ഇന്നോവയും ടാറ്റയും ചിത്രത്തിലേയില്ല, മാരുതിയെയും മലര്‍ത്തിയടിച്ച് വെന്യു!

By Web TeamFirst Published Sep 20, 2019, 11:31 AM IST
Highlights

രാജ്യത്തെ കോംപാക്ട് എസ്‍യുവികളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹ്യുണ്ടായി വെന്യു

രാജ്യത്തെ കോംപാക്ട് എസ്‍യുവികളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഹ്യുണ്ടായി വെന്യു. 9,342 യൂണിറ്റുകളാണ് ഓഗസ്റ്റില്‍ നിരത്തിലെത്തിയത്. എര്‍ട്ടിഗയാണ് രണ്ടാം സ്ഥാനത്ത്. ബ്രെസ മൂന്നാം സ്ഥാനത്താണ്. 

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2019 മെയ് 21നാണ് വെന്യു എന്ന കോംപാക്ട് എസ്‍യുവിയെ വിപണയിലെത്തിക്കുന്നത്.  ജൂലൈയില്‍ 9,585 വെന്യുകള്‍ നിരത്തിലെത്തി. വെന്യുവിന്റെ 36,005 യൂണിറ്റാണ് ഇതുവരെ നിരത്തിലെത്തിയിരിക്കുന്നത്. 8,391 എര്‍ട്ടിഗകള്‍ ഓഗസ്റ്റില്‍ നിരത്തിലെത്തി. 7,109 ആണ് ബ്രെസയുടെ ആഗസ്റ്റിലെ വില്‍പ്പന.  

കഴിഞ്ഞ മാസം വിപണിയിലെത്തിയ കിയ സെല്‍റ്റോസും മികച്ച വില്‍പ്പന നേടി മുന്നേറുകയാണ്. 6,236 യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് വില്‍പ്പനയില്‍ നാലാമനാകാന്‍ സെല്‍റ്റോസിന് കഴിഞ്ഞു. അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടായിയുടെ ക്രേറ്റയാണ്. 6,001 ക്രേറ്റകള്‍ കഴിഞ്ഞ മാസം നിരത്തിലെത്തി. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഇന്നോവ, ബൊലേറോ, നെക്സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇത്തവണ ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടില്ല.

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയാണ് വെന്യു. 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. 

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍.  മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.

click me!