
ഇലക്ട്രിക്, ബാറ്ററി, വാഹനങ്ങള്‍ക്കായി പ്രത്യേകം ഉപ ബ്രാന്‍ഡ് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. അയോണിക് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ബ്രാന്‍ഡിന്‍റെ കീഴില്‍ പുതുതായി മൂന്ന് വാഹനങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ഹ്യുണ്ടായ് പ്രഖ്യാപിച്ചിട്ടുണ്ട്.
2025 ഓടെ 50 ലക്ഷത്തിലധികം പുതിയ ഇ.വികൾ വിപണിയിൽ ഇറക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഇതിനിടയിൽ 16 പുതിയ മോഡലുകകൾ അവതരിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം അയോണിക് എന്ന പേര് ഹ്യുണ്ടായ്ക്ക് പുതിയതല്ല, അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന ഹ്യുണ്ടായിയുടെ തന്നെ ഒരു സെഡാന് ഇതിനകം ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, ഓൾ-ഇലക്ട്രിക് രൂപങ്ങളിൽ അയോണിക് സെഡാൻ ലഭ്യമാണ്.
അയേണ്‍, യൂണിക് എന്നീ വാക്കുകളില്‍ നിന്നാണ് അയോണിക് എന്ന പേരുണ്ടാക്കിയത്. പ്രകൃതി സൗഹൃദമായുള്ള വാഹനങ്ങളുടെ ഗവേഷണമായിരിക്കും പ്രധാനമായി അയോണിക്കിന്റെ ഉത്തരവാദിത്വം. ഒരു ബോഡി ടൈപ്പില്‍ നിന്ന് ഇലക്ട്രിക് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് എന്നീ എന്‍ജിനുകളിലായിരിക്കും അയോണിക് വാഹനങ്ങളെത്തിക്കുക.
ഹ്യുണ്ടായുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ് (ഇ-ജിഎംപി) വാഹനങ്ങൾ നിർമിക്കുക. അതിവേഗ ചാർജിംഗിനും ദീർഘദൂര യാത്രക്കും വാഹനങ്ങളെ പ്രാപ്തമാക്കാൻ പുതിയ പ്ലാറ്റ്ഫോമിനാകും. നീളമുള്ള വീൽബേസ് ഒരു പ്രത്യേകതയാണ്. ഓരോ മോഡലിനും സ്മാർട്ട് ലിവിംഗ് റൂമുകൾ എന്ന് വിളിക്കാവുന്ന വിശാലമായ ഇൻറീരിയർ നൽകുമെന്നാണ് കമ്പനി പറയുന്നത്.
ലോകത്താകമാനം ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ശക്തമാകുന്ന സാഹചര്യത്തിലാണ് ഹ്യുണ്ടായിയുടെ ഈ ഉദ്യമം. അയോണിക് എന്ന ബ്രാന്റിന്റെ പിന്‍ബലത്തില്‍ ലോകത്തിലെ ഇലക്ട്രിക് വാഹനമേഖലയില്‍ ശക്തമായ സാന്നിധ്യമാകാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ മോഡലുകള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.