ഇന്ത്യയിലെ കാല്‍നൂറ്റാണ്ട്, ആഘോഷമാക്കാന്‍ ഹ്യുണ്ടായി

By Web TeamFirst Published Mar 2, 2021, 11:26 AM IST
Highlights

ഇന്ത്യയിലെ സാന്നിദ്ധ്യം 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സില്‍വര്‍ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ

ദില്ലി:  2021ല്‍ ഇന്ത്യയിലെ സാന്നിദ്ധ്യം 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സില്‍വര്‍ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ.
ആഗോള ഉല്‍പ്പാദനത്തിന്റെയും വാണിജ്യത്തിന്റെയും ഹൃദയമായി ഇന്ത്യയെ വിഭാവനം ചെയ്‍തുകൊണ്ട് 25 വര്‍ഷം മുമ്പ് രാജ്യത്ത് യാത്ര തുടങ്ങിയതാണ് ഹ്യുണ്ടായി എന്നും ഇന്ത്യന്‍ ഓട്ടോമോട്ടീവ്‌ വ്യവസായത്തിന്റെകൂട്ടായ നവീകരണത്തിലേക്ക് നയിക്കുന്ന സുസ്ഥിരവും സമ്പന്നവുമായ ഒരു ആവാസവ്യവസ്ഥ വികസിപ്പിച്ചുകൊണ്ട് ഇത്രയും മുന്നോട്ട് പോകാനായതില്‍ അഭിമാനമുണ്ടെന്നും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്.എസ്. കിം പറഞ്ഞു.  മാനവികതയുടെ പുരോഗതി എന്ന ആഗോള വീക്ഷണത്തിനു കീഴില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വിപണിയിലുടനീളം ആവേശം പടര്‍ത്തുന്നത് തുടരുമെന്നും സമൂഹത്തിന്റെ നന്മയ്ക്കായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യമേറിയ പുതു തലമുറയ്ക്ക് സ്മാര്‍ട്ട് മൊബിലിറ്റിസേവനങ്ങള്‍ പകര്‍ന്ന് ഇന്ത്യയുടെ ഏറ്റവും പ്രിയങ്കരവും വിശ്വസനീയവുമായ ഓട്ടോമോട്ടീവ് ബ്രാന്‍ഡാകുകയാണ് ലക്ഷ്യമെന്നും കിം കൂട്ടിചേര്‍ത്തു. 

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ഇരുങ്ങാട്ടുക്കോട്ടയില്‍ 1996 മെയ് 6നാആണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ആദ്യത്തെ ഉല്‍പ്പാദന യൂണിറ്റിന് അടിത്തറയിടുന്നത്. കഴിഞ്ഞ രണ്ടര ദശകത്തിനിടെ സൗകര്യം കൂടുതല്‍ ശക്തമാക്കി, മികവിന്റെ ഉല്‍പ്പാദന ഹബ്ബായി ഉയര്‍ന്നു, തിളങ്ങുന്ന ഇന്ത്യയുടെവികസന പ്രതീകമായി മാറി. 1998 സെപ്റ്റംബറില്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൊറിയയ്ക്കു പുറത്ത് കമ്മീഷന്‍ ചെയ്യുന്ന ഹ്യുണ്ടായുടെ ആദ്യ സംയോജിത കാര്‍ ഉല്‍പ്പാദന കേന്ദ്രമായിരുന്നു ഇത്.

തുടര്‍ന്ന് ഐതിഹാസിക 'ടോള്‍ബോയ്' എന്ന സാന്‍ട്രോ പുറത്തിറങ്ങി. എംപിഎഫ്‌ഐ എന്‍ജിനില്‍ ഇന്ത്യയിലെ ആദ്യ കാറായിരുന്നു സാന്‍ട്രോ. പിന്നീട് പ്രീമിയം ഹച്ച്ബാക്ക് വിഭാഗത്തില്‍ ഐ20 അവതരിപ്പിച്ചു. ഹ്യുണ്ടായി ഉപഭോക്തൃ അനുഭവങ്ങള്‍ പുനര്‍നിര്‍വചിക്കുകയായിരുന്നു. മൊബിലിറ്റി മികവില്‍ ഹ്യുണ്ടായി വീടുകളുടെ പ്രിയപ്പെട്ട നാമമായി. 2020ല്‍ വിപണി പങ്കാളിത്തം 17.4 ശതമാനമായി ഉയര്‍ന്നു. 2020ല്‍ 1,80,237 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇന്ത്യയിലെ ഒന്നാം നമ്പര്‍ എസ്‌യുവി ബ്രാന്‍ഡായി. ആകെയുണ്ടായ വില്‍പ്പന 9 ദശലക്ഷമാണ്. 4 ബില്ല്യന്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനിക്ക്. രാജ്യത്താകെ 1154  മൊത്തം വില്‍പ്പന ഔട്ട്‌ലെറ്റുകളുണ്ട്. 1298 സര്‍വീസ് ഔട്ട്‌ലെറ്റുകളും കമ്പനിക്കുണ്ട്. 

കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യന്‍ നിര്‍മിതം എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതായി ഹ്യുണ്ടായി വ്യക്തമാക്കുന്നു. 2020ല്‍ 3 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതിചെയ്‍ത് ഇന്ത്യയിലെ പ്രമുഖ കാര്‍ കയറ്റുമതി സ്ഥാപനം എന്ന സ്ഥാനം സ്വന്തമാക്കി.  കയറ്റുമതിയിലും വന്‍ വളര്‍ച്ചയുണ്ടായി.  88 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2008ല്‍ 5,00,000 ആയിരുന്നു കയറ്റുമതി. 2010ല്‍ ഇത് 10,00,000 ആയി. 2014ല്‍ കയറ്റുമതി 20,00,000വും തുടര്‍ന്ന് 2020ല്‍ 30,00,000 എന്നിങ്ങനെയാണ് കയറ്റുമതി കണക്കുകള്‍. 

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഉല്‍പ്പന്നം എത്തിക്കുന്ന ആത്യാധുനിക ഉല്‍പ്പാദന യൂണിറ്റുമായി ഹ്യുണ്ടായ്‌ മൊബിലിറ്റി അനുഭവം നവീകരിക്കുകയായിരുന്നു. പുതിയതും നൂതനവുമായ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ മറികടന്നുവെന്നും കമ്പനി പറയുന്നു. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് എസ്‌യുവി- 'കോണ ഇലക്ട്രിക്ക്', ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ കണക്റ്റഡ് എസ്‌യുവി- 'വെന്യു', ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ റീട്ടെയില്‍പ്രോഗ്രാം- ക്ലിക്ക് ടു ബൈ, ഇന്ത്യയിലെ ആദ്യ കസ്റ്റമര്‍ ഔട്ട്‌റീച്ച് പ്രോഗ്രാം- ഹ്യുണ്ടായ്‌മൊബിലിറ്റി മെമ്പര്‍ഷിപ്പ്, ഇന്ത്യയിലെ ആദ്യഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഐഎംടി ക്ലച്ച്-ഫ്രീ മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ കമ്പനി രാജ്യത്തിനു പരിചയപ്പെടുത്തിയ സാങ്കേതികവിദ്യകളുടെ പട്ടിക നീളുന്നു.  വെന്യു, പുതിയ ക്രെറ്റ, വെര്‍ണ, പുതിയ ഐ20, ഗ്രാന്‍ഡ് ഐ10 നിയോസ്, ഔറ എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്നത് ടര്‍ബോജിഡിഐ പെട്രോള്‍ എന്‍ജിനുകളാണ്.

ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിലും ഹ്യുണ്ടായി നവീകരണങ്ങള്‍ നടത്തി. 540 ഏക്കറിലുള്ള പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 7.5 ലക്ഷം യൂണിറ്റാണ്. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ നയത്തെ പിന്തുണച്ച് ഇവിടെ നിന്നും 9 ദശലക്ഷം കാറുകളാണ് പുറത്തിറക്കിയത്. മികവും മേധാവിത്വവും ഉറപ്പിച്ചുകൊണ്ടാണ് ഉല്‍പ്പാദന യൂണിറ്റുകള്‍ നിലകൊള്ളുന്നതെന്നും കമ്പനി പറയുന്നു. പൂജ്യം വേസ്റ്റേജ്, 100 ശതമാനം വാട്ടര്‍ സര്‍ക്കുലേഷന്‍ സൗകര്യം, മഴവെള്ള സംഭരണി സംവിധാനം തുടങ്ങിയവ പ്ലാന്റുകളിലുണ്ട്. 2021ല്‍ 85 ശതമാനം ഊര്‍ജ്ജവും പുനരുല്‍പ്പാദനം ചെയ്യാവുന്നതാകും. ഫാക്റ്ററിയുടെ 33 ശതമാനം ഭൗതിക വികസനവും ഹരിത കവറിനുള്ളിലുള്ളതാണ്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 14 ശതമാനം കാറുകളും പരിസ്ഥിതി സൗഹൃദ റെയില്‍ വഴിയാണ്‌ വിതരണം ചെയ്യുന്നതെന്നും ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നുവെന്നും കമ്പനി പറയുന്നു. സ്‍മാര്‍ട്ട് ഫാക്റ്ററിയില്‍ 650ലധികം നാലാം തലമുറ റോബോട്ടുകളെയാണ്‌ വിന്യസിച്ചിരിക്കുന്നത്.  കാര്‍ ഉല്‍പ്പാദനത്തിന് റോബോട്ടിക്ക് ഓട്ടോമേഷനില്‍ എഐ ഉപയോഗിക്കുന്നു. ഏറ്റവുംകൂടുതല്‍ യൂണിറ്റുകള്‍ ഒരു മാസം പുറത്തിറങ്ങിയത് 2020 ഡിസംബറില്‍ ആണ്. 71000 യൂണിറ്റുകള്‍.

മുന്‍നിരയിലുള്ള സ്‍മാര്‍ട്ട് മൊബിലിറ്റി ദാതാവ് എന്ന നിലയില്‍ എന്നും ഉപഭോക്തൃ അനുഭവം നവീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും പുതു തലമുറ ഉപഭോക്താക്കളുടെ ഉയര്‍ച്ചയോടെയുവതയുടെ അഭിലാഷങ്ങള്‍ക്കൊത്ത ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിക്കുന്നതെന്നും ഹ്യുണ്ടായ് വ്യക്തമാക്കുന്നു. ഉല്‍പ്പന്ന ശ്രേണിയിലെ മികവ് തുടര്‍ന്നും നിലനിര്‍ത്തുമെന്നും കമ്പനി ഉറപ്പു പറയുന്നു. 

click me!