സ്വന്തം വണ്ടി ഭാര്യയോ മക്കളോ ഓടിച്ചാൽ പിടിവീഴുമോ, പിഴയടയ്ക്കണോ? ഗതാഗത മന്ത്രി ഗണേഷ് കുമാർ പറയുന്നത് കേൾക്കൂ...

Published : Dec 24, 2024, 03:35 PM IST
സ്വന്തം വണ്ടി ഭാര്യയോ മക്കളോ ഓടിച്ചാൽ പിടിവീഴുമോ, പിഴയടയ്ക്കണോ? ഗതാഗത മന്ത്രി ഗണേഷ് കുമാർ പറയുന്നത് കേൾക്കൂ...

Synopsis

പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വണ്ടി കൊടുത്താലാണ് പിടിവീഴുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുത്താൽ കേസെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത് ഭാര്യയുടെ വണ്ടി ഭർത്താവ് ഓടിച്ചാൽ അറസ്റ്റ് ചെയ്യുമെന്നല്ലെന്ന് മന്ത്രി പറഞ്ഞു. പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വണ്ടി കൊടുക്കുന്നതാണ് കുറ്റകരമെന്നും മന്ത്രി വ്യക്തമാക്കി.

ഭാര്യയ്ക്കും അനിയനും ചേട്ടനും സുഹൃത്തിനുമൊക്കെ വണ്ടിയോടിക്കാൻ കൊടുത്താൽ കേസെടുക്കില്ല. പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വണ്ടി കൊടുക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. പൈസ തരാനുള്ള ആളുടെ വണ്ടി പിടിച്ചുവച്ച ശേഷം ഓടിക്കാൻ കൊടുക്കുന്നതും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വായ്പ കൊടുത്തിട്ട് അടവ് മുടങ്ങിയാൽ വണ്ടി പിടിച്ചുവെയ്ക്കുന്ന പതിവുണ്ട് നാട്ടിൽ. എന്നിട്ട് ആ വണ്ടി  നാട്ടുകാർക്ക് മുഴുവൻ കൊടുക്കും. അതിൽ ചാരായവും കഞ്ചാവുമൊക്കെ കടത്തും. അത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ വിശദീകരിച്ചു. 

റെന്‍റ് എ കാബ് നടത്താനുള്ള സൌകര്യം നാട്ടിലുണ്ട്. രജിസ്റ്റർ ചെയ്ത് ബോർഡ് വച്ചിട്ട് ആർക്ക് വേണമെങ്കിലും നടത്താം. നികുതി അടച്ചാണ് ഡ്രൈവർമാർ ടാക്സി ഓടിക്കുന്നത്. അവരുടെ വയറ്റത്തടിച്ച് നിയമവിരുദ്ധമായ രീതിയിൽ വണ്ടികൾ വാടകയ്ക്ക് കൊടുക്കുന്നത് തെറ്റാണ്. ആലപ്പുഴയിൽ എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ, വണ്ടി വാടകയ്ക്ക് കൊടുത്തത് തെറ്റ് തന്നെയാണെന്നും മന്ത്രി വിശദീകരിച്ചു. 

സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്ക് നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വിശദീകരിച്ചിരുന്നു. അനധികൃതമായി വാടകയ്ക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.

വാഹന ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെതന്നെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യ ഘട്ടങ്ങളിൽ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും തെറ്റില്ല. എന്നാൽ സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നൽകുന്നത് ശിക്ഷാർഹമാണെന്ന് എംവിഡി വിശദീകരിച്ചു.

സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ്  എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനായി ലൈസൻസിന് അപേക്ഷിക്കാം. അതുപോലെ മോട്ടോർ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതിനായി റെന്‍റ് എ മോട്ടോർസൈക്കിൾ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും നിയമപ്രകാരം അനുവദനീയമാണ് . റെന്റ് എ മോട്ടോർസൈക്കിൾ സ്കീമിൽ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച് മോട്ടോർസൈക്കിളുകൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത്തരം വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമിൽ ഉൾപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ ആണ് പ്രദർശിപ്പിക്കുന്നതെന്നും എംവിഡി അറിയിച്ചു.

ഡിജിറ്റൽ ലൈസൻസിന് 200 രൂപ ഫീസെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി, ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡൗൺലോഡ് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം