മാസ്‍കിടാത്തവരാലും ടിക്കറ്റില്ലാത്തവരാലും റെയില്‍വേയ്ക്ക് പിഴയായി കിട്ടിയത് കോടികള്‍!

By Web TeamFirst Published Oct 14, 2021, 6:52 PM IST
Highlights

മാസ്‌ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും കൊവിഡ് കാലത്ത് യാത്രചെയ്‍തവര്‍ കാരണം ഇന്ത്യന്‍ റെയില്‍വേയ്ക്ക് വമ്പന്‍നേട്ടം

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും കൊവിഡ് കാലത്ത് യാത്രചെയ്‍തവര്‍ കാരണം ഇന്ത്യന്‍ റെയില്‍വേയ്ക്ക് (Indian Railways) വമ്പന്‍നേട്ടം. ഇത്തരം യാത്രക്കാരില്‍ നിന്നായി ദക്ഷിണ റെയിൽവേ (Southern railways) 1.62 കോടി രൂപ പിഴ ഈടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്‌ക് ഒഴിവാക്കി യാത്രചെയ്‍ത 32,624 പേരെയാണ് പിടികൂടിയതെന്നാണ് കണക്കുകള്‍. 

മാത്രമല്ല, 2021 ഏപ്രിൽ മുതൽ 12 ഒക്ടോബർവരെ ടിക്കറ്റ് ഇല്ലാതെ യാത്രചെയ്‍തവരിൽ നിന്നായി 35.47 കോടി രൂപ പിഴ ഈടാക്കി എന്നും കണക്കുകള്‍ പറയുന്നു. 7.12 ലക്ഷം പേരെയാണ് പിടികൂടിയത്. ചെന്നൈ ഡിവിഷൻ 12.78 കോടി രൂപയും തിരുവനന്തപുരം ഡിവിഷൻ 6.05 കോടി രൂപയും പാലക്കാട് ഡിവിഷൻ 5.52 കോടി രൂപയും പിഴ ഈടാക്കി.  മധുര, സേലം, തിരുച്ചിറപ്പള്ളി ഡിവിഷനുകളിൽ നിന്നായി യഥാക്രമം 4.16 കോടി, 4.15 കോടി, 2.81 കോടി എന്നിങ്ങനെ തുക പിഴ ഇനത്തിൽ ലഭിച്ചു.  കോവിഡ് കാലത്ത് റിസർവേഷൻ ട്രെയിനുകൾ മാത്രം സർവീസ് നടത്തിയപ്പോഴും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  ടിക്കറ്റില്ലാ യാത്രയ്ക്കു പുറമെ, കൃത്യമായ ടിക്കറ്റ് എടുക്കാതിരിക്കുക, ബുക് ചെയ്യാതെ ലഗേജ് കൊണ്ടു പോകുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. ആറു മാസത്തിനിടെ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത ദിവസം ഒക്ടോബർ 12 ആണെന്ന അധികൃതര്‍ പറയുന്നു. ഒറ്റ ദിവസം കൊണ്ടു 37 ലക്ഷം രൂപയാണു ഈ ദിവസം പിഴയായി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കോവിഡ് സാഹചര്യം പരിഗണിച്ച് ഏറെക്കാലം റിസർവേഷൻ ഇല്ലാത്ത ട്രെയിനുകളുടെ സർവീസ് റെയിൽവേ നിർത്തിയിരുന്നു. ജൂൺ മുതൽ ഏതാനും അൺ റിസർവ്ഡ് ട്രെയിനുകളുടെ സർവീസ് പുനഃരാരംഭിച്ചിട്ടുണ്ട്. റിസർവേഷൻ ഉള്ളതും ഇല്ലാത്തതുമായ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധന കർശനമാക്കിയതോടെയാണു നിയമലംഘനങ്ങൾ കണ്ടെത്തുന്നതു വർധിച്ചത്. 

അതേസമയം അടുത്തിടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രവണത ബുക്ക് ചെയ്യാതെ റിസർവ് ചെയ്ത കോച്ചുകളിൽ കയറുന്നതും ടിക്കറ്റ് പരിശോധിക്കാൻ എത്തുമ്പോൾ പിഴ അടയ്ക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതുമാണെന്നും അധികൃതര്‍ പറയുന്നു.  പരിശോധന ശക്തമാക്കിയ ശേഷമാണ് കുറ്റകൃത്യങ്ങൾ കൂടുതൽ കണ്ടെത്താൻ തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. കൂടാതെ ട്രെയിനുകളിലെ മോഷണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും നടപടിയെടുക്കാൻ അധികൃതരെ നിർബന്ധിതരാക്കി.

ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിൽ കേരളം, തമിഴ്‍നാട്, കർണ്ണാടകത്തിലെ മംഗലാപുരം പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു. ദക്ഷിണ റെയിൽവേയിൽ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് റെയിൽവേ ഡിവിഷനുകളാണുള്ളത്. 

click me!