സ്വിഫ്റ്റ് പടിക്കുപുറത്ത്, ഇനി ആ കിരീടം ഹ്യുണ്ടായിയുടെ പടക്കുതിരക്ക്!

By Web TeamFirst Published Dec 26, 2019, 10:09 AM IST
Highlights

മാരുതി സുസുക്കി സ്വിഫ്റ്റിനെ മറികടന്നാണ് ഹ്യുണ്ടായ് വെന്യുവിന്‍റെ നേട്ടം

2020 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ്‌കോംപാക്റ്റ് എസ്‌യുവിയായ വെന്യു.

മാരുതി സുസുക്കി സ്വിഫ്റ്റിനെ മറികടന്നാണ് ഹ്യുണ്ടായ് വെന്യുവിന്‍റെ നേട്ടം. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് മാരുതി സുസുകി സ്വിഫ്റ്റ് ആയിരുന്നു.  വാഹനത്തിന്‍റെ നിര്‍മ്മാണ നിലവാരം, വില, ഇന്ധനക്ഷമത, സുരക്ഷ, പ്രകടനമികവ്, പ്രായോഗികത, ഇന്ത്യന്‍ നിരത്തുകളില്‍ ഓടിക്കുന്നതിനുള്ള അനുയോജ്യത,മുടക്കുന്ന പണത്തിന് അനുസരിച്ച മൂല്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 16 അംഗ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 

പുതുതായി വിപണിയിലെത്തിയ മറ്റ് പത്ത് കാറുകളില്‍നിന്നുള്ള കടുത്ത മല്‍സരം അതിജീവിച്ചാണ് ഹ്യുണ്ടായ് വെന്യു വിജയമുറപ്പിച്ചത്. കിയ സെല്‍റ്റോസ്, റെനോ ട്രൈബര്‍, ഹോണ്ട സിവിക്, മാരുതി സുസുക്കി എസ്-പ്രെസോ, എംജി ഹെക്ടര്‍, മാരുതി സുസുകി വാഗണ്‍ആര്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്, നിസാന്‍ കിക്‌സ്, ടാറ്റ ഹാരിയര്‍ എന്നീ പുതുമുഖങ്ങള്‍ക്കൊന്നും ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടാന്‍ കഴിഞ്ഞില്ല.

2019 മെയ് 21നാണ് വെന്യുവിനെ വിപണയിലെത്തിക്കുന്നത്.  വിപണിയിലും നിരത്തിലും കുതിച്ചുപായുകയാണ് വെന്യു. 6.50 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍.  മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍. 

ഹ്യുണ്ടായ് ഇന്ത്യ വില്‍പ്പന, വിപണന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ബ്രയാന്‍ ഡോംഗ് ഹുവി പാര്‍ക്ക് പുരസ്‌കാരം ഏറ്റുവാങ്ങി.

click me!