Latest Videos

'ഇലക്ഷന്‍ അര്‍ജന്‍റ്' ബോര്‍ഡുമായി ഒരു ഇന്നോവ, ലോറിയില്‍ നിന്നും കവര്‍ന്നത് 94 ലക്ഷം!

By Web TeamFirst Published Mar 24, 2021, 8:59 AM IST
Highlights

റോഡരികില്‍ കിടന്നിരുന്ന ഒരു ഇന്നോവ കാര്‍ ലോറിയുടെ അരികിലെത്തി. 'ഇലക്ഷന്‍ അര്‍ജന്റ്' എന്ന സ്റ്റിക്കര്‍ ഇന്നോവയില്‍ പതിച്ചിരുന്നു.

തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ചമഞ്ഞ് ഇന്നോവയില്‍ എത്തിയ സംഘം ചരക്കുലോറി തടഞ്ഞു നിര്‍ത്തി 94 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ദുരൂഹതയേറുന്നു. ഒല്ലൂരില്‍ ദേശീയപാതയില്‍ കുട്ടനെല്ലൂരിന് സമീപമാണ് സംഭവം.  

മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്‍റെ ലോറിയിലാണ് കവര്‍ച്ച നടന്നത്.  സംഭവത്തെക്കുറിച്ച് ലോറി ജീവനക്കാര്‍ പറയുന്നത് ഇങ്ങനെ. കോയമ്പത്തൂരില്‍നിന്ന് പച്ചക്കറിയുമായി മടങ്ങുകയായിരുന്നു ലോറി. ഡ്രൈവര്‍ കുമാറും സഹായി നിയാസുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പഴയ സ്വര്‍ണത്തിന്റെ ബിസിനസുകളുണ്ട് ലോറി ഉടമയ്ക്ക്. തമിഴ്‌നാട്ടില്‍ കുറെ പഴയ സ്വര്‍ണം വിറ്റുകിട്ടിയ പണമാണ് ലോറിയിലുണ്ടായിരുന്നത്. ഇത് ചാക്കിലാക്കി പച്ചക്കറി ലോഡിനൊപ്പമാണ് സൂക്ഷിച്ചിരുന്നത്. 

പൂലര്‍ച്ചെ ലോറി കുട്ടനെല്ലൂര്‍ കഴിഞ്ഞയുടന്‍ റോഡരികില്‍ കിടന്നിരുന്ന ഒരു ഇന്നോവ കാര്‍ ലോറിയുടെ അരികിലെത്തി. കാറിലുള്ള ആറു പേര്‍ ഇറങ്ങി ലോറിക്ക് കൈ കാണിച്ചു. 'ഇലക്ഷന്‍ അര്‍ജന്റ്' എന്ന സ്റ്റിക്കര്‍ ഇന്നോവയില്‍ പതിച്ചിരുന്നു. ലോറി നിര്‍ത്തിയപ്പോള്‍ ജീവനക്കാരെ ലോറിയില്‍ നിന്നിറക്കിയ സംഘം ഇതേ കാറില്‍ കയറ്റിക്കൊണ്ടുപോയി.

പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് ഇവരെ ലോറിയുടെ അരികില്‍ തിരികെ കൊണ്ടാക്കിയ ശേഷം സംഘം സ്ഥലം വിട്ടു. തുടര്‍ന്ന് ജീവനക്കാര്‍ ലോറിയുടെ പിന്നില്‍ കയറി പരിശോധിച്ചപ്പോഴാണ് പണം നഷ്‍ടമായതായി അറിയുന്നത്. പിന്നീട് ഇവര്‍ ലോറിയുമായി മൂവാറ്റുപുഴയില്‍ എത്തിയ ശേഷമാണ് ലോറിയുടമ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

എന്നാല്‍ സംഭവത്തില്‍ പൊലീസിന് ചില സംശയങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വാഹനം തടഞ്ഞു നിര്‍ത്തി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന രീതിയിലല്ല മറിച്ച്, ലാഘവത്തോടെയാണ് ഇന്നോവയിലെത്തിയവരുടെ പെരുമാറ്റമെന്ന് പൊലീസ് പറയുന്നു.  ഇങ്ങനെ പണം കൊണ്ടുവരുന്നതിനെപ്പറ്റി മറ്റുലോറി ജീവനക്കാര്‍ക്കും അറിവുള്ളതായി ജീവനക്കാര്‍ സൂചിപ്പിച്ചതും സംശയത്തിനിടയാക്കുന്നുണ്ട്. മാത്രമല്ല കവര്‍ച്ച നടന്നതറിഞ്ഞിട്ടും അടുത്ത സ്റ്റേഷനില്‍ വിവരമറിയിക്കാതെ മൂവാറ്റുപുഴ വരെ പോയതും പിന്നീട് തിരിച്ചെത്തി പരാതി നല്‍കിയതിലും പൊലീസിന് സംശയമുണ്ട്. സംഭവം നടന്ന സ്ഥലത്തിനടുത്ത സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!