ഇതാ ഹ്യുണ്ടായി ഉടമകള്‍ക്കൊരു സന്തോഷ വാര്‍ത്ത

By Web TeamFirst Published Aug 16, 2020, 4:11 PM IST
Highlights

ഇതോടെ കാര്‍ ഉടമകള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങളുടെ നിര ബ്രാന്‍ഡ് വിപുലീകരിച്ചു.

മൊബിലിറ്റി മെമ്പര്‍ഷിപ്പ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഇതോടെ കാര്‍ ഉടമകള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങളുടെ നിര ബ്രാന്‍ഡ് വിപുലീകരിച്ചു.

ഉപഭോക്താക്കളുടെ കാറിനും കാര്‍ ഇതര ആവശ്യങ്ങള്‍ക്കുമായി എക്സ്‌ക്ലൂസീവ് ആനുകൂല്യങ്ങള്‍ നല്‍കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് കമ്പനി പറയുന്നു. ഈ സേവനത്തിന്റെ ഭാഗമായി, നിര്‍മ്മാതാക്കള്‍ നിരവധി കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

നിലവില്‍ 20 വ്യത്യസ്ത പങ്കാളികളുണ്ട് ഈ പദ്ധതിയില്‍. കോര്‍, മൊബിലിറ്റി, ലൈഫ്‌സൈറ്റല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഹ്യുണ്ടായ് മൊബിലിറ്റി മെമ്പര്‍ഷിപ്പ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിക്ക് മെമ്പര്‍ഷിപ്പ് ഫീസില്ല എന്നതും ശ്രദ്ധേയമാണ്. 

വാഹന ആക്സസറികള്‍, ഇന്ധനം, ലൂബ്രിക്കന്റുകള്‍, ടയറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കോര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഹ്യുണ്ടായി MOBIS, ഷെല്‍, ജെകെ ടയര്‍ എന്നിവയുമായി സഹകരിച്ചാണ് ഈ ഓഫറുകള്‍ നല്‍കുന്നത്.

വാഹനം വാടകയ്ക്ക് കൊടുക്കല്‍, സബ്സ്‌ക്രിപ്ഷന്‍, റൈഡ്-ഹെയ്ലിംഗ്, ചീഫര്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഹ്യുണ്ടായി മൊബിലിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയ്ക്കായി, റെവ്, സൂംകാര്‍, ഡ്രൈവ് യു, സവാരി, ഏവിസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

ഗാന, Zee5, വേദാന്തു, സ്റ്റെര്‍ലിംഗ്, 1 എംജി, ഈസിഡിനര്‍, ചായോസ്, ഒയോ, ലെന്‍സ്‌കാര്‍ട്ട്, പോര്‍ട്രോണിക്സ്, ഹൗസ്ജോയ്, ഫിറ്റേണിറ്റി തുടങ്ങിയ കമ്പനികളുമായി സഹകരിച്ചുള്ള സേവനങ്ങളാണ് ലൈഫ്‌സൈറ്റല്‍ വിഭാഗത്തില്‍ വരുന്നത്. 

ഹ്യൂണ്ടായിയുടെ 'ഫ്യൂച്ചര്‍ റെഡി' ബിസിനസ് സ്ട്രാറ്റജിയുടെ കരുത്ത് വര്‍ധിപ്പിച്ച്, സമാനതകളില്ലാത്ത ഉടമസ്ഥാവകാശത്തിനും ജീവിതശൈലി അനുഭവത്തിനുമായിട്ടാണ് ഹ്യുണ്ടായി മൊബിലിറ്റി മെബര്‍ഷിപ്പ് എന്ന എക്‌സ്‌ക്ലൂസീവ് പ്രോഗ്രാം ഞങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്.എസ് കിം പറഞ്ഞു.

കൊവിഡ് 19 വൈറസ് വ്യാപന പശ്‍ചാത്തലത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍ കമ്പനികളിലൊന്നാണ് ഹ്യുണ്ടായി. കമ്പനിയുടെ ക്ലിക്ക് ടു ബൈ വില്‍പ്പന പ്ലാറ്റ്‌ഫോമിന് മികച്ച പിന്തുണയാണ് രാജ്യത്ത് ലഭിക്കുന്നത്. 

click me!