് പരമാവധി 115 bhp കരുത്തും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.
ഇത് പുതിയ E വേരിയന്റിലും ലഭ്യമാകും. പുതിയ ഡിസൈൻ ഭാഷ്യവും കൂടുതൽ പ്രീമിയം ഉപകരണ ലിസ്റ്റുമായി എത്തിയ ഇന്റീരിയറുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവിയിലേക്ക് ക്രെറ്റയെ എത്തിച്ചത്.

ഹ്യുണ്ടായി ഇന്ത്യ പെട്രോൾ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ 2020 ഹ്യുണ്ടായി ക്രെറ്റ മാരുതി എസ്-ക്രോസ്, റെനോ ഡസ്റ്റർ, നിസാൻ കിക്‌സ്, കിയ സെൽറ്റോസ് എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. 

2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് പുതിയ മോഡൽ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിനും.  രണ്ടാം തലമുറ ക്രെറ്റയുടെ വിപണിയിലെ കുതിപ്പ് തുടരുകയാണ്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള എസ്‍യുവിയായി മാറിയിരിക്കുകയാണ് ക്രെറ്റ.

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്‍ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

click me!